Advertisement

ഏഷ്യാ കപ്പിനു ശേഷം ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പര; ഇന്ത്യക്കായി യുവനിര കളിച്ചേക്കുമെന്ന് സൂചന

August 30, 2022
Google News 1 minute Read

ഏഷ്യാ കപ്പിനു ശേഷമുള്ള ഏകദിന പരമ്പരയിൽ ഇന്ത്യക്കായി യുവനിര കളിച്ചേക്കുമെന്ന് സൂചന. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകി ശിഖർ ധവാൻ്റെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങുമെന്നാണ് റിപ്പോർട്ട്. കെഎൽ രാഹുലും പരമ്പരയിൽ കളിച്ചേക്കില്ല. ടി-20 ലോകകപ്പ് പരിഗണിച്ച് രാഹുലിനും വിശ്രമം നൽകുമെന്നാണ് സൂചന. സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിൽ രാഹുൽ കളിച്ചിരുന്നെങ്കിലും താരത്തിന് ഫോം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പാകിസ്താനെതിരായ ആദ്യ ഏഷ്യാ കപ്പ് മത്സരത്തിലും റണ്ണൊന്നുമെടുക്കാനാവാതെ രാഹുൽ പുറത്തായി.

അതേസമയം, ഏഷ്യാ കപ്പിൽ ഇന്ന് അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ നേരിടും. ശ്രീലങ്കയെ തകർത്തെറിഞ്ഞ് ആദ്യ ജയം സ്വന്തമാക്കിയ അഫ്ഗാനിസ്ഥാൻ ഇന്ന് കൂടി വിജയിച്ച് സൂപ്പർ ഫോറിൽ പ്രവേശിക്കുകയെന്ന ലക്ഷ്യത്തോടെയാവും ഇറങ്ങുക. അതേസമയം, ജയത്തോടെ ഏഷ്യാ കപ്പ് ക്യാമ്പയിൻ ആരംഭിക്കുകയാവും ബംഗ്ലാദേശിൻ്റെ ലക്ഷ്യം.

ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോൽപിച്ചു എന്നതിനപ്പുറം അഫ്ഗാനിസ്ഥാൻ്റെ വിജയം വളരെ ആധികാരികമായിരുന്നു എന്നതാണ് ശ്രദ്ധേയം. ശ്രീലങ്കയെ 105 റൺസിന് എറിഞ്ഞിട്ട അഫ്ഗാൻ വെറും 10.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഒരുപോലെ മികച്ചുനിന്ന അവർ പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചുകൂട്ടിയത് 83 റൺസാണ്. ബൗളിംഗിൽ അവരുടെ പ്രധാന ബൗളർ റാഷിദ് ഖാൻ ഒരു വിക്കറ്റ് പോലും വീഴ്ത്തിയില്ലെന്നതും ശ്രദ്ധേയമാണ്. എന്നിട്ടും ശ്രീലങ്കയെ ഓൾഔട്ടാക്കാൻ അഫ്ഗാനു സാധിച്ചു.

മറുവശത്ത് ഷാക്കിബുൽ ഹസൻ്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ഇതുവരെ ടി-20യിൽ അത്ര മികച്ച പ്രകടനങ്ങളല്ല നടത്തിയിട്ടുള്ളത്. ടി-20യ്ക്ക് പറ്റിയ താരങ്ങൾ ബംഗ്ലാദേശിൽ കുറവാണ്. അത് അവർക്ക് വലിയ തിരിച്ചടിയാവും. അഫ്ഗാനിസ്ഥാനെതിരെ 9 മത്സരങ്ങൾ കളിച്ച ബംഗ്ലാദേശ് വെറും 3 മത്സരങ്ങളിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ. അഫ്ഗാൻ്റെ ഓപ്പണർമാരെ വേഗം പുറത്താക്കുക മാത്രമാണ് ബംഗ്ലാദേശിനു വിജയിക്കാനുള്ള ഏക മാർഗം.

Story Highlights: india team south africa odi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here