വിവാഹ പക; വധൂവരന്മാർ വന്ന വാഹനം പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിച്ചു

തേനിയിൽ പ്രണയവിവാഹത്തെ തുടർന്ന് രോഷാകുലനായ പെൺകുട്ടിയുടെ സഹോദരൻ വധൂവരന്മാർ വന്ന വാഹനം പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിച്ചു. തേനി ജില്ലയിലെ ചിന്നമന്നൂർ സ്റ്റേഷനു മുന്നിലാണ് സംഭവം. പ്രണയ വിവാഹത്തെ തുടർന്ന് വധൂവരന്മാരും ബന്ധുക്കളുമായി സ്റ്റേഷനിൽ ചർച്ച നടക്കുന്നതിനിടെയാണ് യുവതിയുടെ സഹോദരൻ വാഹനം പെട്രോൾ ഒഴിച്ച് തീയിട്ടത്.
ചിന്നമന്നൂർ തേരടി തെരുവിൽ പാണ്ടിയുടെ മകൾ മല്ലികയും(24) മുറച്ചെറുക്കൻ ദിനേഷ് കുമാറും ( 28) പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹത്തിന് വീട്ടുകാർ എതിരായതോടെ ബന്ധുക്കളിൽ ചിലരുടെ സഹായത്തോടെ ഇവർ വീരപാണ്ടി ക്ഷേത്രത്തിൽ വിവാഹിതരായി.
ബന്ധുക്കളെത്തി പ്രശ്നം ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഇരുവരും വിവാഹശേഷം ചിന്നമന്നൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടി. പൊലീസ് ഇരുവരുടെയും ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സംസാരിക്കുന്നതിനിടെയാണ് പുറത്തിറങ്ങിയ മല്ലികയുടെ സഹോദരൻ നല്ല പെരുമാൾ (26) സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട സ്കോർപിയോ കാർ പെട്രോൾ ഒഴിച്ച് കത്തിച്ചത്. സ്ഥലം വിട്ട നല്ല പെരുമാളിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
Story Highlights: vehicle of the bride and groom was burnt in front of the police station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here