Advertisement

നല്ല എഴുത്തിനു വേണ്ടത് വാത്സല്യം: വി.മധുസൂദനൻ നായർ

August 31, 2022
2 minutes Read

എഴുത്തിൽ ആദ്യമായും അവസാനമായും വേണ്ടത് വാത്സല്യമാണെന്ന് കവി വി.മധുസൂദനൻ നായർ. വൈലോപ്പിള്ളി സംസ്‌കൃതി ഭവനും പട്ടികവർഗ വികസന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഗോത്ര വിഭാഗത്തിലെ സാഹിത്യകാരന്മാരുടെ പുരോഗമന, സർഗാത്മക, സാഹിത്യ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രപഞ്ചം എല്ലാവരുടേതുമാണ് എന്ന ഉദാത്തമായ ബോധം എഴുത്തുകാരന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. നല്ല എഴുത്തുകാരന് അനുഭവത്തിലൂടെ സമൂഹത്തിന്റെ ഓരോ ഹൃദയതാളവും വിവേചിച്ചറിയാനുള്ള കഴിവുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഉയരും ഞാൻ നാടാകെ’ എന്ന പേരിൽ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ സംഘടിപ്പിക്കുന്ന ക്യാംപിൽ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അശോകൻ മറയൂരും സാഹിത്യ അക്കാദമി അംഗം സുകുമാരൻ ചാലിഗദ്ദയും അടക്കം ഗോത്ര വിഭാഗക്കാരായ 35ഓളം സാഹിത്യകാരന്മാരാണ് പങ്കെടുക്കുന്നത്. സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്.പ്രദീപ് ഉദ്ഘാടനചടങ്ങിൽ അധ്യക്ഷനായി. തുടർന്നു നടന്ന ശില്പശാലയിൽ ദൃശ്യ മാധ്യമ രംഗത്തെ ദളിത്, ആദിവാസി കൈയ്യൊപ്പ് എന്ന വിഷയത്തിൽ കൈരളി ടിവി അസോസിയേറ്റ് ന്യൂസ് എഡിറ്റർ കെ രാജേന്ദ്രനും എഴുത്തിന്റെ ദർശനം എന്ന വിഷയത്തിൽ കവിയും കഥാകൃത്തുമായ മഞ്ജു വൈഖരിയും സംസാരിച്ചു. വൈകുന്നേരം സംഘടിപ്പിച്ച ക്യാംപ് ഫയറിന് കവിയും അവതാരകനുമായ ഗിരീഷ് പുലിയൂരും നാടൻപാട്ട് കലാകാരൻ ജയചന്ദ്രൻ കടമ്പനാടും നേതൃത്വം നൽകി.

ക്യാമ്പിന്റെ രണ്ടാം ദിവസമായ നാളെ രാവിലത്തെ സെഷനിൽ കഥയെഴുത്തിന്റെ ശാസ്ത്രം എന്ന വിഷയത്തിൽ കഥാകാരി കെ.എ.ബീനയും പത്രപ്രവർത്തനം, സത്യാനന്തര കാലഘട്ടത്തിൽ എന്ന വിഷയത്തിൽ കൈരളി ടിവി ന്യൂസ് എഡിറ്റർ എൻ.പി.ചന്ദ്രശേഖരനും കവിതയുടെ കൈവഴികൾ എന്ന വിഷയത്തിൽ ശ്രീജിത്ത് അരിയല്ലൂരും സംസാരിക്കും. ഉച്ചയ്ക്ക് ശേഷം സിനിമ, കഥയും തിരക്കഥയും എന്ന വിഷയത്തിൽ സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനും സിനിമാ പ്രവർത്തകനുമായ മധുപാലും നർമ്മത്തിന്റെ തലങ്ങൾ എന്ന വിഷയത്തിൽ ഹാസ്യ സാഹിത്യകാരൻ കൃഷ്ണ പൂജപ്പുരയും സംസാരിക്കും. സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ.വാസവൻ വിശിഷ്ട സാന്നിധ്യമാകും. വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം വട്ടിയൂർക്കാവ് എംഎൽഎ അഡ്വ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ് അധ്യക്ഷനാകും. പട്ടികവർഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ പി. വാണി ദാസ് ആശംസയറിയിച്ചു സംസാരിക്കും. സംസ്‌കൃതി ഭവൻ സെക്രട്ടറി പ്രിയദർശനൻ.പി.എസ്, ആനി ജോൺസൺ തുടങ്ങിയവർ പങ്കെടുക്കും.

Story Highlights: Good writing requires affection: v madhusoodanan nair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top