Advertisement

സിപിഐയിലെ തിരുമേനിമാരും ചാക്കോച്ചിമാരും, ഇതുവരെ പുകഞ്ഞുതീരാത്ത വര്‍ഗ-ലിംഗ പ്രതിസന്ധികള്‍

September 2, 2022
Google News 2 minutes Read
crisis in cpi column by Anoop Parameswaran

ഗൗരിയമ്മയ്ക്കു കഴിയാത്തത് ബിജിമോള്‍ക്ക് സാധിക്കണമെങ്കില്‍ കേരളത്തിന്റെ ഈ ഘടന തന്നെ മാറണം. ഇനി ബിജിമോള്‍ പറഞ്ഞതുപോലെ സാക്ഷാല്‍ ചാക്കോച്ചിയായി മാറിയാലും അച്ചിയെന്നു വിളിച്ച് അടിച്ചിരുത്തി കളയും സമത്വാധിഷ്ടിത പാര്‍ട്ടിയെന്നു പറയുന്ന സിപിഐ പോലും.

‘നിങ്ങളെന്നെ കള്ളനാക്കിയില്ലേ തിരുമേനി’ എന്ന് പ്രശസ്തമായി ചോദിച്ചത് എംഎന്‍ ഗോവിന്ദന്‍ നായരാണ്; 1969ല്‍. ‘സ്ത്രീപക്ഷ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഇത്തിരി ഔട്ട്സ്പോക്കണാകും തിരുമേനിമാരേ’ എന്ന് ഇ എസ് ബിജിമോള്‍ 2022ല്‍ പറയുമ്പോള്‍ രണ്ടും രണ്ടു തലമല്ലേ എന്നു തോന്നാം. അങ്ങനെയല്ല. രണ്ടും കീഴ്പ്പെടല്‍ തന്നെയാണ്.

എംഎന്‍ ഗോവിന്ദന്‍ നായര്‍ മുഖ്യമന്ത്രി ഇഎംഎസിനെ തിരുമേനി എന്നു വിളിച്ച് എഴുന്നേറ്റത് കേരള നിയമസഭയിലാണ്. 1967ലെ സപ്തകക്ഷി സര്‍ക്കാരില്‍ സിപിഐഎം മന്ത്രിമാര്‍ക്കെതിരേ സിപിഐ അഴിമതി ആരോപണം ഉന്നയിച്ചു. ഇഎംഎസ് അന്വേഷണം പ്രഖ്യാപിച്ചു. സ്വന്തം പാര്‍ട്ടിയിലെ മന്ത്രിമാര്‍ക്ക് എതിരേ മാത്രമല്ല സിപിഐയിലെ എംഎന്‍ എന്ന വൈദ്യുതി മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കേതിരേ കൂടി ആയിരുന്നു അന്വേഷണം. അന്നത്തെ എംഎന്നിന്റെ ചോദ്യത്തിലുണ്ട് സിപിഐഎമ്മിനോളം വളര്‍ന്നിട്ടില്ലെന്ന സിപിഐയുടെ തോന്നലും കീഴ്പ്പെടലും. എംഎന്നിന്റെ ചോദ്യത്തിനു പിന്നാലെ സര്‍ക്കാര്‍ വീണു. പിന്നെ ഏഴര വര്‍ഷത്തോളം കേരളം ഭരിച്ചതു സിപിഐ ആണെങ്കിലും തിരുമേനി വിളിയിലെ മുട്ടുകുത്തി കൈമുത്തല്‍ 1980ല്‍ സാഷ്ടാംഗ നമസ്‌കാരമാകുന്ന നിലയിലേക്കെത്തി.

സമത്വാധിഷ്ടിത പാര്‍ട്ടിയിലെ തിരുമേനിമാര്‍

സിപിഐപോലെ ഒരു സമത്വാധിഷ്ടിത പാര്‍ട്ടിയില്‍ ചില തിരുമേനിമാര്‍ ഉണ്ടെന്ന തുറന്നു പറച്ചിലാണ് ഇ എസ് ബിജിമോള്‍ നടത്തുന്നത്. ‘ഇവര്‍ക്കിത് എന്തിന്റേ കേടാണ്, മൂന്നുവട്ടം എംഎല്‍എ ആയതല്ലേ’ എന്നു ചോദിക്കുന്ന കൊച്ചുതിരുമേനിമാരുടെ നീതിബോധം കൊണ്ടു നിറഞ്ഞിരിക്കുകയാണ് ആ പാര്‍ട്ടിയും എന്ന് വ്യക്തമാക്കുന്നതാണ് എതിര്‍സ്ഥാനാര്‍ത്ഥിക്കു കിട്ടിയ 43 വോട്ട്.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കൊണ്ടുവന്ന സ്ഥാനാര്‍ത്ഥിയാണ് ഇ എസ് ബിജിമോള്‍. വനിതയായ ബിജിമോളെ ജില്ലാ സെക്രട്ടറി ആക്കണമെന്ന് സമ്മേളനത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത് കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രനാണ്. എന്നിട്ടും ബിജിമോള്‍ക്കു കിട്ടിയത് ഏഴ് വോട്ടാണ്. സാധാരണ സമ്മേളനത്തിനുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകുമ്പോള്‍ അങ്ങനെ ഒന്നുമുണ്ടായില്ലെന്നു പറഞ്ഞുപോകുന്നവരാണ് തോറ്റവരും ജയിച്ചവരും. ഇവിടെ പന്ന്യന്‍ പറഞ്ഞതും നടന്ന കാര്യങ്ങളും ഫേസ്ബുക്കില്‍ എഴുതിയിട്ടു ബിജിമോള്‍. ഉള്‍പ്പാര്‍ട്ടി തര്‍ക്കത്തിന് സാധാരണ കോണ്‍ഗ്രസില്‍ നിന്നു മാത്രം കിട്ടാറുള്ള തെളിവാണ് ബിജിമോള്‍ എടുത്തു പൗരന്മാരുടെ മുന്നില്‍ ഇട്ടത്.

‘പുരുഷകേന്ദ്രീകൃതമായ ആ കൊക്കൂണില്‍ തൊട്ടതോടെ എനിക്കു നേരേ ഉണ്ടായ അധിക്ഷേപം വിവരണാതീതമാണ്. എന്നെ അപമാനിക്കാന്‍ ശ്രമിച്ച ആദര്‍ശ രാഷ്ട്രീയവക്താക്കളുടെ നെറികേട് ഒരു ദുരനുഭവമായി എന്നെ വേട്ടയാടും. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുന്നവര്‍ ഏതു പൊന്നു തമ്പുരാന്‍ ആണെങ്കിലും അവരോട് എനിക്ക് ആനക്കോട്ടില്‍ ഈപ്പച്ചന്റെ ഡയലോഗില്‍ പറഞ്ഞാല്‍ ഇറവറന്‍സാണ്. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുമ്പോള്‍ ഇത്തിരി ഔട്ട് സ്പോക്കണാകും തിരുമേനിമാരെ. ഇതു ജനുസ്സു വേറേയാണ്.’

തിരുമേനിമാരേ നേരിടാന്‍ സ്പിരിറ്റ് കച്ചവടക്കാരന്‍ ആനക്കോട്ടില്‍ ചാക്കോച്ചിയുടെ വേഷവും ഭാഷയും എടുത്തണിയുകയാണോ വേണ്ടത് എന്ന ധാര്‍മികതാ ചോദ്യത്തിലൊന്നും അര്‍ത്ഥമില്ല. സിപിഐയില്‍ ഇപ്പോള്‍ നടക്കുന്ന അധികാരപ്പോരില്‍ സ്ത്രീ ആയതുകൊണ്ടു മാത്രം മല്‍സരിക്കാന്‍ അവസരം കിട്ടിയ ആളാണ് ബിജിമോള്‍. ഇടുക്കിയില്‍ ബഹുഭൂരിപക്ഷമുള്ള മറുപക്ഷത്തെ തോല്‍പിക്കാന്‍ ബിജിമോളുടെ സ്ത്രീ സ്വത്വം കൊണ്ടു കഴിയുമോ എന്ന് മാറ്റുരച്ചു നോക്കിയതാണ് കാനം പക്ഷം. അത് അതിദയനീയമായി പരാജയപ്പെട്ടതിനെ സ്ത്രീ വിരുദ്ധത എന്നൊന്നുമല്ല വിളിക്കേണ്ടത്. സ്ത്രീയെ ജില്ലാ സെക്രട്ടറി ആക്കാന്‍ ആയിരുന്നെങ്കില്‍ സംസ്ഥാന സെക്രട്ടറിക്കൊപ്പമുള്ളവര്‍ക്കു മൃഗീയ ഭൂരിപക്ഷം ഉള്ള എത്ര ജില്ലകള്‍ വേറേ ഉണ്ട്. അവിടെയൊന്നും എന്തുകൊണ്ട് ഒരു സ്ത്രീയുടെ പേര് മുന്നോട്ടു വച്ചില്ല?

കാനം മുതല്‍ ഇസ്മാഈല്‍ വരെ

സിപിഐയില്‍ കാനം പക്ഷവും ഇസ്മാഈല്‍ പക്ഷവും തമ്മിലുള്ള മല്‍സരമാണെന്നതൊക്കെ മിഥ്യയാണ്. കാനത്തോട് എതിര്‍പ്പുള്ളവരെ എല്ലാം ഇസ്മാഈലിന്റെ പക്ഷത്തു കൊണ്ടുപോയി നിര്‍ത്തുന്നത് തന്നെ ചരിത്രവിരുദ്ധമാണ്. സിപിഐയില്‍ ഇപ്പോള്‍ നടക്കുന്നത് 1964 മുതല്‍ തീര്‍പ്പില്ലാതെ തുടരുന്ന, സ്വന്തം പ്രത്യയശാസ്ത്ര അടിത്തറ കണ്ടെത്താനുള്ള, ആ ശ്രമമാണ്. കേരളം വിട്ടാല്‍ സിപിഐക്കും സിപിഐഎമ്മിനും ഇപ്പോള്‍ പ്രത്യയശാസ്ത്രപരമായും സംഘടനാ സംവിധാനം അനുസരിച്ചും വലിയ അന്തരമില്ല.

ഡി രാജയേയും ആനി രാജയേയും പോലെ തന്നെയാണ് സീതാറാം യച്ചൂരിയും ബൃന്ദാ കാരാട്ടും പ്രശ്നങ്ങളോട് ഇടപെടുന്നത്. എ ബി ബര്‍ദ്ദനും ഇന്ദ്രജിത് ഗുപ്തയുമൊക്കെ പുലര്‍ത്തിയ നിലപാടുകളില്‍ നിന്ന് ഇന്നത്തെ സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനും ഒന്നും അന്തരവുമില്ല. രണ്ടുപേരിലായി ഏറെക്കുറെ ഒരേ നിലപാടുകളുമായി തുടരുന്ന പാര്‍ട്ടിയാണ് ഇന്ന് സിപിഐയും സിപിഐഎമ്മും. 1964ല്‍ ഇറങ്ങിപ്പോന്ന ദേശീയ കൗണ്‍സിലിലേക്ക് 2024ലെ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ തിരിച്ചുകയറാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലാത്ത സ്ഥിതി.

കേരളത്തിലെ സിപിഐയും സിപിഐഎമ്മും എന്നും രണ്ടു തലത്തിലായിരുന്നു. പ്രത്യയശാസ്ത്രപരമായി സമാധാന കാംക്ഷികളായിരുന്നു സിപിഐ. സിപിഐയില്‍ അടിക്കടിയുടേയും മറുവാക്കിന്റേയും കാര്‍ക്കശ്യം കുറച്ചെങ്കിലും കാണിച്ചിരുന്നത് ടി വി തോമസ് ആണ്. ആ ടി വി പോയതോടെ ഉള്‍പ്പാര്‍ട്ടിയില്‍ പ്രത്യയശാസ്ത്ര ഭിന്നത ഒരിക്കലും ഉണ്ടായില്ല. സി അച്യുതമേനോനും പി കെ വാസുദേവന്‍ നായരും സൗമ്യതയുടെ ഓരം ചേര്‍ന്നു നടന്നു. പി എസ് ശ്രീനിവാസന്‍ ഉള്‍പ്പാര്‍ട്ടിയിലും പുറത്തും കലഹങ്ങള്‍ക്കു നിന്നില്ല. സി കെ ചന്ദ്രപ്പന്റേയും വെളിയം ഭാര്‍ഗവന്റേയും കലഹങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ആയിരുന്നില്ല, പുറത്തായിരുന്നു. വെളിയത്തെ ചുവടു പതിനെട്ടും അറിയാവുന്ന കളരി ആശാനുള്ള ആദരവു നല്‍കി ശിഷ്യരെല്ലാം ആദരിച്ചു. ചന്ദ്രപ്പന്റെ വാക്കുകള്‍ ഹഡ്മാസ്റ്ററുടേത് എന്നതുപോലെ കീഴ്ക്കമ്മറ്റികള്‍ ഏറ്റുവാങ്ങി. അവിടെ നിന്ന് പന്ന്യന്‍ രവീന്ദ്രനിലേക്ക് എത്തിയപ്പോള്‍ ഉണ്ടായ നിര്‍മമതയെന്നും, ശത്രുക്കള്‍ നിര്‍ഗുണതയെന്നും, വിളിക്കുന്ന സ്ഥിതി വിശേഷത്തില്‍ നിന്നാണ് കാനം രാജേന്ദ്രന്‍ വളര്‍ന്നു വന്നത്.

കാനം രാജേന്ദ്രന് എതിരാളി ആയത് കെ ഇ ഇസ്മാഈല്‍ ആണ്. സിപിഐയിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍കൊണ്ടുമാത്രമല്ല, അധികാരത്തില്‍ ഇരുന്നപ്പോഴുണ്ടായ വീഴ്ചകളുടെ പേരിലും വിശ്വാസ്യത അത്ര ഉണ്ടായിരുന്നില്ല ഇസ്മാഈലിന്. ഇസ്മാഈലിന്റെ വിശ്വാസ്യത ഇല്ലായ്മകൊണ്ടുമാത്രമാണ് കാനം പിടിച്ചു നിന്നതും. പ്രകാശ് ബാബുവും സത്യന്‍ മൊകേരിയും പോലുള്ള സാധ്യതാ പട്ടികയിലുള്ള പിന്‍ഗാമിമാര്‍ക്കും അംഗങ്ങളുടെ ഇടയില്‍ മികവ് തെളിയിക്കാന്‍ കഴിഞ്ഞില്ല.

പക്ഷേ, അപ്പോഴും സിപിഐയില്‍ അതൃപ്തിയുള്ള വലിയൊരു വിഭാഗമുണ്ട്. സിപിഐഎമ്മിന്റെ ബി ടീമായി സിപിഐയെ മാറ്റുന്നു എന്നു കരുതുന്നവരാണ് അവരിലേറെയും. വാര്‍ത്തയില്‍ വരാനായി എപ്പോഴും മുഖ്യമന്ത്രിയെ വിമര്‍ശിക്കാനില്ലെന്നാണ് കാനം പറയാറുള്ളതെങ്കിലും അതല്ല സത്യമെന്നു കരുതുന്നവരാണവര്‍. മാവോയിസ്റ്റ് വേട്ടമുതല്‍ പേര്യ മരംമുറിവരേയും സ്വര്‍ണക്കടത്തു മുതല്‍ ലോകായുക്ത വരെയുമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെ തിരുത്താന്‍ മുഖ്യ ഘടകകക്ഷിയായ സിപിഐക്ക് എന്തുകൊണ്ടു കഴിയുന്നില്ല എന്നു ചോദിക്കുന്നവരാണ്. ആ നിലപാടുകാര്‍ പ്രതിഷേധം അറിയിക്കാന്‍ പാലക്കാട് ചിലപ്പോള്‍ കെ ഇ ഇസ്മാഈലിനു പിന്തുണകൊടുക്കും. ഇടുക്കിയില്‍ സലിംകുമാറിന് ഒപ്പം നില്‍ക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ബിജിമോളുടെ തോല്‍വി ഈ പ്രത്യയശാസ്ത്ര അന്ധാളിപ്പിനിടെ സംഭവിച്ച ഒരു സാധാരണ സംഭവം മാത്രമാണ്.

ബിജിമോള്‍ കേട്ടിട്ടുണ്ടോ ഗൗരിയമ്മയെ?

എം എന്‍ ഗോവിന്ദന്‍ നായര്‍ വിളിച്ച പൂണൂലിട്ട തിരുമേനിയ്ക്കും ഇ എസ് ബിജിമോള്‍ വിളിച്ച കൊന്തയിട്ട തിരുമേനിമാര്‍ക്കും അപ്പുറത്തായിരുന്നു ഗൗരിയമ്മ നാലു മൂന്നു പതിറ്റാണ്ടു മുഴുവന്‍ പറഞ്ഞ മറ്റൊരു വാക്ക്. എം എന്‍ തിരുമേനി എന്നു വിളിച്ച ഇഎംഎസിനെക്കുറിച്ച് ഗൗരിയമ്മ മരിക്കുന്നതിന് ആറുമാസം മുന്‍പു വരെ ആവര്‍ത്തിച്ചു പറഞ്ഞിരുന്നത് വേറൊരു വാചകമാണ്. ‘അയാള്‍ വെറുമൊരു നമ്പൂതിരിയാണ്’ എന്ന്. കേരളത്തിലെ ജാതി സമവാക്യത്തില്‍ അത്രയും പ്രഹരശേഷിയുള്ള പ്രയോഗം വേറെ ഇല്ല.


പാര്‍ട്ടി വിട്ടപ്പോള്‍ മാത്രമല്ല ഇഎംഎസ് മരിച്ച ശേഷവും ഗൗരിയമ്മ അതു പറഞ്ഞു. വീണ്ടു സിപിഐ എമ്മിനൊപ്പം വേദി പങ്കിടാന്‍ തുടങ്ങിയ ശേഷം നൂറാം പിറന്നാള്‍ അഭിമുഖങ്ങളിലും ആവര്‍ത്തിച്ചു. തിരുമേനി എന്നും നമ്പൂതിരിപ്പാടെന്നും വിളിച്ച് മുകളില്‍ നിര്‍ത്തുകയായിരുന്നില്ല ഇഎംഎസിനെ ഗൗരിയമ്മ. വെറും നമ്പൂതിരി എന്നു വിളിച്ച് അടിച്ചിരുത്തുകയായിരുന്നു. ഗൗരിയമ്മയുടെ രാഷ്ട്രീയബോധത്തിന്റെ ശക്തി അതായിരുന്നു. അധികാരഭ്രമം കൊണ്ടുള്ള പുലമ്പല്‍ എന്ന് ഇന്ന് ബിജിമോളേക്കുറിച്ചു പറയുന്നതുപോലെ തന്നെ അന്നു ഗൗരിയമ്മയെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്നു ഒരുപാടു കൊച്ചുതിരുമേനിമാര്‍. ഗൗരിയമ്മയ്ക്കു കഴിയാത്തത് ബിജിമോള്‍ക്ക് സാധിക്കണമെങ്കില്‍ കേരളത്തിന്റെ ഈ ഘടന തന്നെ മാറണം.
ഇനി സാക്ഷാല്‍ ചാക്കോച്ചിയായാലും പെണ്ണിനെ അച്ചിയെന്നു വിളിച്ച് അടിച്ചിരുത്തി കളയും ഏതു സമത്വാധിഷ്ടിത സിപിഐ പാര്‍ട്ടിയും. അല്ലെങ്കില്‍ ബിജിമോളെ 2016ല്‍ തോല്‍പിക്കാന്‍ ശ്രമിച്ചതിന് പാര്‍ട്ടി നടപടി എടുത്തയാള്‍ 2021ല്‍ അതേ മണ്ഡലത്തില്‍ ബിജിമോളെ പിന്‍തുടര്‍ന്നു മല്‍സരിക്കുകയും ജയിക്കുകയും എംഎല്‍എ ആവുകയും ചെയ്യില്ലല്ലോ?

Story Highlights: crisis in cpi column by Anoop Parameswaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here