ഞാൻ പറഞ്ഞത് സി.പി.ഐ.എമ്മിന്റെ അണികൾക്ക് പോലും പൊള്ളുന്ന യാഥാർത്ഥ്യം; രാഹുൽ മാങ്കൂട്ടത്തിൽ

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കലാപാഹ്വാനം നടത്തിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തതിന് പിന്നാലെ സർക്കാരിനെ പരിഹസിച്ച് മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റുമായി അദ്ദേഹം രംഗത്ത്. താൻ പറഞ്ഞത് സി.പി.ഐ.എമ്മിന്റെ അണികൾക്ക് പോലും പൊള്ളുന്ന യാഥാർത്ഥ്യമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ( Facebook post by Rahul Mamkootathil criticizing the government ).
പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി പിണറായിയും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം വിമർശനം ഉന്നയിക്കുന്നത്. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേസ്സ് എടുക്കുന്നതിലെ സാമ്യം കൊണ്ട് ഇവരെ മൂവരെയും മാറിപ്പോകരുതെന്നാണ് അദ്ദേഹം പോസ്റ്റിലൂടെ പറയുന്നത്.
Read Also: ആർത്തവം അശുദ്ധമല്ല; കപ്പ് ഓഫ് ലൈഫിനെപ്പറ്റി രാഹുൽ മാങ്കൂട്ടത്തിൽ
ഐപിസി 1860 സെക്ഷന്‍ 153 പ്രകാരം പത്തനംതിട്ട അടൂര്‍ പൊലീസാണ് രാഹുലിനെതിരെ കേസെടുത്തത്. പാലക്കാട് സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ കുറിച്ച് രാഹുൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് കേസിനാധാരം. ആഗസ്റ്റ് 16നായിരുന്നു പോസ്റ്റിട്ടത്. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ലക്ഷ്യമിട്ടുള്ള കുറ്റമാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്ന് പൊലീസ് എഫ് ഐ ആറില്‍ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഈ ചിത്രത്തിൽ ഷാൾ അണിഞ്ഞ് ഇടത്ത് നില്ക്കുന്നതാണ് മോദി, വലത്ത് നില്ക്കുന്നതാണ് പിണറായി , നടുക്ക് നില്ക്കുന്നത് പതിവ് പോലെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേസ്സ് എടുക്കുന്നതിലെ സാമ്യം കൊണ്ട് മാറിപ്പോകരുത്.
ഞാൻ പറഞ്ഞതിൽ ഒരു കലാപാഹ്വാനവുമില്ലായെന്നും, CPIM ന്റെ അണികൾക്ക് പോലും പൊള്ളുന്ന യാഥാർത്ഥ്യമാണെന്നും നല്ല ബോധ്യമുണ്ട്.
തുടർന്നും രാഷ്ട്രീയം പറയാൻ തന്നെയാണ് തീരുമാനം.
തല്ക്കാലം ആ 153 കൈയ്യിലിരിക്കട്ടെ….
Story Highlights: Facebook post by Rahul Mamkootathil criticizing the government