Advertisement

6 മണിക്കൂര്‍ ഐസില്‍; ഡോക്ടര്‍മാര്‍ മരണം വിധിയെഴുതിയിട്ടും തിരിച്ചുവന്ന ജീന്‍ ഹില്യാര്‍ഡ്

September 2, 2022
2 minutes Read
story of jean hilliard who survived from death

മരണത്തോടടുത്തിട്ടും തിരിച്ചെത്തുന്ന ആളുകളുടെ കഥകളില്‍ നമ്മള്‍ മെഡിക്കല്‍ മിറക്കിള്‍ എന്ന വാക്ക് കേള്‍ക്കാറുണ്ട്. വൈദ്യ ശാസ്ത്രത്തിന് മുന്നിലും അതിശയം തോന്നിപ്പിക്കുന്ന അവസ്ഥകളെയാണ് ഇങ്ങനെ വിശേഷിപ്പിക്കാറ്. ‘ഐസ് വുമണ്‍’ എന്നറിയപ്പെടുന്ന ജീന്‍ ഹില്ല്യാര്‍ഡിന്റെ കഥയും ഇതുപോലൊരു മെഡിക്കല്‍ മിറക്കിള്‍ ആണ്.

1980 ഡിസംബര്‍ 20. കൂട്ടുകാരുമായി പുറത്ത് പോയതിന് ശേഷം രാത്രി കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അമേരിക്കയിലെ ജീന്‍ ഹില്ല്യാര്‍ഡ് എന്ന 19കാരി. ഡിസംബറിന്റെ മഞ്ഞും തണുപ്പും എല്ലാം ആവോളം ഉണ്ടായിരുന്നു ആ രാത്രി. ഐസ് കട്ടകള്‍ നിറഞ്ഞ വഴിയിലൂടെ ജീന്‍ വേഗത്തില്‍ കാറോടിച്ചു. കാലാവസ്ഥ ഒട്ടും യോജിച്ചതല്ലാത്തതിനാല്‍ തന്നെ വഴിയില്‍ ചില തടസ്സങ്ങളെല്ലാം ഉണ്ടായിരുന്നെങ്കിലും ജീന്‍ തന്റെ യാത്ര തുടര്‍ന്നു. പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുന്നതിനാല്‍ തന്നെ ജീന്‍ ആ രാത്രി മദ്യപിച്ചിരുന്നു.

പൊടുന്നനെ റോഡിലെ ഐസില്‍ തെന്നി കാര്‍ ചാലിലേക്ക് വീണു. കനത്ത മഞ്ഞ് വീഴ്ചയില്‍ ജീനിനെയോ ജീന്റെ വണ്ടിയെയോ എതിരെ വരുന്ന ഒരാള്‍ക്ക് കാണുക വളരെ ബുദ്ധിമുട്ടാണ്. വീഴ്ചയില്‍ കാര്യമായ പരുക്ക് പറ്റാതിരുന്ന ജീന്‍, വണ്ടിയില്‍ നിന്ന് ഇറങ്ങി നടക്കാന്‍ തീരുമാനിച്ചു. പോകും വഴിയില്‍ വലിയൊരു കുന്നിന്‍ ചെരുവിന് പുറകിലായി ജീനിന്റെ സുഹൃത്തിന്റെ വീടുണ്ട്. അവിടേയ്ക്ക് ലക്ഷ്യം വച്ച് ജീന്‍ നടത്തം തുടര്‍ന്നു.

മൈനസ് 30 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അപ്പോഴത്തെ താപനില. തണുപ്പ് അസഹനീയമായി. കാറ്റിന്റെ വേഗതയും കൂടി. ശക്തമായ മഞ്ജു വീഴ്ചയുള്ളതിനാല്‍ കാഴ്ച മങ്ങും പോലെ ജീനിന് അനുഭവപ്പെട്ടു. ശരീരം തളരുന്നുണ്ടായെങ്കിലും സുഹൃത്ത് നെല്‍സണിന്റെ വീട്ടിലെത്തിയാല്‍ കാര്യങ്ങള്‍ കുറെ കൂടി എളുപ്പമാകുമെന്നും, നെല്‍സണ്‍ തന്നെ സഹായിക്കുമെന്നും ജീനിന് ഉറപ്പുണ്ടായിരുന്നു. വഴി മുഴുവന്‍ മഞ്ഞ് നിറഞ്ഞ് മൂടിയതിനാല്‍ ഇടയ്‌ക്കൊക്കെ ജീന്‍ വഴുതി വീണു കൊണ്ടിരുന്നു. നീല ഇരുണ്ട വെളിച്ചത്തില്‍ കാണുന്ന വഴിയിലൂടെ ജീന്‍ മനസിനൊപ്പം ശരീരത്തെയും എത്തിക്കാന്‍ ആവും വിധം ശ്രെമിച്ചു.

നെല്‍സണിന്റെ വീടിന് 15 അടി അകലെ എത്തിയപ്പോഴേക്കും ജീന്‍ മുഴുവനായി തളര്‍ന്നു. വീണ ഉടനെ കണ്ണിലേക്ക് ഇരുട്ട് കയറാന്‍ തുടങ്ങി, മുന്നിലുള്ള കാഴ്ചകള്‍ കൂടുതല്‍ അവ്യക്തമാകുന്നു. പതിയെ പതിയെ എല്ലാം ഇരുട്ടായി. ബോധം നഷ്ട്ടപെട്ട ജീന്‍ ആ വഴിയില്‍ അങ്ങനെ കിടന്നു. രാത്രി ഏറെ വൈകിയതിനാലും മഞ്ഞിന്റെ കാടിന്യം കൂടിയതിനാലും യാത്രക്കാര്‍ ആരും ആ വഴി വന്നിരുന്നില്ല. ജീനിന്റെ ശരീരത്തിന് മുകളിലേക്ക് മഞ്ഞ് വീണു ഒരു പുതപ്പ് പോലെ ആയി. ജീന്‍ ആ അവസ്ഥയില്‍ കിടന്നത് 6 മണിക്കൂര്‍ ആണ്.

അങ്ങനെ ഒരു രാത്രി കഴിഞ്ഞു. മഞ്ഞ് നിറഞ്ഞ പുല്‍മൈതാനത്ത് ഒരു മനുഷ്യ ജീവി കിടക്കുന്നുണ്ടെന്ന് പെട്ടെന്ന് നോക്കിയാല്‍ ആര്‍ക്കും മനസിലാവില്ല. പതിയെ വെളിച്ചമെത്തി ഇരുട്ടകന്നപ്പോള്‍, വീടിന് പുറത്തേക്ക് നടക്കാനിറങ്ങിയ ജീനിന്റെ സുഹൃത്ത് നെല്‍സണ്‍ മഞ്ഞ്, രൂപത്തില്‍ എന്തോ കണ്ടു. വല്ല മൃഗമോ മറ്റോ ആയിരിക്കുമെന്ന് കരുതി അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ഒരു മനുഷ്യനാണെന്ന് മനസിലാകുന്നത് പോലും. മുഖമോ, രൂപമോ എന്നിട്ടും വ്യകതമല്ലായിരുന്നു, ഐസ് രൂപത്തിലായ ഒരു മനുഷ്യന്‍ അത്രമാത്രമേ നെല്‍സണ്‍ കരുതിയുള്ളൂ, മുഖത്ത് കൂടി കിടന്ന മഞ്ഞു പാളി മാറ്റി നോക്കിയപ്പോള്‍ ജീന്‍ ആണെന്ന് മനസിലായി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.

കൊടും തണുപ്പില്‍ 6 മണിക്കൂര്‍ കിടന്ന ജീവനാണ് തലച്ചോറിന്റെ പ്രവര്‍ത്തനം 99 ശതമാനവും നശിച്ചിരിക്കാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു. ജീനിന്‍ന്റെ മുഖത്തിന് അപ്പോള്‍ ചാര നിറമായിരുന്നു. പ്രകാശത്തോട് ജീനിന്റെ നിശ്ചലമായ കണ്ണുകള്‍ക്ക് പ്രതികരണമില്ലായിരുന്നു. പക്ഷേ, മിനിറ്റില്‍ കൂടിപ്പോയാല്‍ 12, എന്ന നിരക്കില്‍ നേരിയ തോതില്‍ ഹൃദയമിടിപ്പ് ഉണ്ടായിരുന്നു. ഇന്‍ജക്ഷന്‍ വയ്ക്കാന്‍ പോലും കഴിയാത്ത വണ്ണം കട്ടിയുള്ളതായി മാറിയിരുന്നു ജീനിന്റെ ശരീരം. തണുത്തുറഞ്ഞ ഒരു ഐസ് കട്ടപോലെ ആയിരുന്നു അത്.

Read Also: ബോർഡിങ് പാസുമായി മകൻ; വിമാനത്തിൽ മകനെ സ്വീകരിക്കാൻ എയർഹോസ്റ്റസായ അമ്മ, ഹൃദയ സ്പർശിയായ വിഡിയോ

തെര്‍മോമീറ്ററില്‍ അറിയാന്‍ കഴിയുന്ന ശരീര താപനില പോലും അവള്‍ക്ക് ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാര്‍ അവളെ ഇലക്ട്രിക് ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ചൂട് നല്‍കിക്കൊണ്ടിരുന്നു. മരണം ഉറപ്പിച്ചെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതവേ രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം അവള്‍ക്ക് ബോധം വന്നു. 3 ദിവങ്ങള്‍ കൊണ്ട് അവള്‍ക്ക് കാലുകള്‍ ചലിപ്പിക്കാമെന്നായി. 6 ആഴ്ച കൊണ്ട് ജീന്‍ പൂര്‍ണ ആരോഗ്യവതിയായി. പഴയ സിനിമകളിലെ ക്ലീഷേ പ്രയോഗമായ മെഡിക്കല്‍ മിറക്കിള്‍ എന്ന പ്രതിഭാസത്തിന്റെ റിയല്‍ ലൈഫ് എക്‌സാംപിള്‍!

Story Highlights: story of jean hilliard who survived from death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top