കുട്ടികൾ ക്ഷണിച്ചു; ഓണമുണ്ണാൻ മന്ത്രി അപ്പൂപ്പനെത്തി

മുള്ളറംകോട് സർക്കാർ എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾക്കൊപ്പം ഓണം ആഘോഷിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി മീനാക്ഷി ‘മന്ത്രി അപ്പൂപ്പൻ ഞങ്ങൾക്കൊപ്പം ഓണമുണ്ണാൻ വരാമോ’ എന്ന് കത്തെഴുതി ചോദിച്ചപ്പോൾ പോകാതിരിക്കാൻ മന്ത്രിയ്ക്ക് കഴിഞ്ഞില്ല. സ്ക്കൂളിൽ മന്ത്രിയെത്തിയപ്പോൾ കുഞ്ഞു മിഴികളിൽ കൗതുകമേറ്റി അവർ ഓടിചെന്നു.
കൂട്ടത്തിൽ കത്തെഴുത്തുകാരി മീനാക്ഷി മന്ത്രി അപ്പുപ്പനെ ചേർന്നു നിന്നു, മതിയാവോളം ഫോട്ടോയെടുത്തു സദ്യ ഉണ്ണാനും ക്ഷണിച്ചു. പിന്നെ വിഭവ സമ്യദ്ധമായ ഓണസദ്യ. പലർക്കും മന്ത്രിയെ നേരിൽ കണ്ടതിന്റെ അമ്പരപ്പും കൗതുകവും ഉണ്ടായിരുന്നു. അടുത്ത് വന്നവരോടെല്ലാം അദ്ദേഹം കുശലാന്വേഷണം നടത്തി. മന്ത്രി അപ്പൂപ്പന് സമ്മാനങ്ങൾ നൽകാനും കുട്ടികൾ മറന്നില്ല.
തങ്ങൾക്ക് പുതിയ സ്കൂൾ കെട്ടിടം വേണമെന്ന കുട്ടികളുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന ഉറപ്പും മന്ത്രി നൽകി. കുഞ്ഞുങ്ങൾ എഴുതിയ കത്തുൾപ്പെടെ മന്ത്രി സ്വന്തം ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റിട്ടത് വൈറലായിരുന്നു. ഒ.എസ് അംബിക എം.എൽ.എ ഉൾപ്പെടെയുള്ളവരും ഓണാഘോഷത്തിന് സ്കൂളിൽ എത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് മന്ത്രി വി ശിവന്‍കുട്ടിയെ തേടി ഒരു കത്ത് എത്തുന്നത്. ‘പ്രിയപ്പെട്ട ശിവന്‍കുട്ടി അപ്പൂപ്പന്, സുഖമാണോ മന്ത്രി അപ്പൂപ്പാ?’ എന്നു തുടങ്ങുന്ന കത്ത് അയച്ചിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവര്‍മെന്റ് എല്‍പിഎസിലെ 85 രണ്ടാം ക്ലാസുകാര്‍ ചേര്‍ന്നാണ്. എല്ലാവര്‍ക്കും വേണ്ടി മീനാക്ഷി എന്ന വിദ്യാര്‍ത്ഥിനിയായിരുന്നു കത്തെഴുതിയത്.
Story Highlights: V Sivankutty celebrating Onam with students at Mullaramkot Government LP School
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here