ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും ഇന്ന് വീണ്ടും ഏറ്റുമുട്ടും

ഏഷ്യാ കപ്പിൽ ഇന്ത്യ ഇന്ന് വീണ്ടും പാകിസ്താനെ നേരിടും. വൈകിട്ട് 7.30 മുതൽ നടക്കുന്ന രണ്ടാം സൂപ്പര്‍ ഫോര്‍ മത്സരത്തിലാണ് ഏറ്റുമുട്ടല്‍. നേരത്തെ ഗ്രൂപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് പാകിസ്‌താനെ തോല്‍പ്പിച്ചിരുന്നു.
ചിരവൈരികൾ വീണ്ടും ഏറ്റുമുട്ടുമ്പോൾ ഇന്ത്യൻ ക്യാമ്പിൽ ആശങ്കയുണ്ട്. സൂപ്പര്‍ താരങ്ങളുടെ മോശം ഫോമാണ് ഇന്ത്യയെ അലട്ടുന്നുത്. പരുക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ ഓപ്പണർ കെ.എൽ രാഹുലിന് ഇതുവരെ താളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പാകിസ്താനെതിരായ മത്സരത്തിൽ ആദ്യ പന്തിൽ പുറത്തായ രാഹുൽ, ഹോങ്കോംഗിനെതിരെ 39 പന്തിൽ നിന്ന് നേടിയത് 36 റൺസാണ്. ക്യാപ്റ്റൻ രോഹിത് ശർമ്മ പതിവ് ശൈലിയിലേക്ക് മടങ്ങി വരണമെന്നും ആരാധകർ ആഗ്രഹിക്കുന്നുണ്ട്.
ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരുക്കേറ്റു പുറത്തായതിനാൽ നാലാം നമ്പറിൽ ആര് എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തണം. പാകിസ്താനെതിരെ ജഡേജയ്ക്ക് നാലാം നമ്പറിലേക്ക് പ്രമോഷൻ നൽകിയിരുന്നു. ഈ പരീക്ഷണമാണ് ടീമിന് വിജയം സമ്മാനിച്ചതും. റിഷഭ് പന്തിനെ നിലനിർത്തുമോ അതോ ദീപക് ഹൂഡയെയോ, അക്സർ പട്ടേലിനെയോ ജഡേജയുടെ പകരക്കാരനായി പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തുമോ എന്ന് കണ്ടറിയണം.
ബൗളിംഗ് നിരയിൽ ആവേശ് ഖാന്റെ മോശം പ്രകടനം ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. പാകിസ്താനെതിരെ രണ്ട് ഓവറിൽ 19 റൺസ് വഴങ്ങി വെറും 1 വിക്കറ്റ് നേടാനാണ് താരത്തിനായത്. കൂടാതെ ഹോങ്കോംഗിനെതിരെ നാലോവറിൽ 53 റൺസ് വഴങ്ങുകയും ചെയ്തു. മറുവശത്ത് പാകിസ്താൻ ഹോങ്കോംഗിനെ 155 റൺസിന് തകർത്താണ് സൂപ്പർ ഫോർ ഘട്ടത്തിലേക്ക് കടന്നത്.
എന്നാൽ ടോപ്പ് ഓർഡറിനെക്കുറിച്ചുള്ള പാക്ക് ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നു. റിസ്വാൻ, സമാൻ, ക്യാപ്റ്റൻ ബാബർ അസം എന്നിവർ അടങ്ങുന്ന ടീം ചേസിംഗിൽ കേമന്മാർ എന്നതിൽ സംശയമില്ല. എന്നാൽ ആദ്യം ബാറ്റ് ചെയ്യേണ്ടി വരുന്നത് ടീമിന് തിരിച്ചടിയാകും. മുൻ നിരയുടെ മെല്ലെപ്പോക്കാണ് ഇതിന് കാരണം. ഇത് ഖുശ്ദിൽ, ഇഫ്തിഖർ അഹമ്മദ്, ആസിഫ് അലി എന്നിവരിലെ സമ്മർദം ഇരട്ടിയാക്കും.
Story Highlights: India, Pak set for another showdown today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here