സഹോദരിയുടെ മുന്നിൽവെച്ച് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ യുവാവിനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി

സഹോദരിയുടെ മുന്നിൽവെച്ച് പതിനാലുവയസുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടു പോയ യുവാവിനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. കൊല്ലത്താണ് സംഭവം. കാട്ടുതറ, പുളിയൻവിള തെറ്റയിൽ ബിജുവിനെയാണ് (30) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടിയം വാലിമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ ഒമ്പതാം ക്ലാസുകാരനെയാണ് കാറിൽ വന്ന സംഘം ബലമായി വണ്ടിയിൽ കയറ്റിക്കൊണ്ടു പോയത്.
സഹോദരിയെ മർദിച്ച ശേഷമാണ് പതിനാലുവയസുകാരനെ കടത്തിക്കൊണ്ടുപോയത്. ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്.
വാഹനം തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണെന്ന് മനസ്സിലാക്കിയതോടെ വാഹനപരിശോധന കർശനമാക്കി. വാഹനം ഇടക്ക് വച്ച് മാറിയെങ്കിലും കേരള-തമിഴ്നാട് അതിർത്തിയിൽ നടന്ന വാഹന പരിശോധനയിൽ കുട്ടിയെ കണ്ടെത്തുകയും പ്രതിയായ യുവാവിനെ പിടികൂടുകയുമായിരുന്നു. ചാത്തന്നൂർ എ.സി.പി ബി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Story Highlights: police arrested the youth who kidnapped the 14-year-old boy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here