‘മുൻകരുതൽ പാലിക്കലെന്നാൽ പേടിത്തൊണ്ടനല്ല’; ആംഗിൾ ഗ്രൈൻഡർ അപകടങ്ങൾ കുറയ്ക്കാനുള്ള വഴികളെപ്പറ്റി ഫേസ്ബുക്ക് കുറിപ്പ്

ആംഗിൾ ഗ്രൈൻഡർ അപകടങ്ങൾ കുറയ്ക്കാനുള്ള വഴികളെപ്പറ്റി ഫേസ്ബുക്ക് കുറിപ്പ്. സുജിത്ത് കുമാർ എന്ന ഫേസ്ബുക്ക് അക്കൗണ്ടാണ് ആംഗിൾ ഗ്രൈൻഡറുകൾ മുൻകരുതലോടെ ഉപയോഗിച്ച് എങ്ങനെ അപകടങ്ങൾ കുറയ്ക്കണമെന്ന് കുറിച്ചിരിക്കുന്നത്. (reduce power tool accident)
സുജിത്ത് കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഏറ്റവും കൂടുതൽ പേരുടെ കണ്ണും കയ്യും കാലുമെല്ലാം കളഞ്ഞിട്ടുള്ള ഒരു ടൂൾ ഏതാണെന്ന് ചോദിച്ചാൽ പ്രത്യേകിച്ച് ഒരു സർവേ ഒന്നും നടത്താതെ തന്നെ പറയാൻ കഴിയുന്നതാണ് ആംഗിൾ ഗ്രൈന്റർ എന്ന പവർ ടൂൾ. ഏറ്റവും കൂടുതലായി ഉപയോഗപ്പെടുത്തുന്ന ഒരു ടൂൾ ആയതിനാൽ സ്വാഭാവികമായും അപകടങ്ങളും കൂടുന്നതാണെന്ന ന്യായം പറയാമെങ്കിലും യഥാർത്ഥത്തിൽ അതല്ല മറിച്ച് യാതൊരു വിധ സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ ഉപയോഗിക്കപ്പെടുന്ന ടൂൾ ആയതിനാൽ ആണ് ഇതുമൂലം അപകടങ്ങൾ കൂടുതൽ എന്നതാണ് വാസ്തവം. നേരിട്ട് പരിചയമുള്ള നാലഞ്ചുപേരുടെയെങ്കിലും കൈവിരലുകൾ നഷ്ടപ്പെടാനും മുഖത്ത് സാരമായ മുറിവുകൾ പറ്റാനും ഈ ചെറിയ ഉപകരണം കാരണമാക്കിയിട്ടുണ്ട്. ഈ അടുത്ത ദിവസങ്ങളിലും അത്തരം ഒന്ന് ഉണ്ടായതിനാലാണ് ഈ കുറിപ്പ്.
അടിസ്ഥാനമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കുക എന്നത് എന്തോ കുറച്ചിലാണെന്നും പ്രൊഫഷണലിസം ഇല്ലാത്ത പേടിത്തൊണ്ടൻ എന്ന് ആളുകൾ വിളിക്കുമോ എന്നുമൊക്കെയുള്ള പേടിയും ഈ സുരക്ഷാ മുൻകരുതലുകൾ ജോലിയുടെ വേഗം അല്പം കുറയ്കും എന്നതുമൊക്കെയാണ് ഇതൊക്കെ ഒഴിവാക്കി റിസ്കെടുക്കാൻ നമ്മുടെ നാട്ടിലെ പണിക്കാരെ പ്രേരിപ്പിക്കുന്നത്. ആംഗിൾ ഗ്രൈന്റർ വാങ്ങിയാൽ ആളുകൾ ആദ്യം തന്നെ അതിന്റെ സേഫ്റ്റി ഗാർഡ് അഴിച്ച് മാറ്റും. പിന്നെ അതിന്റെ ഹാൻഡിലും. ആംഗിൾ ഗ്രൈൻഡറുകൾ ഏറ്റവും കൂടുതൽ അപകടം ഉണ്ടാക്കുന്നത് ‘കിക് ബാക്ക്’ എന്നറിയപ്പെടുന്ന തെറിക്കൽ മൂലമാണ്. ഇത്തരത്തിൽ കിക് ബാക്ക് ഉണ്ടാകുമ്പോൾ കയ്യിൽ നിന്ന് പോവുകയും അപകടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇരു കൈകൾ കൊണ്ടും ബലമായി പിടിച്ചുകൊണ്ട് ചെയ്യേണ്ട ജോലി സൗകര്യം മുൻ നിർത്തി ഹാൻഡിൽ അഴിച്ച് വച്ച് തൊണ്ണൂറു ശതമാനം പേരും ഒറ്റക്കൈകൊണ്ടാണ് ചെയ്യാറുള്ളതെന്ന് കാണാവുന്നതാണ്. അതുപോലെത്തന്നെ ബ്ലേഡ് പൊട്ടിയാൽ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടുത്താനുള്ള സേഫ്റ്റി ഗാർഡും മിക്കവരും അഴിച്ച് വച്ചിരിക്കുന്നത് കാണാം. സേഫ്റ്റി ഗ്ലൗ, ഗോഗിൾസ് തുടങ്ങിയവയൊക്കെ ഉപയോഗിക്കുന്നവരെ കണ്ടുകിട്ടാൻ തന്നെ പ്രയാസമാണ്.
ആംഗിൾ ഗ്രൈൻഡറുകൾ /കട്ടറുകൾ ഉപയോഗിച്ചുണ്ടായ അപകടങ്ങളിൽ വലിയ പങ്കും മരം മുറിക്കാനായി ഇത് ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടായതാണെന്ന് കാണാം. എനിക്ക് പരിചയമുള്ള മൂന്നു പേരുടെ കാര്യത്തിലും ഉണ്ടായത് ഇതാണ്. കിക് ബാക്ക് ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് മരം മുറിക്കാനുള്ള ബ്ലേഡ് ആംഗിൾ ഗ്രൈൻഡറിൽ അറ്റാച്ച് ചെയ്യുമ്പോൾ ആണ്. ഒരിക്കലും മരം മുറിക്കാനായി ആംഗിൾ ഗ്രൈൻഡറുകൾ ഉപയോഗിക്കരുത്. മരം മുറിക്കാനുള്ള സർക്കുലർ സോ ബ്ലേഡുകൾ ഘടിപ്പിച്ച് ആംഗിൾ ഗ്രൻഡറുകൾ കൊണ്ട് മരം മുറിക്കുന്നവരുണ്ട്. മരം മുറിയുമെങ്കിലും വളരെ അപകടകരമാണിത്. മരം മുറിക്കാനായി അതിനായി ഡിസൻ ചെയ്യപ്പെട്ടിട്ടുള്ള സർക്കുലർ സോ, ജിഗ് സോ തുടങ്ങിയവ ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.
മുറിക്കേണ്ട വസ്തുവിനനുസരിച്ചുള്ള ബ്ലേഡുകൾ ഉപയോഗിക്കേണ്ടതിനു പകരം കയ്യിലുള്ള ബ്ലേഡ് വച്ച് കാര്യം സാധിക്കാൻ ശ്രമിക്കുമ്പോൾ ബ്ലേഡ് പൊട്ടി ഉണ്ടാകുന്ന അപകടങ്ങളും കുറവല്ല. പവർ ഓൺ ബട്ടനിൽ നിന്ന് കയ്യെടുത്താൽ ഉടൻ തന്നെ ബ്രേക്ക് ചെയ്യപ്പെടുന്ന സേഫ്റ്റി ബ്രേക്കിംഗ് സിസ്റ്റം ഉള്ള ആംഗിൾ ഗ്രൈൻഡറുകൾ ഒരു പരിധി വരെ മെഷീൻ കയ്യിൽ നിന്ന് പോയാൽ ഉള്ള അപകടങ്ങളിൽ നിന്ന് രക്ഷിക്കാറുണ്ട്. പക്ഷേ അതിനും പരിമിതികൾ ഏറെയാണ്.
ശ്രദ്ധയോടെ എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്ത് ഉപയോഗിച്ചാലും വലിയ അപകട സാദ്ധ്യതയുള്ള ആംഗിൾ ഗ്രൈൻഡറുകൾ നമ്മുടെ നാട്ടിലെ ജോലിക്കാർ വളരെ ലാഘവത്തോടെ എടുത്ത് ഉപയോഗിക്കുന്നത് കാണുമ്പോൾ തന്നെ ഭയമാകും. ഇത് ഉപയോഗിക്കുന്നവരെ ഉപദേശിച്ച് നന്നാക്കാമെന്നൊന്നും കരുതേണ്ട. യാതൊരു പ്രയോജനവും ഇല്ല. കണ്ടാൽ അല്ല കൊണ്ടാൽ പോലും പഠിക്കില്ല. ഇത്തരം ജോലികൾ ചെയ്യുന്നതിന്റെ അടുത്ത് കൗതുകത്താൽ വെറുതേ നോക്കി നിന്ന് പണി വാങ്ങിക്കാതിരിക്കാനുള്ള വിവേകമെങ്കിലും കാണിക്കുക.
ഇതു വായിക്കുന്ന നിങ്ങൾ ഓരോരുത്തരുടെയും പരിചയക്കാരിൽ ഈ ഉപകരണത്താൽ അപകടം പറ്റിയ ഒരാളെങ്കിലും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
Story Highlights: reduce power tool accident facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here