ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ ഗ്ലെൻ മഗ്രാത്തിനൊപ്പമെത്തി സ്റ്റുവർട്ട് ബ്രോഡ്

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ പേസറായി ഇംഗ്ലണ്ട് ബോളർ സ്റ്റുവർട്ട് ബ്രോഡ്. കെന്നിംഗ്ടണിലെ ഓവലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിനിടെയാണ് ബ്രോഡ് ഈ നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിനൊപ്പം ബ്രോഡും സ്ഥാനം പിടിച്ചു.
159 ടെസ്റ്റുകളിൽ നിന്ന് 27.84 ശരാശരിയിലും 2.94 ഇക്കോണമി റേറ്റിലും 563 വിക്കറ്റുകൾ നേടിയ ബ്രോഡ് ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരിൽ ആറാം സ്ഥാനത്താണ്. 15 റൺസിന് 8 വിക്കറ്റ് എന്നതാണ് ബ്രോഡിൻ്റെ ഏറ്റവും മികച്ച ബൗളിംഗ് കണക്കുകൾ. 124 ടെസ്റ്റുകളിൽ നിന്ന് 563 വിക്കറ്റുകളാണ് മഗ്രാത്ത് നേടിയത്. 8/24 ആണ് അദ്ദേഹത്തിന്റെ മികച്ച ബൗളിംഗ് കണക്കുകൾ.
അതേസമയം പേസർമാരിൽ ഒന്നാമൻ ഇംഗ്ലണ്ടിന്റെ ജെയിംസ് ആൻഡേഴ്സൺ ആണ്. 175 ടെസ്റ്റുകളിൽ നിന്ന് 26.24 ശരാശരിയിലും 2.79 ഇക്കോണമി റേറ്റിലും 665 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 7/42 ആണ് അദ്ദേഹത്തിന്റെ മികച്ച ബൗളിംഗ് കണക്കുകൾ. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാർ- ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ (800), അന്തരിച്ച ഓസീസ് സ്പിൻ മാന്ത്രികൻ ഷെയ്ൻ വോൺ (708), ആൻഡേഴ്സൺ (665), ഇന്ത്യൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെ (619), മഗ്രാത്ത് (563)/സ്റ്റുവർട്ട് ബ്രോഡ്(563).
അതേസമയം ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്ന് തരിപ്പണമായി. ടോസ് നഷ്ടമായി ആദ്യ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക വെറും 118 റണ്‍സിനാണ് തകര്‍ന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഒലി റോബിന്‍സണും നാല് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡുമാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 14 ഓവറില്‍ 49 റണ്‍സ് വഴങ്ങിയാണ് ഒലി റോബിന്‍സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ബ്രോഡ് ആകട്ടെ 12.2 ഓവറില്‍ 41 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. ജയിംസ് ആന്‍ഡേഴ്‌സനാണ് അവശേഷിക്കുന്ന ഒരു വിക്കറ്റ് സ്വന്തമാക്കിയത്.
Story Highlights: Stuart Broad equals Glenn McGrath becomes joint second most successful pacer in Tests
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here