ഇടുക്കിയിൽ ഗുരുതരമായി പരുക്കേറ്റ് വീടിനുള്ളിൽ അഭയം തേടിയ കുരങ്ങന് പുതുജീവൻ

ഇടുക്കി രാമക്കൽമേട്ടിൽ ഗുരുതരമായി പരുക്കേറ്റ് വീടിനുള്ളിൽ അഭയം പ്രാപിച്ച വാനരനെ രക്ഷപെടുത്തി.ഇന്നലെ രാത്രിയോടെയാണ് കൈകാലുകൾക്ക് ഗുരുതര മുറിവുമായ് രാമക്കൽമേട് മരുതുങ്കൽ വിജയന്റെ വീട്ടിൽ വാനരനെ കണ്ടെത്തിയത്.പീരുമേട് നിന്നുമെത്തിയ വനംവകുപ്പിന്റെ റാപ്പിഡ് റസ്‌പോൺസ് ടീമിന്റെ സമയോചിതമായ ഇടപെടലിലാണ് വാനരന് പുതുജീവൻ ലഭിച്ചത്.
ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് രാമക്കൽമേട് മരുതുങ്കൽ വിജയന്റെ വീട്ടിൽ 9 വയസ് പ്രായമുള്ള വാനരൻ ആരുടെയോ ആക്രമണത്തിൽ പരിക്കേറ്റ് വീടിനുള്ളിലെ വർക്ക് ഏരിയയിൽ പ്രവേശിച്ചത്. പരിക്ക് മാരകമായതിനാൽ ദയനീയമായി കരയുന്ന വാനരനെ കണ്ട് ആദ്യം ഭയന്നെങ്കിലും അയൽവാസിയായ അജികുളത്തിങ്കലിനെ വിവരമറിയിക്കുകയായിരുന്നു. അദ്ധേഹത്തിന്റെ നേതൃത്വത്തിൽ കുമളി റേഞ്ച് ഓഫീസറെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആർആർ ടി ടീമിനെ വിവരം ധരിപ്പിച്ചു.പീരുമേട് നിന്നുള്ള സംഘം രാത്രി 11 മണിയോടെ സ്ഥലത്തെത്തുകയും അവശനിലയിൽ ദയനീയമായി കരഞ്ഞു കൊണ്ടിരുന്ന വാനരനെ കൂട്ടിനുള്ളിലാക്കി രക്ഷിക്കുകയുമായിരുന്നു.
തുടർന്ന് തേക്കടി ഫോറസ്റ്റ് വിഭാഗത്തിന്റെ മൃഗ ഡോക്ടറുടെ അടുത്ത് രാത്രിയിൽ തന്നെഎത്തിച്ച് അടിയന്തിര ചികിത്സ ഉറപ്പാക്കുകയും ചെയ്തു. വാനരന്റെ അവസ്ഥയിൽ പുരോഗതിയുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here