ദുലീപ് ട്രോഫി അരങ്ങേറ്റത്തിൽ സെഞ്ചുറി നേടി രോഹൻ കുന്നുമ്മൽ

ദുലീപ് ട്രോഫി അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടി കേരള താരം രോഹൻ കുന്നുമ്മൽ. നോർത്ത് സോണിനെതിരെ സൗത്ത് സോണിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത രോഹൻ 143 റൺസെടുത്താണ് പുറത്തായത്. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനായി മിന്നുന്ന പ്രകടനങ്ങൾ നടത്തിവന്ന രോഹൻ ആ ഫോം ദുലീപ് ട്രോഫിയിലും തുടരുകയായിരുന്നു. പാലക്കാട് സ്വദേശിയാണ് രോഹൻ കുന്നുമ്മൽ.
മായങ്ക് അഗർവാളിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത താരം 101 റൺസിൻ്റെ കൂടുകെട്ടാണ് ആദ്യ വിക്കറ്റിൽ പടുത്തുയർത്തിയത്. അഗർവാൾ പുറത്തായതിനു പിന്നാലെ ക്യാപ്റ്റൻ ഹനുമ വിഹാരിക്കൊപ്പം രണ്ടാം വിക്കറ്റിൽ 167 റൺസും താരം കണ്ടെത്തി. ഒരു സിക്സറടിച്ച് സെഞ്ചുറി തികച്ച താരത്തെ ഒടുവിൽ നവ്ദീപ് സെയ്‌നി പുറത്താക്കി.
Read Also: തിരുവനന്തപുരം ടി-20; ടിക്കറ്റ് വില്പന 19 മുതൽ
കഴിഞ്ഞ ആറ് ഫസ്റ്റ് ക്ലാസ് ഇന്നിംഗ്സുകളിൽ നിന്ന് നാല് സെഞ്ചുറിയാണ് 24കാരനായ രോഹൻ അടിച്ചുകൂടിയത്. ഈ ഇന്നിംഗ്സുകളിൽ ആകെ 568 റൺസെടുത്ത രോഹന് 113.6 റൺസ് ശരാശരിയുമുണ്ട്. കഴിഞ്ഞ രഞ്ജി സീസണിൽ മേഘാലയക്കെതിരെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ചുറിയടിച്ച താരം ഗുജറാത്തിനെതിരായ അടുത്ത മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സുകളിലും മൂന്നക്കം കടന്നു. രഞ്ജിയിൽ തുടരെ മൂന്ന് സെഞ്ചുറികൾ നേടുന്ന ആദ്യ കേരള താരമെന്ന റെക്കോർഡും രോഹൻ സ്വന്തമാക്കിയിരുന്നു. സീസണിലെ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി ഏറ്റവുമധികം റൺസ് നേടിയ താരമായിരുന്നു രോഹൻ.
ആദ്യ ദിനം കളി അവസാനിക്കുമ്പോൾ സൗത്ത് സോൺ 2 വിക്കറ്റ് നഷ്ടത്തിൽ 324 റൺസെടുത്തിടുണ്ട്. ഹനുമ വിഹാരി (107), ബാബ ഇന്ദ്രജിത്ത് (20) എന്നിവരാണ് ക്രീസിൽ.
Story Highlights: duleep trophy rohan kunnummal century
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here