Advertisement

എയര്‍ ബാഗുണ്ടല്ലോ! സീറ്റ് ബെല്‍റ്റ് എന്തിനാ? കുറിപ്പുമായി കേരള പൊലീസ്

September 15, 2022
Google News 2 minutes Read
kerala police about wearing seat belt while driving

വാഹനയാത്ര ചെയ്യുമ്പോള്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാകുന്നതിനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്. എന്തുകൊണ്ടാണ് എയര്‍ ബാഗുള്ളപ്പോഴും സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ പറയുന്നതെന്നതിന്റെ പ്രാധാന്യമാണ് പോസ്റ്റില്‍ വിവരിക്കുന്നത്.

സീറ്റ് ബെല്‍റ്റും എയര്‍ബാഗും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. യാത്രക്കാരുടെ സുരക്ഷിതത്വത്തിനാണ് ഇതു രണ്ടും. സീറ്റ് ബെല്‍റ്റും എയര്‍ ബാഗും സംയോജിതമായിട്ട് പ്രവര്‍ത്തിച്ചാല്‍ മാത്രമെ 70 കി.മീ മുകളിലേക്കുള്ള സ്പീഡില്‍ യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് ഇട്ടാല്‍ പോലും രക്ഷയുള്ളൂ എന്നതാണ് വാസ്തവം. ഓടുന്ന വാഹനത്തിന്റെ അതേ വേഗമായിരിക്കും ശരീരത്തിനും. വാഹനം പെട്ടെന്ന് നിന്നാലും ശരീരത്തിന്റെ വേഗം കുറയില്ല. അതിനാലാണ് ശരീരത്തിന് കനത്ത ആഘാതമേല്‍ക്കുന്നത്. ഇത് തടയാനാണ് സീറ്റ് ബെല്‍റ്റ്.

വാഹനം അപകടത്തില്‍പ്പെട്ടാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ എയര്‍ബാഗ് തുറക്കും. വന്‍ശക്തിയോടെയായിരിക്കും എയര്‍ബാഗുകള്‍ വിരിയുക. ബെല്‍റ്റിട്ടില്ലെങ്കില്‍ എയര്‍ബാഗിന്റെ ശക്തിയില്‍ മുന്നിലെ യാത്രക്കാരന് ഗുരുതര പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ യാത്രക്കാരന്റെ മുന്നോട്ടായല്‍ കുറയും. തലയിടിക്കാതെ എയര്‍ബാഗ് വിരിയുകയും ചെയ്യും.

സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ ചിലപ്പോള്‍ എയര്‍ബാഗ് തുറക്കുന്നതുകൊണ്ട് പ്രയോജനം ലഭിക്കില്ല, എന്നുമത്രമല്ല പരിക്ക് ഇരട്ടിയാകാനും സാധ്യതയുണ്ട്. മാത്രമല്ല പല വാഹനങ്ങളിലും, എയര്‍ ബാഗ് പ്രവര്‍ത്തിക്കുന്നതിന് സീറ്റ് ബെല്‍റ്റ് ഇടേണ്ടത് നിര്‍ബന്ധമാണ്. ആധുനിക സെന്‍സര്‍ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ ഇത്തരത്തിലുള്ളതാണ്. പിന്നിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ഇടണം. വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ പിന്നിലെ സീറ്റ് ബെല്‍റ്റിടാത്ത യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുപോകാനും സാധ്യതയുണ്ട്. ആഘാതത്തില്‍ പരിക്കും കൂടുതലായിരിക്കും.

Read Also: വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ യാത്രക്കാര്‍ക്കും പിഴ

സീറ്റ് ബെല്‍റ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ശരീരത്തിന്റെ മുന്നോട്ടുള്ള ആക്കം കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ്. ആക്‌സിഡന്റിന്റെ ഭാഗമായി വാഹനത്തിന്റെ വേഗത പെട്ടെന്ന് കുറയുകയും പക്ഷെ വാഹനത്തിന്റെ അതേ വേഗതയിലായിരുന്ന നമ്മുടെ ശരീരം മുന്നോട്ടായുകയും വാഹനത്തിനുള്ളില്‍ കൂട്ടിയിടികളുണ്ടാവുകയും ചെയ്യുന്നു. ഈ ഇടികളില്‍ നിന്നും നമ്മെ പിടിച്ച് നിര്‍ത്തുകയാണ് സീറ്റ് ബെല്‍റ്റ് ചെയ്യുന്നത്. ഒപ്പം ഉയര്‍ന്നുവരുന്ന എയര്‍ബാഗ് ഇടിയുടെ ഭാഗമായുണ്ടാകുന്ന ആഘാതത്തില്‍ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു. സീറ്റ് ബെല്‍റ്റ് ഇല്ലാതെ, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിലുള്ള ആഘാതം മരണത്തിലേക്ക് നയിച്ചേക്കാം, അതേസമയം സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുമ്പോള്‍, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിലുള്ള അതേ ആഘാതം ചെറിയ പരിക്കുകള്‍ക്ക് മാത്രമേ കാരണമാകൂ. എയര്‍ബാഗിന് തനിച്ച് നമ്മളെ അപകടത്തില്‍ നിന്നും രക്ഷിക്കാനാവില്ല.

Read Also: പിന്‍സീറ്റില്‍ എല്ലാവര്‍ക്കും സീറ്റ് ബെല്‍റ്റ്; ഇന്ത്യയില്‍ നിയമം ഉടന്‍ വരും

വാഹനത്തില്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന ഉപകരണം സീറ്റ് ബെല്‍റ്റ് തന്നെയാണ്. എസ് ആര്‍ എസ് എയര്‍ബാഗ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിന്റെ പൂര്‍ണരൂപം സപ്ലിമെന്റല്‍ റിസ്‌ട്രെയിന്റ് സിസ്റ്റം എന്നാണ്. അതായത് നമ്മുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള അനുബന്ധ ഉപകരണം മാത്രമാണ് എയര്‍ബാഗ്. വലിയൊരുശതമാനം അപകടങ്ങളിലും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കപ്പെട്ടത് സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നു എന്നതിനാലാണ്. അതുകൊണ്ടുതന്നെ സീറ്റ് ബെല്‍റ്റ് എന്തായാലും ധരിക്കണം ഒപ്പം എയര്‍ബാഗും വേണം. രണ്ടും കൂടി ചേര്‍ന്നതാണ് നമ്മുടെ സുരക്ഷ. ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ 2016 ല്‍ നടത്തിയ പഠനം കണ്ടെത്തിയത് പ്രതിദിനം 15 പേരുടെ മരണം സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു എന്നാണ് കണക്ക്.

Story Highlights: kerala police about wearing seat belt while driving

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here