റെയിൽവേ ട്രാക്കിൽ വീണ ഫോൺ എടുക്കാൻ ശ്രമിക്കവേ ട്രെയിനെത്തി; കൊല്ലത്ത് പൊലിഞ്ഞത് 2 ജീവനുകൾ

കൊല്ലം ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ ട്രയിനിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. റെയിൽവേ ട്രാക്കിൽ വീണ ഫോൺ എടുക്കാൻ ശ്രമിക്കവേയാണ് വിളക്കുടി പഞ്ചായത്ത് മെമ്പർ റഹീംകുട്ടിയെ ട്രെയിനിടിച്ചത്. ഇദ്ദേഹത്തെ രക്ഷപ്പെടുത്താൻ ശ്രമിക്കവേയാണ് കൊല്ലം കുന്നിക്കോട് സ്വദേശിനി സജീനയും അപകടത്തിൽപ്പെട്ടത്.
Read Also: കൊല്ലം ചടയമംഗലത്ത് യുവതി ഭർത്തൃഗൃഹത്തിൽ തൂങ്ങി മരിച്ചു
റഹീംകുട്ടിയുടെ ഫോൺ അബദ്ധത്തിൽ റെയിൽവേട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇത് എടുക്കാൻ ശ്രമിക്കവേയാണ് അപ്രതീക്ഷിതമായി ട്രെയിൻ എത്തിയത്. ഇദ്ദേഹത്തെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കുന്നിക്കോട് സ്വദേശിനി സജീനയും ട്രെയിനിന് അടിയിൽപ്പെടുകയായിരുന്നു. പ്രാരംഭ നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
ആവണീശ്വരത്ത് നിന്ന് കൊല്ലത്തേയ്ക്ക് ട്രെയിൻ കാത്തുനിന്നവരാണ് മരിച്ചത്. കൊല്ലം കുന്നിക്കോട് സ്വദേശിനി സജീന സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. പഞ്ചായത്ത് മെമ്പർ റഹീംകുട്ടിയുടെ കാൽ അറ്റുപോയിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇദ്ദേഹവും മരണത്തിന് കീഴടങ്ങുകയായിരുന്നു. വിളക്കുടി രണ്ടാം വാർഡ് മെമ്പറാണ് മരിച്ച റഹിംകുട്ടി.
Story Highlights: Kollam Train accident; Mobile phone behind the accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here