ലെജൻഡ്‌സ് ലീഗ്; യൂസഫ് പത്താനും പങ്കജ് സിംഗും തിളങ്ങി, ഇന്ത്യ മഹാരാജാസിന് ജയം

ലെജൻഡ്‌സ് ലീഗ് ചാരിറ്റി മത്സരത്തിൽ വേൾഡ് ജയന്റ്‌സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ മഹാരാജാസ്. യൂസഫ് പത്താന്റെ അർധസെഞ്ച്വറി പ്രകടനവും, പങ്കജ് സിംഗിൻ്റെ 5 വിക്കറ്റ് നേട്ടവുമാണ് ജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത വേൾഡ് ജയൻറ്സ് 8 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് എടുത്തപ്പോൾ, മറുപടിക്കിറങ്ങിയ ഇന്ത്യ മഹാരാജാസ് 8 പന്തും 6 വിക്കറ്റും ശേഷിക്കേ ലക്ഷ്യം മറികടന്നു.
ഈഡൻ ഗാർഡൻസിൽ നടന്ന പ്രത്യേക പ്രദർശന മത്സരത്തിൽ, 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മഹാരാജാസിന് തുടക്കത്തിൽ തന്നെ സ്റ്റാര്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ നഷ്ടമായി. 5 പന്തിൽ 4 റൺസെടുത്ത സെവാഗിനെ എഡ്വാര്‍ഡ്‌സാണ് പുറത്താക്കിയത്. 18 റൺസെടുത്ത പാർഥിവ് പട്ടേൽ ടിം ബ്രെസ്‌നൻ്റെ ഇരയായി. മുഹമ്മദ് കൈഫിനെയും (11) ബ്രസ്‌നന്‍ മടക്കി. എന്നാല്‍ നാലാം വിക്കറ്റില്‍ തന്‍മെയ് ശ്രീവാസ്തവ-യൂസുഫ് പത്താന്‍ കൂട്ടുകെട്ട് ടീമിനെ അതിവേഗം മുന്നോട്ട് നയിച്ചു.
യൂസഫ് പത്താനൊപ്പം തൻമയ് ശ്രീവാസ്തവ ജയൻറ്സ് ബൗളർമാരെ തലങ്ങും വിലങ്ങും പറത്തി. കളിയുടെ പതിമൂന്നാം ഓവറിൽ ഫിഡൽ എഡ്വേർഡിന്റെ സ്പെല്ലിൽ പത്താൻ തുടർച്ചയായി രണ്ട് ഫോറുകൾ നേടി. 39 പന്തില്‍ 8 ഫോറും 1 സിക്‌സുമടക്കം 54 റണ്‍സ് നേടിയ ശ്രീവാസ്തവയെ ബ്രസ്‌നന്‍ പുറത്താക്കുമ്പോള്‍ 17.1 ഓവറില്‍ നാല് വിക്കറ്റിന് 153 എന്ന നിലയിലായിരുന്നു മഹാരാജാസ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 15 പന്തിൽ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അർധസെഞ്ച്വറി നേടിയ യൂസഫ്, വേൾഡ് ജയന്റ്‌സിനെതിരെ 35 പന്തിൽ പുറത്താകാതെ 50 റൺസ് നേടി.
സഹോദരൻ ഇര്‍ഫാന്‍ പത്താന്‍ 9 പന്തില്‍ 20 റണ്‍സ് നേടിയതോടെ എട്ട് പന്തും ആറ് വിക്കറ്റും ശേഷിക്കേ മഹാരാജാസ് ലക്ഷ്യം മറികടന്നു. നേരത്തെ ടോസ് നേടിയ വേൾഡ് ജയൻറ്സ് നായകന്‍ ജാക്ക് കാലിസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗിൽ കെവിന്‍ ഒബ്രിയാനും(52) ഹാമില്‍ട്ടന്‍ മസാകഡ്‌സയും (18) ചേര്‍ന്ന് 50 റണ്‍സ് കൂട്ടുകെട്ട് തീർത്തു. മസാകഡ്‌സയെ പുറത്താക്കി പങ്കജ് സിംഗ് ഇന്ത്യക്ക് ബ്രേക്ക്ത്രൂ നൽകി. ഒബ്രിയാനെ ജോഗീന്ദര്‍ ശര്‍മയും പുറത്താക്കി ടീമിനെ മത്സരത്തിലേക്ക് തിരിക്കെയെത്തിച്ചു. വേള്‍ഡ് ജയ്ന്റ്‌സിന്റെ മധ്യനിരയെ പങ്കജ് സിംഗ് എറിഞ്ഞു വീഴ്ത്തി. 26 റൺസ് വിട്ടു നൽകി താരം 5 വിക്കറ്റുകൾ നേടി.
Story Highlights: India Maharajas Beat World Giants In Charity Match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here