Advertisement

പരസ്യ വിമർശനം; കെഎം ഷാജി ഇന്ന് പാണക്കാടെത്തി വിശദീകരണം നൽകിയേക്കും

September 18, 2022
2 minutes Read
shaji panakkad muslim league

വിവാദങ്ങൾക്കിടെ കെഎം ഷാജി ഇന്ന് പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങൾക്ക് വിശദീകരണം നൽകിയേക്കും. മലപ്പുറം പൂക്കോട്ടൂരിൽ ലീഗിന്റെ പൊതുപരിപാടിയിൽ പികെ കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും ഒന്നിച്ചു പങ്കെടുത്തേക്കും. ഷാജിക്കെതിരെ നടപടി വേണോയെന്ന് അടുത്ത പ്രവർത്തക സമിതി യോഗത്തിൽ തീരുമാനിക്കും. (shaji panakkad muslim league)

Read Also: കെ.എം ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാൾ; എം.കെ മുനീര്‍

പരസ്യ വിമർശനങ്ങളിൽ മുസ്ലിം ലീഗ് നേതൃത്വം വിശദീകരണം ചോദിച്ച സാഹചര്യത്തിലാണ് കെഎം ഷാജി സംസ്ഥാന അധ്യക്ഷനായ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത്. വിവാദങ്ങളുമായി ബന്ധപ്പെട്ട് ഷാജി തങ്ങൾക്ക് വിശദീകരണം നൽകും. ഇന്നലെ ഇരുവരും തമ്മിൽ നാദാപുരത്ത് വെച്ച് കൂടിക്കാഴ്ച്ച നടത്തിയെങ്കിലും വിശദമായ ചർച്ച ഉണ്ടായിട്ടില്ല. അച്ചടക്ക ലംഘനം നടത്തിയ ഷാജിക്കെതിരെ കടുത്ത നടപടി വേണമെന്നാണ് കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്റെ ആവശ്യം. അടുത്ത മാസം അഞ്ചിന് ചേരുന്ന സംസ്ഥാന കൗൺസിലിന് മുന്നോടിയായുള്ള പ്രവർത്തക സമിതി യോഗത്തിൽ വിഷയം ചർച്ചയാകും. നടപടി വേണോയെന്ന കാര്യവും ഈ യോഗത്തിൽ ആയിരിക്കും തീരുമാനിക്കുക. പാർട്ടി പുനസംഘടന ലക്ഷ്യമിട്ടാണ് ഷാജിയുടെ നീക്കങ്ങൾ എന്നാണ് എതിർ വിഭാഗത്തിന്റെ ആരോപണം.

ഭിന്നതകൾക്കിടെ ഇന്ന് വൈകിട്ട് പികെ കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും ഒന്നിച്ചു പൊതു പരിപാടിയിൽ പങ്കെടുക്കും. മലപ്പുറം പൂക്കോട്ടൂർ മുണ്ടിതൊടികയിൽ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടന പൊതു സമ്മേളനത്തിലാണ് ഇരുവരും ഒന്നിച്ചു പങ്കെടുക്കുക.

ഈ മാസം ഒൻപതിന് ജിദ്ദയിലെ പരിപാടിയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ പരോക്ഷ വിമർശനങ്ങളാണ് കെ എം ഷാജിയുമായുള്ള ലീഗിന്റെ പുതിയ വിവാദങ്ങളുടെ തുടക്കം. കുഞ്ഞാലിക്കുട്ടിക്കെതിരെ കെഎം ഷാജിയുടെ നേതൃത്വത്തിൽ പാർട്ടിക്കുള്ളിൽ നടത്തിയിരുന്ന വിമർശനങ്ങൾ പരസ്യവേദികളിലേക്ക് മാറിയതോടെ നേതൃത്വം നിലപാട് കടുപ്പിക്കുകയാണ്. പ്രവർത്തക സമിതിയിൽ കുഞ്ഞാലിക്കുട്ടി അനുകൂലികൾ ഷാജിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിശദീകരണം തേടാനുള്ള തീരുമാനം. പാർട്ടിയിൽ അച്ചടക്ക സമിതിയെ രൂപീകരിക്കാനും ഇതേ യോഗം തീരുമാനിച്ചിട്ടുണ്ട്. കെഎംസിസി വേദികളിലാണ് ഷാജി പരസ്യ വിമർശനം ഉന്നയിച്ചത്.

Read Also: സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി കെ എം ഷാജി

പ്രവർത്തക സമിതിയിൽ വിമർശനങ്ങൾ ഉണ്ടായതിന് പിന്നാലെ മസ്‌കറ്റിലെ കെഎംസിസി പരിപാടിയിലും ഷാജി പരസ്യ പ്രതികരണം നടത്തിയതോടെയാണ് വിശദീകരണം തേടാൻ നേതൃത്വം തീരുമാനിച്ചത്. സമൂഹ മാധ്യമങ്ങളിൽ ലീഗ് അനുകൂല പ്രൊഫൈലുകൾ ഷാജിക്ക് പിന്തുണയുമായി രംഗത്ത് എത്തുന്നുമുണ്ട്. പാർട്ടി സംഘടിപ്പിച്ച വിവിധ പൊതു പരിപാടികളിൽ ഷാജിയുടെ സാന്നിധ്യം ആഘോഷിക്കാൻ കെഎംസിസികളുടെ പിന്തുണയോടെ ആസൂത്രിത നീക്കം നടന്നതായി നേരത്തെ എതിർ വിഭാഗം ആരോപിച്ചിരുന്നു.

Story Highlights: km shaji panakkad muslim league

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top