കോട്ടയത്ത് വീട്ടിൽ കയറി തെരുവുനായയുടെ ആക്രമണം; വീട്ടമ്മയ്ക്ക് 38 മുറിവുകൾ

കോട്ടയം പാമ്പാടിയിൽ വ്യാപകമായ തെരുവുനായ ആക്രമണം. ഏഴ് പേരെയാണ് നായ ആക്രമിച്ചത്. ആക്രമണത്തിൽ വീട്ടമ്മയ്ക്കും 12 വയസുകാരിക്കും കടിയേറ്റു. ഇവരെയൊക്കെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരു വീട്ടമ്മയെ പ്ലാസ്റ്റിക് സർജറിക്ക് വിധേയയാക്കി. നായ ആക്രമിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. (stray dog attack kottayam)
Read Also: തെരുവുനായ പ്രശ്‌നം; തിരുവനന്തപുരം നഗരസഭയുടെ പ്രത്യേക ക്യാമ്പയിന് ഇന്ന് തുടക്കം
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കൂറിനിടെ പാമ്പാടിയിൽ ഏഴ് പേരെയാണ് ഒരു നായ തന്നെ ആക്രമിച്ചത്. ആക്രമണത്തിൽ നിഷ സുനിൽ എന്ന വീട്ടമ്മയ്ക്ക് 38 മുറിവുകളുണ്ടായി. ഇവരെ രക്ഷിക്കാനെത്തിയ സുമി എന്ന മറ്റൊരു സ്ത്രീയെയും നായ ആക്രമിച്ചു. സുമിയുടെ കൈക്കും മാരകമായ മുറിവുണ്ട്. ഇവരെ പ്ലാസ്റ്റിക് സർജറിക്ക് വിധേയയാക്കി. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇതേ നായ തന്നെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന 12 വയസുകാരിയെയും ആക്രമിച്ചു. ഈ നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി. അതുകൊണ്ട് തന്നെ നായയ്ക്ക് പേവിഷബാധ ഉണ്ടോയെന്ന് സംശയമുണ്ട്.
അതേസമയം, തെരുവുനായ പ്രശ്‌നം പരിഹരിക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ പ്രത്യേക ക്യാമ്പയിന് ഇന്ന് തുടക്കമാകും. ഇന്നുമുതൽ മൂന്നുദിവസം നഗരത്തിലെ വളർത്തു നായ്ക്കൾക്ക്വാക്‌സിൻ നൽകും. ഇതിനായി 15 സെന്ററുകൾ ക്രമീകരിച്ചിട്ടുണ്ട്. നഗരത്തിലെ തെരുവ് നായ പ്രശ്‌നങ്ങളും പരിഹാരനടപടികളും ഇന്നലെ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ ചർച്ചയായി.
മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ തെരുവുനായ ശല്യം രൂക്ഷമായ ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയിൽ തിരുവനന്തപുരമാണ് ഒന്നാമത്. മൊത്തം 170 ഹോട്ട്‌സ്‌പോട്ടുകളിൽ 28 എണ്ണം തിരുവനന്തപുരത്താണ്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം നഗരസഭ പ്രത്യേക ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചിരുന്നത്.
മൂന്നുദിവസം നീണ്ടു നിൽക്കുന്ന വളർത്തു നായ്ക്കൾക്കുള്ള വാക്‌സിനേഷന് ഇന്ന് തുടക്കമാകും. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ക്യാമ്പ് പ്രവർത്തിക്കുക. നായ്ക്കളുടെ വാക്‌സിനേഷനായി 10000 ഡോസ് വാക്‌സിനാണ് എത്തിക്കുന്നത്. നഗരത്തിലെ മുഴുവൻ വളർത്തു നായ്ക്കൾക്കും വാക്സിൻ ഉറപ്പാക്കണം എന്നും നഗരസഭ നിർദേശിച്ചിട്ടുണ്ട്.
തെരുവ് നായ്ക്കൾക്കുള്ള വാക്‌സിനേഷൻ നടപടികൾ ഈ മാസം 25ന് ആരംഭിക്കും. ഇതിനായി ഒരു മാസം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് നഗരസഭ തയ്യാറാക്കിയിട്ടുള്ളത്. നഗരത്തിലെ വന്ധ്യംകരണ കേന്ദ്രങ്ങളുടെ പ്രവർത്തനം ഊർജ്ജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവല്ലത്തുള്ള വന്ധ്യംകരണ കേന്ദ്രം തൽക്കാലത്തേക്ക് പേട്ടയിലേക്ക് മാറ്റും. നഗരത്തിലെ പെറ്റ് ഷോപ്പുകളിൽ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Story Highlights: stray dog attack kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here