വയറ്റിൽ ഒരു കിലോയിൽ അധികം സ്വർണ്ണം; ദുബായിൽ നിന്നെത്തിയ യുവാവ് പിടിയിൽ

കരിപ്പൂരിൽ ഒരു കിലോയിലധികം സ്വർണം പൊലീസ് പിടികൂടി. ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വാരിയംകോട് സ്വദേശി പി. നൗഫൽ (36) ആണ് പിടിയിലായത്. വയറ്റിനുള്ളിൽ കാപ്സ്യൂൾ രൂപത്തിൽ 1.065 കി. ഗ്രാം സ്വർണ്ണം മിശ്രിതരൂപത്തിൽ ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. സ്വർണ്ണത്തിന് വിപണിയിൽ 54 ലക്ഷം രൂപ വില വരും. ( gold in stomach young man arrested ).
ഇന്ന് 10.15 ന് ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കാലിക്കട്ട് എയർപോർട്ടിലെത്തി. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11മണിക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ നൗഫലിനുവേണ്ടി പൊലീസ് പുറത്ത് കാത്ത് നൽപുണ്ടായിരുന്നു. മുൻകൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നൗഫലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ നൗഫൽ വിസമ്മതിച്ചിരുന്നു. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പൊലീസ് വിശദമായി പരിശോധിച്ചു. എന്നാൽ സ്വർണം കണ്ടെടുക്കാനായില്ല. ഇതേത്തുടർന്ന് നൗഫലിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. എക്‌സ്‌റേയിൽ ഇയാളുടെ വയറിനുള്ളിൽ സ്വർണം അടങ്ങിയ നാല് കാപ്സ്യൂളുകൾ കണ്ടെത്തുകയായിരുന്നു. നൗഫലിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട്കസ്റ്റംസിനും സമർപ്പിക്കും. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് പിടികൂടുന്ന 59-ാമത്തെ സ്വർണക്കടത്ത് കേസാണിത്.
കഴിഞ്ഞ ദിവസവും കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് സ്വർണം പിടികൂടിയിരുന്നു. ദുബായിൽ നിന്ന് എത്തിയ കാസർഗോഡ് സ്വദേശി മുഹമ്മദ് ഷബീറാണ് (28) കസ്റ്റംസിന്റെ പിടിയിലായത്. 769 ഗ്രാം സ്വർണമിശ്രിതം ഇയാളിൽ നിന്നും കസ്റ്റംസ് കണ്ടെടുത്തു. സ്ത്രീകളുടെ ഹാൻഡ്ബാഗ്, പെൻസിൽ കട്ടർ, ടൈഗർ ബാം, കുക്കിങ്ങ് പാൻ എന്നിവയിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.
Story Highlights: gold in stomach young man arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here