Advertisement

മഹ്‌സ അമിനിയുടെ മരണം; തെരുവിലിറങ്ങി പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച് ഇറാന്‍ പൊലീസ്

September 19, 2022
Google News 3 minutes Read
Iranian police beat up protesters in Mahsa Amini death

ഇറാനില്‍ ശിരോവസ്ത്രത്തിന്റെ പേരില്‍ മതപൊലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണപ്പെട്ടതിന് പിന്നാലെ രാജ്യത്ത് കടുത്ത പ്രതിഷേധമാണുണ്ടാകുന്നത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കോമ സ്‌റ്റേജിലായിരുന്ന മഹ്‌സ അമിനി എന്ന ഇറാന്‍ മുന്‍ ഫുട്‌ബോള്‍ താരം കൂടിയായ യുവതി വെള്ളിയാഴ്ചയാണ് മരിച്ചത്. മഹ്‌സയുടെ മരണത്തില്‍ പ്രതിഷേധിച്ച മുപ്പതോളം പേരെ ഇറാന്‍ പൊലീസ് തല്ലിച്ചതച്ചു.(Iranian police beat up protesters in Mahsa Amini death)

മഹ്‌സയുടെ മരണം ദാരുണമെന്ന് വിശേഷിപ്പിച്ച് ഇറാന്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് പരസ്യ പ്രതിഷേധങ്ങളിലേക്ക് കാര്യങ്ങളെത്തിയത്. യുഎന്‍ പൊതുസമ്മേളനത്തിനായി പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിന് തൊട്ടുമുന്‍പാണ് ഈ സംഭവവികാസങ്ങള്‍. മഹ്‌സിയുടെ മരണത്തില്‍ ഇബ്രാഹിം റെയ്‌സി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

മഹ്‌സയുടെ ജന്മനാടായ കുര്‍ദിസ്ഥാനിലെ സാക്വസില്‍ ശനിയാഴ്ചയായിരുന്നു സംസ്‌കാരചടങ്ങുകള്‍. മഹ്‌സ ചികിത്സയില്‍ കഴിഞ്ഞിരുന്ന ടെഹ്‌റാനിലെ കസ്ര ആശുപത്രിക്ക് പുറത്തായിരുന്നു ആദ്യം പ്രതിഷേധക്കാര്‍ തടിച്ചുകൂടിയത്. പ്രതിഷേധം കനത്തതോടെ പൊലീസ് പ്രകടനം നടത്തിയവരെ അടിച്ചമര്‍ത്തുകയായിരുന്നു.

ശവസംസ്‌കാര ചടങ്ങില്‍ അധികമാളുകള്‍ പങ്കെടുക്കാതിരിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ആയിരത്തോളം പേര്‍ എത്തിയിരുന്നു. ആശുപത്രിക്ക് മുന്നിലെ പ്രതിഷേധത്തിന് പുറമേ ഗവര്‍ണറുടെ ഓഫീസിന് പുറത്തും ആളുകള്‍ ഒത്തുകൂടിയതോടെ ഇറാന്‍ പൊലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതായും 30ലധികം പേര്‍ക്ക് പരുക്കേറ്റതായും കുര്‍ദിഷ് മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Read Also: അവള്‍ ഇനി മടങ്ങിവരില്ല; ശിരോവസ്ത്രത്തിന്റെ പേരില്‍ ഇറാന്‍ മതപൊലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണത്തിന് കീഴടങ്ങി

സഖേസില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ടെഹ്‌റാനില്‍ എത്തിയതായിരുന്നു മഹ്‌സയുടെ കുടുംബം. ഇവിടെ വച്ച് സഹോദരനൊപ്പം നില്‍ക്കുമ്പോഴാണ് ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ ഇറാന്‍ മതപൊലീസ് മഹ്‌സയെ കസ്റ്റഡിയിലെടുത്തത്.

പൊലീസ് കസ്റ്റഡിയിലെടുത്ത് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് മഹ്‌സയെ ആശുപത്രിയിലേക്ക് മാറ്റിയത്. സ്ഥിതി ഏറെ ഗുരുതരമായിരുന്ന യുവതിയുടെ തലയ്ക്കാണ് ഗുരുതരമായി പരുക്കുണ്ടായിരുന്നത്. പൊലീസ് മര്‍ദനമാണ് മരണകാരണമെന്നാണ് മഹ്‌സയുടെ കുടുംബം ആരോപിക്കുന്നത്. ഐസിയുവില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന മഹ്‌സയുടെ ചിത്രങ്ങള്‍ പുറത്തുവന്നതും പ്രതിഷേധത്തിന് ആക്കം കൂട്ടി.

Read Also:പെൺകുട്ടികൾ പഠിക്കണമെന്ന് 90% അഫ്ഗാനികൾ; പിന്തുണ പ്രാദേശിക മാധ്യമം നടത്തിയ വോട്ടെടുപ്പിൽ

ഇറാനില്‍ സ്ത്രീകള്‍ വസ്ത്രധാരണത്തിന്റെയും ശിരോവസ്ത്രത്തിന്റെയും പേരില്‍ നേരിടുന്ന തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തെ ഇരയാകുകയാണ് മഹ്‌സ എന്ന 22കാരി. ‘സദാചാര പട്രോളിംഗ്’ എന്നാണ് പൊലീസിന്റെ ഈ ആക്രമണങ്ങള്‍ അറിയപ്പെടുന്നത്.

Story Highlights: Iranian police beat up protesters in Mahsa Amini death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here