Advertisement

വെട്ടേറ്റ് അറ്റുപോയ യുവതിയുടെ കൈപ്പത്തി തുന്നിച്ചേര്‍ത്തത് ഡോ.ബിനോയിയും സംഘവും

September 20, 2022
Google News 2 minutes Read

ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തി അറ്റുതൂങ്ങിയ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച യുവതിയ്ക്ക് എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയകള്‍ക്കൊടുവില്‍ കൈപ്പത്തി തുന്നിച്ചേര്‍ത്ത ഡോ.ബിനോയിക്കും സംഘത്തിനും അഭിനന്ദന പ്രവാഹം. തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയെ സമീപിച്ചപ്പോള്‍ പത്തരലക്ഷം രൂപ ചെലവുവരുമെന്നറിയിച്ചതോടെയാണ് ബന്ധുക്കള്‍ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.

ശനി രാത്രി 12ന് ആരംഭിച്ച ശസ്ത്രക്രിയാ നടപടികള്‍ പൂര്‍ത്തിയാക്കി ഞായര്‍ പകല്‍ ഒന്‍പതു മണിയോടെ യുവതിയെ തീവ്രപരിചരണവിഭാഗത്തിലേയ്ക്കു മാറ്റി. അസ്ഥിരോഗ വിഭാഗത്തിലെയും പ്ലാസ്റ്റിക് സര്‍ജറിയിലെയും അനസ്‌തേഷ്യയിലെയും ഡോക്ടര്‍മാര്‍ വിശ്രമമില്ലാതെ നടത്തിയ എട്ടുമണിക്കൂര്‍ ശസ്ത്രക്രിയയിലൂടെയാണ് ഞരമ്പുകളും അസ്ഥികളുമെല്ലാം തുന്നിച്ചേര്‍ത്ത് കൈപ്പത്തി പൂര്‍വ സ്ഥിതിയിലാക്കിയത്. അസ്ഥികള്‍ കമ്പിയിട്ട് ഉറപ്പിച്ചശേഷം ഞരമ്പുകളും അറ്റുപോയ രക്തക്കുഴലുകളും മറ്റു സൂക്ഷ്മനാഡികളുമെല്ലാം തുന്നിച്ചേര്‍ക്കുന്നതിന് അതിസങ്കീര്‍ണ ശസ്ത്രക്രിയ വേണ്ടിവന്നു.

ശനിയാഴ്ച രാത്രി എട്ടോടെയാണ് പത്തനംതിട്ട കലഞ്ഞൂര്‍ പറയന്‍കോട് ചാവടിമലയില്‍ വിദ്യ(27)യെ ഭര്‍ത്താവ് സന്തോഷ് വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വെട്ടുകത്തി കൊണ്ടുള്ള വെട്ട് തടുക്കുന്നതിനിടെ ഇടതുകൈയ്യില്‍ വെട്ടുകൊണ്ടു. കൈപ്പത്തി വെട്ടുകൊണ്ട് അറ്റുതൂങ്ങി. വലതുകൈയ്യിലെ വിരലുകള്‍ക്കും പരിക്കുണ്ട്. ഉടനെ ബന്ധുക്കള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്നാണ് രാത്രി തന്നെ തിരുവനന്തപുരത്തെത്തി കോട്ടയ്ക്കകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

തുടര്‍ന്നാണ് രാത്രി തന്നെ തിരുവനന്തപുരത്തെത്തി കോട്ടയ്ക്കകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെ നടന്ന പരിശോധനകള്‍ക്കുശേഷം ശസ്ത്രക്രിയയ്ക്ക് പത്തുലക്ഷത്തിലധികം രൂപ ചെലവാകുമെന്നും ശസ്ത്രക്രിയ നടന്നാല്‍ തന്നെ വിജയിക്കുന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി വിദ്യയുടെ അച്ഛന്‍ വിജയന്‍ അറിയിച്ചു. തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ ഓഫീസ് ഇടപെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിച്ച് ഉടന്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. മള്‍ട്ടി ഡിസിപ്‌ളിനറി ഐസിയുവില്‍ ചികിത്സയിയില്‍ കഴിയുന്ന വിദ്യ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യയുടെ അച്ഛന്‍ വിജയന്റെ മുതുകിലും വെട്ടേറ്റു.

മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ മുറിവില്‍ 12 തുന്നലുകളുണ്ട്. വിദ്യയുടെ കൈപ്പത്തി തുന്നിച്ചേര്‍ത്ത ശസ്ത്രക്രിയാസംഘത്തില്‍ അസ്ഥിരോഗവിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ ബിനോയ്, ഡോ രോഹിത്, ഡോ ജെയ്‌സണ്‍, പ്ലാസ്റ്റിക് സര്‍ജറി അസോസിയേറ്റ് പ്രൊഫസര്‍ ഡോ ബിനോദ്, ഡോ ലിഷ, ഡോ വൃന്ദ, ഡോ ചാള്‍സ്, അനസ്‌തേഷ്യവിഭാഗത്തില്‍ നിന്ന് ഡോ സുരയ്യ, ഡോ ആതിര എന്നിവര്‍ക്കൊപ്പം നേഴ്‌സ് രമ്യയും സഹപ്രവര്‍ത്തകരും പങ്കെടുത്തു.

Story Highlights: cut off palm has been rejoined in medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here