ഗവർണർ ആർഎസ്എസിന്റെ സ്വയംസേവകനായാണ് പ്രവർത്തിക്കുന്നത് : എം.വി ഗോവിന്ദൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വ്യക്തിപരമായി കടന്നാക്രമിച്ചും ആരോപണങ്ങൾക്ക് രാഷ്ട്രീയമായി പ്രതിരോധം തീർത്തും എൽ.ഡി.എഫ് നേതൃത്വം. ഗവർണർ ആർ.എസ്.എസിന്റെ സ്വയംസേവകനായാണ് പ്രവർത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിച്ചു. ഗവർണർക്കെതിരെ മന്ത്രിമാരും മുൻമന്ത്രിമാരും ഇന്നും കൂട്ടത്തോടെ രംഗത്തെത്തി. ഗവർണർക്കെതിരെ ബിനോയ് വിശ്വം എം.പി രാഷ്ട്രപതിക്ക് കത്ത് നൽകി. ഗവർണർക്കെതിരെ ആഞ്ഞടിച്ചായിരുന്നു സിപിഐഎം-സിപിഐ മുഖപത്രങ്ങൾ ഇന്ന് പുറത്തിറങ്ങിയത്. ( mv govindan against governor )
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആർ.എസ്.എസ് ബന്ധത്തിലൂന്നി വിമർശനം കടുപ്പിക്കുകയാണ് ഇടതുപാർട്ടികൾ. ഗവർണർ നിലയും വിലയും കാത്തുസൂക്ഷിക്കുന്നില്ലെന്നായിരുന്നു എം.വി.ഗോവിന്ദന്റെ ആരോപണം. ഗവർണർ ആർ.എസ്.എസ് നേതാവിനെ കണ്ടത് പ്രോട്ടോക്കോൾ ലംഘനമാണ്.
കാണാത്ത ബില്ലിൽ ഒപ്പിടില്ല എന്ന് ഗവർണർ പറഞ്ഞതിൽ മുൻ വിധിയുണ്ടെന്ന് മന്ത്രി എം.ബി.രാജേഷ്. ഓപ്പറേഷൻ ലോട്ടസും ഓപ്പറേഷൻ മിഡ്നൈറ്റും കേരളത്തിൽ നടക്കാത്തതുകൊണ്ടാണ് ഗവർണറെ ഉപയോഗിച്ച് ഭരണം തകർക്കാനുള്ള ബിജെപി ശ്രമം.
ഗവർണർ കേരള സർക്കാരിനെ പിരിച്ചു വിടാനുള്ള കളമൊരുക്കുകയാണെന്ന് മുൻ മന്ത്രി ഡോ. ടിഎം തോമസ് ഐസക്. ഇത് പോലെ ബി ജെ പിക്ക് പാദസേവ ചെയ്യുന്ന ഒരാൾ ഗവർണറായിട്ടില്ല.
ഗവർണർ പദവിയുടെ മാന്യത കൈവിടുന്നുവെന്നായിരുന്നു മന്ത്രി കെ.രാജന്റെ വിമർശനം.സർക്കാരുമായുള്ള ഗവർണറുടെ പോര് ഭരണഘടന വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം എം.പി.രാഷ്ട്രപതിക്ക് കത്തുനൽകിയത്. ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയിൽ എത്തിയത് നിലപാടുകൾ വിറ്റാണെന്ന് ദേശാഭിമാനിയിലെ ലേഖനം കുറ്റപ്പെടുത്തുന്നു. ജയിൻ ഹവാലയിലെ മുഖ്യപ്രതിയാണ് ആരിഫ് മുഹമ്മദ് ഖാനെന്നും ലേഖനത്തിൽ വിമർശനമുണ്ട്. ഗവർണറുടേത് ബ്ലാക്ക് മെയിൽ രാഷ്ട്രീയമെന്നായിരുന്നു ജനയുഗം മുഖപ്രസംഗത്തിലെ വിമർശനം.
Story Highlights: mv govindan against governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here