Advertisement

‘മങ്കാദിംഗ്’ ഇനി മുതൽ റണ്ണൗട്ട്, ഉമിനീർ നിരോധനം തുടരും; പരിഷ്കാരങ്ങളുമായി ഐസിസി

September 21, 2022
2 minutes Read
icc cricket new laws

ക്രിക്കറ്റിൽ പുതിയ പരിഷ്കാരങ്ങളുമായി രാജ്യാന്തര ക്രിക്കറ്റ് സമിതി. പലപ്പൊഴും വിവാദങ്ങളിൽ ഇടം നേടിയിട്ടുള്ള മങ്കാദിംഗ് റണ്ണൗട്ട് വിഭാഗത്തിൽ പരിഗണിക്കാൻ തീരുമാനിച്ചു എന്നതാണ് ഏറെ ശ്രദ്ധേയമായ പരിഷ്കാരം. കൊവിഡ് കാലത്ത് പന്തിൽ ഉമിനീർ പുരട്ടുന്നതിനുള്ള വിലക്ക് തുടരാനും തീരുമാനിച്ചിട്ടുണ്ട്. പരിഷ്കാരങ്ങൾ ഒക്ടോബർ ഒന്ന് മുതൽ പ്രാവർത്തികമാകും. (icc cricket new laws)

Read Also: ഗാംഗുലി ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്

ക്രിക്കറ്റ് ലോകത്ത് പലതവണ ചർച്ചയായ മങ്കാദിംഗിനെ മാന്യതയില്ലാത്ത കളി എന്ന വിഭാഗത്തിലാണ് പെടുത്തിയിരുന്നത്. ഐപിഎൽ മത്സരത്തിനിടെ ജോസ് ബട്ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയ അശ്വിൻ ഏറെ വിമർശിക്കപ്പെട്ടിരുന്നു. പുതിയ പരിഷ്കാരങ്ങളിൽ മങ്കാദിംഗിനെ റണ്ണൗട്ട് എന്ന വിഭാഗത്തിൽപെടുത്തി. കൊവിഡ് കാലത്ത് വൈറസ് പടരുന്നത് തടയാനാണ് പന്തിൽ ഉമിനീര് പുരട്ടുന്നത് വിലക്കിയത്. ഈ വിലക്ക് കൊവിഡ് കാലം കഴിഞ്ഞാലും തുടരാൻ തീരുമാനിച്ചു.

ഫീൽഡർ ക്യാച്ചെടുത്ത് ബാറ്റർ പുറത്തായാൽ പകരമെത്തുന്ന താരം അടുത്ത പന്ത് സ്ട്രൈക്ക് ചെയ്യണം. ബാറ്റർ ഓടി നോൺ സ്ട്രൈക്കർ ക്രീസിലെത്തിയാലും പുതിയ ബാറ്ററാവണം അടുത്ത പന്ത് നേരിടേണ്ടത്. ഒരു ബാറ്റർ പുറത്തായി അടുത്ത ബാറ്റർ ക്രീസിലെത്താൻ ഇനി മുതൽ ഏകദിനത്തിലും ടെസ്റ്റിലും രണ്ട് മിനിട്ട് സമയമുണ്ട്. നേരത്തെ ഇത് ഒന്നര മിനിട്ടായിരുന്നു. ടി-20യിൽ ഈ ഒന്നര മിനിട്ട് നിബന്ധന തുടരും. ബാറ്റർമാർ പന്ത് കളിക്കാനായി പൂർണമായും പിച്ച് വിട്ട് പോയാൽ പന്ത് ഡെഡ് ബോൾ ആണ്. ഇത്തരത്തിൽ പിച്ചിനു പുറത്തുപോയി കളിക്കാൻ ബാറ്റർ നിർബന്ധിതനാകുന്ന പന്ത് നോബോളായി പരിഗണിക്കും. ബൗളറുടെ ശ്രദ്ധ തെറ്റിക്കാൻ ബാറ്ററോ ടീമിലെ മറ്റ് അംഗമോ എന്തെങ്കിലും ചെയ്താൽ ബാറ്റിംഗ് ടീമിൻ്റെ സ്കോറിൽ നിന്ന് അഞ്ച് റൺസ് കുറയും. ആ പന്ത് ഡെഡ് ബോളായി കണക്കാക്കും.

Read Also: വനിതാ ഏഷ്യാ കപ്പ് ടി-20; ഇന്ത്യ-പാകിസ്താൻ മത്സരം ഒക്ടോബർ ഏഴിന്

പന്തെറിയും മുൻപ് ക്രീസ് വിട്ടിറങ്ങിയാൽ ബൗളർക്ക് നേരിട്ട് വിക്കറ്റിലെറിഞ്ഞ് ബാറ്ററെ റണ്ണൗട്ടാക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ ഇനി മുതൽ അതിനു വിലക്കുണ്ട്. ഇങ്ങനെയുണ്ടായാൽ അത് ഡെഡ് ബോളായി പരിഗണിക്കും. നിശ്ചിത സമയത്തിനുള്ളിൽ ഓവർ എറിഞ്ഞ് തീർത്തില്ലെങ്കിൽ സർക്കിളിനുള്ളിൽ ഒരു ഫീൽഡറെ അധികം നിർത്തണമെന്ന ടി-20യിലെ പരിഷ്കാരം ഏകദിന മത്സരങ്ങളിലും പ്രാവർത്തികമാവും. പിച്ച് മോശമാണെങ്കിൽ ഇരു ടീമുകളുടെയും അനുവാദത്തോടെ ഹൈബ്രിഡ് പിച്ചുകൾ ഉപയോഗിക്കാം. ടി-20 കളിലാണ് പുതിയ പരിഷ്കാരം.

Story Highlights: icc cricket new laws

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top