കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ മർദിച്ച സംഭവം; പൊലീസിനെതിരെ സിപിഐഎം വിശദീകരണ യോഗം

കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം വിശദീകരണ യോഗം. പൊലീസ് നടപടിയിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ആരോപിച്ചു.
മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അരുണിന്റെ നേതൃത്വത്തിൽ മർദ്ദിച്ചതിനെ തള്ളി പറയുന്നുണ്ടെങ്കിലും പൊലീസ് നടപടിയെ എതിർക്കുകയാണ് സിപിഐഎം. പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ ആഴ്ചകൾക്ക് ശേഷം പൊലീസ് പ്രത്യേകം അപേക്ഷ നൽകിയതും പുതിയ വകുപ്പുകൾ കൂട്ടി ചേർത്തതുമാണ് സിപിഐഎമ്മിനെ ചൊടിപ്പിച്ചത്. പ്രതികളുടെ കുടുംബത്തെ പൊലീസ് വേട്ടയാടുന്നു എന്നാണ് ആരോപണം. സിറ്റി പൊലീസ് കമ്മിഷണറെ ലക്ഷ്യമിട്ടാണ് ആരോപണങ്ങൾ.
പ്രതികൾ പൊതുപ്രവർത്തകരാണെന്നും മെഡിക്കൽ കോളേജിൽ എത്രയോ കാലമായി ഉച്ച ഭക്ഷണം നൽകാൻ മുന്നിൽ നിൽക്കുന്നവർ ആണെന്നും പി മോഹനൻ പറഞ്ഞു. കേസിൽ പ്രതികളെ 28 മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. എന്നാൽ പ്രതികൾ സഹകരിക്കുന്നില്ല എന്ന് പറഞ്ഞു ഏഴ് മണിക്കൂറിനുള്ളിൽ കോടതിയിൽ തിരിച്ചേൽപ്പിച്ചു. ഇതിനിടെ ഒളിവിലുള്ള രണ്ട് പേരെ പിടികൂടാത്തതിനെതിരെ സുരക്ഷാ ജീവനക്കാർ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്.
Story Highlights: kozhikode medical college cpim police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here