ഗവര്‍ണറെ കയ്യേറ്റം ചെയ്തെന്ന ആരോപണം; കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ലോയേഴ്സ് കോണ്‍ഗ്രസ്

ഗവര്‍ണറെ കയ്യേറ്റം ചെയ്തെന്ന ആരോപണത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ലോയേഴ്സ് കോണ്‍ഗ്രസ്. കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും. അന്വേഷണം നടത്താതെ പരാതി തള്ളാനാകില്ലെന്നും പരാതി നല്‍കിയത് ഭരണഘടനാ പദവി പരിഗണിച്ചാണെന്നും പരാതിക്കാരന് പറഞ്ഞു.
ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് കെ വി മനോജ് കുമാറാണ് പരാതിക്കാരന്. പരാതിയില്‍ രാഷ്ട്രീയമില്ലെന്ന് ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. ഭരണതാത്പര്യത്തിനനുസരിച്ചുള്ള നിയമോപദേശത്തെ തുടര്‍ന്നാണ് കേസെടുക്കാത്തതെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
ഗവര്‍ണറുമായുള്ള പോരാട്ടത്തിനിടെ ലോയേഴ്സ് കോണ്‍ഗ്രസിന്റെ പരാതി ആയുധമാക്കാനൊരുങ്ങുകയാണ് സിപിഐഎം. പരാതി കോണ്‍ഗ്രസ്-ബിജെപി ബാന്ധവത്തിന്റെ തെളിവാണ് പരാതിയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിലെ ഗവര്‍ണറുടെ നിലപാട് പരിഗണിക്കാതെയാണ് പരാതി. ഗവര്‍ണര്‍ക്ക് വേണ്ടിയുള്ള വക്കാലത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സിപിഐഎം പ്രതികരിച്ചു.
Read Also: ഗവർണർക്കെതിരെ കയ്യേറ്റം നടന്നിട്ടില്ല; കേസെടുക്കേണ്ടെന്ന് പൊലീസിന് നിയമോപദേശം
നിയമോപദേശം പരിഗണിച്ചാണ് ചരിത്ര കോണ്‍ഗ്രസിലെ കയ്യേറ്റ ആരോപണത്തില്‍ പൊലീസ് കേസെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഗവര്‍ണര്‍ക്കെതിരെ കയ്യേറ്റം നടന്നിട്ടില്ല എന്ന നിയമോപദേശത്തില്‍ പരാമര്‍ശമുണ്ട്. ഐപിസി 124 നിലനില്‍ക്കില്ലെന്നും ഗവര്‍ണറുടെ സുരക്ഷാ ചുമതലയുള്ള എഡിസിയില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പരാതി ലഭിച്ചതിന് പിന്നാലെ പബ്ലിക് പ്രോസിക്യൂട്ടറില്‍ നിന്നാണ് പൊലീസ് നിയമോപദേശം തേടിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് 24ന് ലഭിച്ചു.
Story Highlights: Lawyers Congress will approach court in attack allegation against governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here