‘നിങ്ങള്‍ക്ക് അത്രയ്ക്ക് ധൈര്യമുണ്ടോ’; കൃത്യനിര്‍വഹണത്തിനിടെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി

കൃത്യനിര്‍വഹണത്തിനിടെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥയെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഭീഷണിപ്പെടുത്തിയതില്‍ വിവാദം. സോളാപുരിലെ അനധികൃതഖനനം തടയാനെത്തിയ വി.എസ്. അഞ്ജന കൃഷ്ണ ഐപിഎസിനെയാണ് അജിത് പവാര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തി.
സോളാപുരിലെ അനധികൃതഖനനം തടയാനെത്തിയതായിരുന്നു മലയാളി ഐപിഎസ് ഉദ്യോഗസ്ഥയായ വി.എസ്. അഞ്ജന കൃഷ്ണ. ആ സമയത്തായിരുന്നു അജിത്ത് പവാറിന്റെ കോള്‍. ഒരു പ്രാദേശിക എന്‍സിപി പ്രവര്‍ത്തകന്റെ ഫോണിലാണ് അദ്ദേഹം സംസാരിച്ചത്. ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും നടപടികള്‍ നിര്‍ത്തിവെക്കണമെന്നും അജിത് പവാര്‍ ഫോണിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍, ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് അജിത് പവാറിന്റെ ശബ്ദം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്റെ ഔദ്യോഗിക നമ്പരിലേക്ക് വിളിക്കാന്‍ അജിത് പവാറിനോട് ആവശ്യപ്പെട്ടു. ഇതോടെ ഉപമുഖ്യമന്ത്രി കുപിതനായി.
ഞാന്‍ നിങ്ങള്‍ക്കെതിരെ നടപടിയെടുക്കും. നിങ്ങള്‍ക്ക് എന്നെ നേരിട്ട് കാണണമല്ലേ. എങ്കില്‍ എന്റെ നമ്പര്‍ എടുത്ത് വാട്‌സ്ആപ്പ് കോള്‍ ചെയ്യു. നിങ്ങള്‍ക്ക് അത്ര ധൈര്യമുണ്ടോ – അജിത് പവാര്‍ പറയുന്നു. ഇതിനുപിന്നാലെ ഉദ്യോഗസ്ഥയെ വീഡിയോകോള്‍ ചെയ്ത അജിത് പവാര്‍, നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
Read Also: തിരുവോണനാളിലും സമരം തുടര്‍ന്ന് ആശമാര്‍; ആവശ്യങ്ങള്‍ പരിഗണിക്കാതെ പിന്മാറില്ലെന്ന് നിലപാട്
വീഡിയോ പുറത്തുവന്നതോടെ അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് ശിവസേന ഉദ്ധവ് വിഭാഗം രംഗത്തെത്തി. അജിത് പവാറിന് ഉപമുഖ്യമന്ത്രിയായി തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്നും മഹാരാഷ്ട്രയെ അദ്ദേഹം കള്ളന്മാരുടെ സംസ്ഥാനമാക്കി മാറ്റിയെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.
ഭീഷണിപ്പെടുത്തിയതല്ലെന്നും സ്ഥിതി വഷളാകാതിരിക്കാന്‍ ഇടപെട്ടതെന്നുമാണ് അജിത് പവാറിന്റെ വിശദീകരണം. പൊലീസ് സേനയിലെ വനിത ഉദ്യോഗസ്ഥരെ താന്‍ ബഹുമാനിക്കുന്നുവെന്നും നിയമവിരുദ്ധ ഖനനത്തിന് എതിരാണ് താനെന്നും അജിത് പവാര്‍ പറഞ്ഞു.
തിരുവനന്തപുരം സ്വദേശിയാണ് അഞ്ജന. ടെക്‌സ്റ്റൈല്‍ ബിസിനസുകാരനാണ് അച്ഛന്‍. അമ്മ കോടതിയില്‍ ടൈപ്പിസ്റ്റാണ്. പൂജപ്പുരയിലെ സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂളിലാണ് അഞ്ജല പഠിച്ചത്. നീരമങ്കര എന്‍എസ്എസ് കോളജില്‍ നിന്ന് കണക്കില്‍ ബിരുദം നേടി. ഇതിനു ശേഷമാണ് സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം അഞ്ജന യാഥാര്‍ഥ്യമാക്കുന്നത്. 2022-23 വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 355-ാം റാങ്കുകാരിയായിരുന്നു.
Story Highlights : Meet Fearless Kerala-Born IPS Officer Who Told A Deputy CM, Call Me Directly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here