രാഹുൽഗാന്ധി തന്നെ എ.ഐ.സി.സി അധ്യക്ഷൻ ആകണം; നിലപാട് വ്യക്തമാക്കി സച്ചിൻ പൈലറ്റ്

രാഹുൽഗാന്ധി തന്നെ എ.ഐ.സി.സി അധ്യക്ഷൻ ആകണമെന്നാണ് തന്റെ താല്പര്യമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ഭൂരിഭാഗം പ്രവർത്തകരും ആഗ്രഹിക്കുന്നത് അതാണ്. ആരൊക്കെ നോമിനേഷൻ നൽകുമെന്ന് നോക്കാം.
അതിന് ശേഷം മറ്റു പ്രതികരണങ്ങൾ നടത്തുന്നതാണ് നല്ലത്. ( Rahul Gandhi himself should be the president of AICC; Sachin Pilot ).
ഭാരത് ജോഡോ യാത്രയുടെ വിജയം ബിജെപിയെയും കേന്ദ്ര സർക്കാരിനെയും അസ്വസ്ഥരാക്കുന്നുണ്ട്. കോൺഗ്രസിൽ ആഭ്യന്തര പ്രശ്‌നങ്ങൾ ഉണ്ടെന്ന് വരുത്താനാണ് ബിജെപിയുടെ ശ്രമം. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന അശോക് ഗെഹ്‌ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിപദം ഒഴിയും. ദേശീയ അധ്യക്ഷപദവിയും മുഖ്യമന്ത്രി സ്ഥാനവും ഒരേസമയം വഹിക്കുന്നതിൽ സോണിയ ഗാന്ധി എതിർപ്പുന്നയിച്ചതോടെയാണ് മുഖ്യമന്ത്രി പദമൊഴിയുന്നത്. സോണിയ ഗാന്ധിയുടെ നിലപാടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള അശോക് ഗെഹ്‌ലോട്ടിന്റെ തീരുമാനം.
പുതിയ മുഖ്യമന്ത്രി ആരായിരിക്കണം എന്നത് കോൺഗ്രസ് ഹൈക്കമാൻഡ് നിശ്ചയിക്കും. അശോക് ഗെഹ്‌ലോട്ട് സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും ഇരു നേതാക്കളും ചർച്ച ചെയ്യുക.
സോണിയ ഗാന്ധിയുമായുള്ള ചർച്ചകൾക്ക് ശേഷം അശോക് ഗെഹ്‌ലോട്ട് കൊച്ചിയിലേക്ക് തിരിക്കും. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിയുമായി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച നടത്താനാണ് യാത്ര. ഇന്നലെ രാജസ്ഥാൻ കോൺഗ്രസ് എംഎൽഎമാരുടെ യോഗം അശോക് ഗെഹ്‌ലോട്ട് വിളിച്ചിരുന്നു. അധ്യക്ഷ പദവിയിലേക്ക് മത്സരിക്കും എന്ന സൂചന നൽകാനായിരുന്നു യോഗം.
ഡൽഹിയിൽ നാടകീയമായ നീക്കങ്ങൾ നടക്കുന്നതിനിടെ അധ്യക്ഷ തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം നാളെ പ്രസിദ്ധീകരിക്കും. ശനിയാഴ്ച മുതൽ നാമനിർദ്ദേശപത്രികകൾ സമർപ്പിക്കാം സ്വീകരിക്കുക. 10 എഐസിസി അംഗങ്ങളുടെ പിന്തുണ ഉള്ള ആർക്കും നാമനിർദ്ദേശപത്രിക സമർപ്പിക്കാം.
ഒക്‌ടോബർ 8 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. ഒക്ടോബർ 17ന് തെരഞ്ഞെടുപ്പ് നടക്കും. രാവിലെ 10 മുതൽ നാലു വരെയാണ് വോട്ടെടുപ്പ് സമയം. ഒക്ടോബർ 19ന് വോട്ടെണ്ണൽ നടത്തി പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും. മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് നടപടികൾ നിയന്ത്രിക്കുക. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസിൽ അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.
Story Highlights: Rahul Gandhi himself should be the president of AICC; Sachin Pilot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here