തിരക്കേറിയ ബസ്സിൽ സ്ത്രീകളെ പ്രത്യേക രീതിയിൽ ലോക്ക് ചെയ്ത് മാല പൊട്ടിക്കും; പിടിയിലായത് ദക്ഷിണേന്ത്യൻ കവർച്ചാ സംഘം

ദക്ഷിണേന്ത്യൻ കവർച്ചാ സംഘത്തെ കോഴിക്കോട് വെച്ച് പൊലീസ് പിടികൂടി. പൊതുവിടങ്ങളിൽ കൃത്രിമമായി തിരക്ക് ഉണ്ടാക്കി മോഷണം നടത്തുന്ന സംഘത്തെയാണ് പൊലീസ് കുടുക്കിയത്. കോഴിക്കോട് ജില്ലയിൽ മാത്രം മുപ്പത്തോളം കേസുകളിൽ പ്രതികളാണ് പിടിയിലായ അഞ്ചംഗ സംഘം. ( South Indian robbery gang arrested in Kozhikode ).
കർണ്ണാടക, കേരളം, തമിഴ്നാട് തുടങ്ങീ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മോഷണം നടത്തിയ അഞ്ചംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ബസ്സുകൾ, ആരാധനാലയങ്ങൾ, മാളുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ കൃത്രിമമായി തിരക്കുണ്ടാക്കിയാണ് കവർച്ച നടത്താറുള്ളത്. മധുര പെരുമാൾ കോവിൽ സ്ട്രീറ്റിൽ നാരായണ, മൈസൂർ ഹുൻസൂർ സ്വദേശി മുരളീ, കോലാർ മൂൾബാബിൽ സ്വദേശിനികളായ സരോജ, സുമിത്ര, നാഗമ്മ എന്നിവരാണ് പിടിയിലായത്.
ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ പരാതിക്കാരെ നേരിട്ട് കണ്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു. കവർച്ച നടന്ന സ്ഥലങ്ങളിലെല്ലാം ഇതര സംസ്ഥാന സ്ത്രീകളുടെയും പുരുഷൻമാരുടെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പ് കുന്ദമംഗലം ബസ്റ്റാന്റിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യമാണ് നിർണായകമായത്.
മൂന്ന് സ്ത്രീകൾ ബസ്സിൽ കയറുന്ന സമയത്ത് കവർച്ച നടത്തുന്നതും കൂടെവന്ന ഒരാൾ നിരീക്ഷിക്കുന്നതായും ദൃശ്യത്തിൽ വ്യക്തം. പിന്നീട് എല്ലാവരും കർണാടക രജിസ്ട്രേഷൻ വാഹനത്തിൽ കയറി പോകുന്നതും കാണാം. കഴിഞ്ഞ ദിവസം അതെ വാഹനം ജില്ലയിൽ പ്രവേശിച്ചതായി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് രഹസ്യ വിവരം ലഭിച്ചു. ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തിയാണ് പ്രതികളെ കണ്ടെത്തിയത്.
Read Also: കൊച്ചിയിലെ കവർച്ചാ സംഘം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ചേവായൂർ പൊലീസ് പൂളക്കടവ് ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. വ്യത്യസ്ത രീതിയിൽ മാന്യമായ വേഷം ധരിച്ചാണ് ഇവർ സഞ്ചരിക്കുന്നത്. തിരക്കേറിയ ബസ്സിൽ കയറി സ്ത്രീകളെ പ്രത്യേക രീതിയിൽ ലോക്ക് ചെയ്ത് ശേഷം മൂർച്ചയേറിയ ചെറിയ ആയുധം ഉപയോഗിച്ച് മാല പൊട്ടിക്കാറാണ് പതിവ്. കൂടാതെ പേഴ്സും ഇവർ മോഷ്ടിക്കാറുണ്ട്. മാല പൊട്ടിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക തരം ആയുധവും ഇവരിൽ നിന്നും കണ്ടെടുത്തു.
സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ താത്കാലികമായി ടെൻറ് കെട്ടാനുള്ള സംവിധാനങ്ങളുമായാണ് ഇവരുടെ യാത്ര. വാഹനത്തിൽ കവർച്ച നടത്താൻ ഉദ്ദേശിക്കുന്ന ഭാഗങ്ങളിൽ സ്ത്രീകളെ ഇറക്കിവിട്ട് വാഹനം സുരക്ഷിതമായി മറ്റൊരു ഭാഗത്ത് നിർത്തിയിടും. പിന്നീട് പരമാവധി കവർച്ച നടത്തിയ ശേഷം മറ്റു ജില്ലകളിലേക്ക് കടന്നു കളയുകയാണ് രീതി. ദക്ഷിണേന്ത്യയിൽ നടത്തിയ നിരവധി കവർച്ചകളെ പറ്റി പ്രതികൾ പൊലീസിനോട് സമ്മതിച്ചു. കൂടാതെ ജില്ലയിൽ നടത്തിയ മുപ്പതോളം മോഷണങ്ങൾക്കും തുമ്പുണ്ടായി. നിരവധി സ്വർണ്ണാഭരണങ്ങളും പണവും മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് കണ്ടെടുത്തു.
Story Highlights: South Indian robbery gang arrested in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here