സാഹസികതയും ഫാന്റസിയും നിറച്ച് കത്തിപ്പടര്‍ന്ന് കാര്‍ത്തികേയ 2 ; പിടിച്ചിരുത്തുന്ന തിയേറ്റര്‍ അനുഭവം

ഒരു ചിത്രത്തിന്റെ ആദ്യ ഭാഗം ഹിറ്റായാല്‍ രണ്ടാം ഭാഗവും വമ്പന്‍ ഹിറ്റാകണമെന്നില്ല. എന്നാല്‍ ആദ്യ ഭാഗത്തേക്കാള്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളും ഉണ്ട്, അത്തരത്തില്‍ രണ്ടാം വരവ് നടത്തി, കത്തിപ്പടരുകയാണ് കാര്‍ത്തികേയ 2 . 30 കോടിക്ക് താഴെ ബജറ്റില്‍ ഒരുങ്ങിയ ചിത്രം ഇതിനകം നേടിയത് 120 കോടിയലധികം കളക്ഷനാണ്. തെലുങ്കിലെയും ഹിന്ദിയിലെയും വിജയത്തിന് ശേഷമാണ് മലയാളത്തില്‍ കാര്‍ത്തികേയ 2 പ്രദര്‍ശനത്തിനെത്തുന്നത്. ആക്ഷനും അഡ്വെഞ്ചറും ഫാന്റസിയും ഒരുമിച്ച് ചാലിച്ച് കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് വിസ്മയിപ്പിക്കുന്ന ഒട്ടേറെ കാഴ്ചകള്‍ ഒരുക്കിയിരിക്കുകയാണ് കാര്‍ത്തികേയ 2 എന്ന ചരിത്ര പ്രധാനമായ സിനിമ. (karthikeya 2 movie review)
2014ല്‍ റിലീസ് ചെയ്ത കാര്‍ത്തികേയയുടെ രണ്ടാം ഭാഗമായാണ് ചിത്രം എത്തിയതെങ്കിലും ആദ്യത്തേതില്‍ നിന്നും വ്യത്യസ്തമായ കഥയാണ് പുതിയ ചിത്രത്തിലുള്ളത്. ആദ്യ ഭാഗം സംവിധാനം ചെയ്ത ചന്ദൂ മൊണ്ടേതി തന്നെയാണ് ചരിത്രവും ഫാന്റസിയും കൂടിക്കലര്‍ന്ന ഈ രണ്ടാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. ദൈവവും ശാസ്ത്രവും തമ്മിലുള്ള ബിന്ദുക്കളെ ബന്ധിപ്പിച്ചുകൊണ്ടുള്ള നല്ല ചിന്താപരമായ ചിത്രമാണ് ഇത്. ടൈറ്റില്‍ കഥാപാത്രമായി നിഖില്‍ സിദ്ധാര്‍ത്ഥ് തിരികെയെത്തിയ ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക.
ആദ്യ ഭാഗമായ കാര്‍ത്തികേയയില്‍ നായകന്റെ അമിതമായ കൗതുകം തമിഴ് നാട്ടിലെ പ്രാചീന സുബ്രമണ്യ ക്ഷേത്രത്തിലെ ദുരൂഹതകളും തനിക്ക് നേരെ വരുന്ന അപ്രതീക്ഷിത ദൗത്യവുമൊക്കെ പറഞ്ഞപ്പോള്‍ രണ്ടാം ഭാഗം ദ്വാരകയിലേക്കും മഥുരയിലേക്കും വടക്കേ ഇന്ത്യയിലേക്കും സഞ്ചരിക്കുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ദ്വാപരയുഗത്തിലെ കഥയാണ് ചിത്രം പറയുന്നത്. വരാനിരിക്കുന്ന യുഗത്തിലെ പ്രശ്നങ്ങള്‍ മുന്‍കൂട്ടി കാണുന്ന ശ്രീകൃഷ്ണന്‍ അതിനുള്ള ഉപായങ്ങളും ഒരുക്കിവയ്ക്കുന്നു. ശ്രീകൃഷ്ണന്റെ ചരിത്രവുമായി ബന്ധിപ്പിച്ച ഈ കഥ ചിത്രത്തിന് കരുത്തേകിയിട്ടുണ്ട്.
വളരെ കളര്‍ഫുള്‍ എന്ന് പറയാവുന്ന രീതിയില്‍ ആണ് ചന്ദുവും കൂട്ടരും ചിത്രം ഒരുക്കിയിരിക്കുന്നത്. തുടക്കത്തില്‍ തന്നെ നിഗൂഢത നിറഞ്ഞ എന്തോ ഒരു കാര്യം സംഭവിക്കാന്‍ പോവുകയാണെന്ന് പ്രേക്ഷകര്‍ക്ക് മനസിലാക്കി കൊടുക്കുകയാണ് ഡയറക്ടര്‍ ബുദ്ധി. ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന നായക കഥാപാത്രം അന്ധമായ ഈശ്വര വിശ്വാസമില്ലാത്ത ഒരാള്‍ എന്ന നിലയില്‍ തന്റെ മനസ്സ് പറയുന്ന കാര്യങ്ങള്‍ മാത്രം ഉറച്ച് വിശ്വസിക്കുന്ന ആളാണ്.
മുന്‍ സിനിമയിലെ സംഭവങ്ങള്‍ക്ക് ശേഷം പുരാവസ്തു ഗവേഷകനായ പ്രൊഫസര്‍ രംഗനാഥ റാവു ഗ്രീസിലെ ഒരു ലൈബ്രറി സന്ദര്‍ശിക്കുകയും കലിയുഗത്തില്‍ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന തന്റെ കാലിലെ ചിലമ്പ് സംരക്ഷിക്കാന്‍ ഭഗവാന്‍ കൃഷ്ണന്‍ ഉദ്ധവന്‍ എന്ന ആള്‍ക്ക് വിശ്വസിച്ചു നല്‍കുകയും ചെയ്യുന്നു. ഇതുവരെ ആര്‍ക്കും ആ ചിലമ്പ് കണ്ടുപിടിയ്ക്കാന്‍ പറ്റിയിട്ടില്ല. കാല്‍ത്തള കണ്ടെത്താനുള്ള മാര്‍ഗം അന്വേഷിച്ചിരുന്ന പ്രമുഖ ആര്‍ക്കിയോളജിസ്റ്റിന് ചില സൂചനകള്‍ ലഭിക്കുകയും അയാളത് തെറ്റായ കൈകളില്‍ എത്താതിരിക്കാന്‍ ഒളിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഒരു കാര്യത്തിന് ഇറങ്ങി തിരിച്ചാല്‍ അത് നിറവേറ്റാതെ മടങ്ങാത്ത നായകന്‍ ആ ചിലമ്പ് കണ്ടുപിടിക്കാന്‍ പോകുന്നതാണ് കഥ. മികച്ച ഒരു അധ്യാപകന്‍, യോദ്ധാവ്, സംഗീതജ്ഞന്‍, ആര്‍ക്കിടെക്റ്റ് തുടങ്ങിയ രീതിയിലും ശ്രീകൃഷ്ണനെ നമുക്ക് നോക്കിക്കാണാമെന്നും സംവിധായകന്‍ ഈ ചിത്രത്തിലൂടെ പറയുന്നുണ്ട്.
ടൈറ്റില്‍ കഥാപാത്രമായെത്തിയ നിഖിലിന്റെ പ്രകടനം തന്നെ മുന്നിട്ട് നില്‍ക്കുന്നു. നായികയായ മുഗ്ധയായി അനുപമ പരമേശ്വരനും മികച്ച പിന്തുണ നല്‍കി. അനുപയുടെ മലയാളത്തില്‍ ഇതുവരെ കാണാത്ത ഒരു തന്റേടമുള്ള കഥാപാത്രമാണ് ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. വെങ്കടേഷ് മുമ്മു മുമ്മുഡി അവതരിപ്പിച്ച അഭീരയും കയ്യടിയര്‍ഹിക്കുന്നു. ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ സ്വാധീനമുള്ള കഥാപാത്രവും എടുത്തു പറയേണ്ട ഒന്നാണ്. ആദിത്യ, ശ്രീനിവാസ റെഡ്ഡി, തുള്‍സി എന്നിവരും വേഷങ്ങള്‍ ഭംഗിയാക്കിയപ്പോള്‍ കാര്‍ത്തിക് ഘട്ടംനേനിയുടെ ഛായാഗ്രഹണവും കാലഭൈരവയുടെ സംഗീതവും കാര്‍ത്തികേയയുടെ രണ്ടാം വരവിനെ മികവുറ്റതാക്കി.
ആത്മീയത ഉണര്‍ത്തുന്ന പശ്ചാത്തലങ്ങള്‍ ചിത്രത്തിന്റ ഏറ്റവും വലിയ മേന്മയാണ്. പ്രത്യേകിച്ചും ദ്വാരകയിലെ രംഗങ്ങള്‍ മികച്ച അനുഭവമാണ് നല്‍കിയത്. കാര്‍ത്തിക് ഘട്ടംനേനി മനോഹരമായി ദ്യശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഓരോ സാഹചര്യങ്ങള്‍ക്കനുസരിച്ച് കൃത്യതയോടെ നിര്‍വ്വഹിച്ച ഛായാഗ്രഹണം വിവിധ ജോണറുകളുടെ മിശ്രിതമായ ചിത്രത്തെ നന്നായി പിന്തുണയ്ച്ചു. ചിത്രത്തിന്റെ അഡ്വഞ്ചര്‍ ത്രില്ലര്‍ മോഡുകളെ വിജയിപ്പിക്കുന്നതില്‍ കാലഭൈരവയുടെ സംഗീതത്തിനും വലിയ പങ്കുണ്ട്. ആകാംഷ ഉണര്‍ത്തുന്ന ക്ലൈമാക്‌സ് സീനുകള്‍ വി എഫ് എക്‌സിന്റെ സഹായത്തോടെ വളരെ നല്ല രീതിയില്‍ ഒരുക്കിയിരിക്കുന്നതും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. എന്തുകൊണ്ടും ഒരു ആക്ഷന്‍ അഡ്വെഞ്ചര്‍ ഫാന്റസി ചിത്രം എന്ന് തന്നെ കാര്‍ത്തികേയ 2 വിനെ വിശേഷിപ്പിക്കാം.
Story Highlights: karthikeya 2 movie review
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here