കാര്യവട്ടം ടി-20; കളി കാണാൻ ഗാംഗുലിയെത്തും; മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുക്കും

തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന ടി-20 മത്സരം കാണാൻ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി എത്തും. 28ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന ഗാംഗുലി സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കാണും. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘സേ നോ ടു ഡ്രഗ്സിൽ’ അദ്ദേഹം പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അതിനു ശേഷമാണ് അദ്ദേഹം സ്റ്റേഡിയത്തിൽ എത്തുക. ഈ മാസം 28നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 മത്സരം.
പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം തിരുവനന്തപുരത്തെത്തിയിരുന്നു. ഹൈദരാബാദിൽ നിന്നെത്തിയ ഇന്ത്യൻ സംഘം വൈകിട്ട് 4.30ഓടെയാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പര 2-1നു സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ കളത്തിലിറങ്ങുന്നത്. ഈ മാസം 28നാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ മത്സരം.
വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ സ്വീകരിച്ചു. കോവളത്തെ റാവിസ് ഹോട്ടലിലാണ് ടീം താമസിക്കുക. ടീം അംഗങ്ങൾ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്കുവന്നപ്പോൾ കൂടിനിന്ന ആരാധകർ മലയാളി താരം സഞ്ജു സാംസണു വേണ്ടി ആർപ്പുവിളിച്ചു. താരം ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിട്ടില്ല.
28 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന പരമ്പര ഒക്ടോബർ നാലിന് ഇൻഡോറിലെ ഹോൾകർ സ്റ്റേഡിയത്തിലെ മത്സരത്തോടെ അവസാനിക്കും. ഒക്ടോബർ രണ്ടിന് ഗുവാഹത്തിയിലാണ് പരമ്പരയിലെ രണ്ടാം മത്സരം.
Story Highlights: karyavattom t20 ganguly pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here