ഹർത്താൽ ആക്രമണത്തിന് ആഹ്വാനം; പോപ്പുലർ ഫ്രണ്ട് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അറസ്റ്റിൽ

പോപ്പുലർ ഫ്രണ്ട് കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് നൗഫൽ സി പി അറസ്റ്റിൽ.ഹർത്താൽ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. മട്ടന്നൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിവസം ഏറ്റവും കൂടുതൽ പെട്രോൾ ബോംബ് ആക്രമണമടക്കം നടന്നത് കണ്ണൂരിലായിരുന്നു. തുടർന്ന് ബോംബ് ആക്രമണത്തിനും സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതിനും അണികൾക്ക് നേതാക്കൾ നിർദേശം നൽകിയിരുന്നതായും കണ്ടെത്തി. പിന്നാലെയാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.(popular front kannur district president arrested)
അതേസമയം വയനാട് മാനന്തവാടിയിലെ പിഎഫ്ഐ നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ കണ്ടെത്തി. പിഎഫ്ഐ നേതാവ് സലീമിന്റെ ടയർ കടയിൽ നിന്നുമാണ് നാല് വടിവാളുകൾ കണ്ടെത്തിയത്. സലീമിനെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ടയർ കടയിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. വലിയ രീതിയിലുള്ള അക്രമസംഭവങ്ങളാണ് വയനാട് ജില്ലയിൽ പിഎഫ്ഐ ഹർത്താലുമായി ബന്ധപ്പെട്ട് അരങ്ങേറിയത്. പി എഫ്ഐ നേതാക്കളിൽ 89 പേരെ കഴിഞ്ഞ ദിവസം മാനന്തവാടി ഓഫീസിലേക്ക് മാർച്ച് നടത്തിയതുമായി ബന്ധപ്പെട്ടുകൊണ്ട് റിമാൻഡ് ചെയ്തിരുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ രണ്ട് ജില്ലകളിലെ ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തി. വയനാട്, പാലക്കാട് ജില്ലകളിലെ ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലുമാണ് പരിശോധന. വയനാട്ടിൽ ജില്ലാ കമ്മറ്റി ഓഫീസായ മാനന്തവാടി എരുമത്തെരുവിലാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ റെയ്ഡ് നടക്കുന്നത്.
പാലക്കാട് ജില്ലയിൽ പിഎഫ്ഐ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന. കൽമണ്ഡപം, ചടനാം കുറുശ്ശി, ബി ഒ സി റോഡ്, ശംഖുവാരത്തോട്, എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാല് വിംഗ് ആയി തിരിഞ്ഞാണ് പരിശോധന. പിഎഫ്ഐക്ക് ഒപ്പം എസ്ഡിപിഐ നേതാക്കളുടെ വീടുകൾ സ്ഥാപനങ്ങൾ, ജോലി സ്ഥലങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിലും റൈഡ് തുടരും.
Story Highlights: popular front kannur district president arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here