“എനിക്ക് പോലും ഇത്രയും വിലയേറിയ കാർ വാങ്ങാൻ കഴിയില്ല”: മെഴ്‌സിഡസ് ബെൻസിനോട് കേന്ദ്ര മന്ത്രി

ജർമ്മനിയിലെ പ്രമുഖ ആഡംബര വാഹന നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് തങ്ങളുടെ പുതിയ ഇലക്ട്രിക് കാർ EQS 580 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പൂനെയിലെ കമ്പനിയാണ് ഈ കാർ അസംബിൾ ചെയ്തിരിക്കുന്നത് എന്നതാണ് പ്രത്യേകത. ലോഞ്ചിംഗ് ചടങ്ങിനിടെ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഈ ഇലക്ട്രിക് കാറിന്റെ വില 1.55 കോടിക്ക് അടുത്താണ്. നിങ്ങളുടെ കാർ വളരെ വിലയേറിയതാണെന്നും അത് വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നായിരുന്നു കേന്ദ്ര ഗതാഗത മന്ത്രിയുടെ പ്രതികരണം. ജർമ്മൻ പ്രീമിയം കാർ നിർമ്മാതാക്കൾ പ്രാദേശികമായി കൂടുതൽ കാറുകൾ നിർമ്മിക്കണമെന്നും നിതിൻ ഗഡ്കരി ആവശ്യപ്പെട്ടു. ഇതിലൂടെ ചെലവ് കുറയുമെന്നും അത് വിലയിലും പ്രതിഭലിക്കുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
“ഞങ്ങൾ ഇടത്തരക്കാരാണ്, എനിക്ക് പോലും നിങ്ങളുടെ കാർ വാങ്ങാൻ കഴിയില്ല. നിങ്ങൾ ഉൽപ്പാദനം വർധിപ്പിച്ചാൽ ചെലവ് കുറയ്ക്കാൻ സാധിക്കും”- നിതിൻ ഗഡ്കരി പറഞ്ഞു. മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയുടെ പ്രാദേശികമായി അസംബിൾ ചെയ്ത ആദ്യത്തെ EQS 580 4MATIC EV, പൂനെയിലെ നിർമ്മാണ കേന്ദ്രത്തിൽ നിന്നാണ് പുറത്തിറക്കിയത്. രാജ്യത്ത് വൈദ്യുത വാഹനങ്ങൾക്ക് വലിയ വിപണിയുണ്ടെന്നും മെഴ്‌സിഡസ് പോലുള്ള ബ്രാൻഡുകൾക്ക് വലിയ അവസരങ്ങളുണ്ടെന്നും ചടങ്ങിൽ സംസാരിച്ച ഗഡ്കരി പറഞ്ഞു.
Story Highlights: Even I Can’t Afford Your Car: Nitin Gadkari To Mercedes-Benz
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here