നിതീഷ് കുമാറിന് തിരിച്ചടി; കൃഷി മന്ത്രി സുധാകർ സിങ് രാജി വച്ചു; മഹാസഖ്യ സർക്കാർ ചുമതലയേറ്റ ശേഷമുള്ള രണ്ടാം രാജി

ബിഹാറിൽ മഹാസഖ്യ സർക്കാരിന് തിരിച്ചടി. കൃഷി മന്ത്രി സുധാകർ സിങ് രാജി വച്ചു. കൃഷി വകുപ്പിലെ അഴിമതിയെ സുധാകർ പരസ്യമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചൊഴിഞ്ഞത്. മഹാസഖ്യ സർക്കാർ ചുമതലയേറ്റ ശേഷമുള്ള രണ്ടാമത്തെ രാജിയാണിത്. നേരത്തെ നിയമമന്ത്രി കാർത്തിക് കുമാർ രാജി വച്ചിരുന്നു. (Bihar Agriculture Minister Sudhakar Singh resigns)
2006ൽ ഒഴിവാക്കിയ അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റി (എപിഎംസി) നിയമവും മണ്ഡി സംവിധാനവും പുനഃസ്ഥാപിക്കുന്നതുവരെ വിശ്രമമില്ലെന്ന് രാജിക്ക് മുൻപ് സുധാകർ സിങ് പ്രഖ്യാപിച്ചിരുന്നു. കർഷകവിരുദ്ധ പ്രവർത്തനങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വന്തം വകുപ്പിൽ കുറേയേറെ കള്ളന്മാർ കടന്നുകൂടിയിട്ടുണ്ടെന്നും അതുകൊണ്ട് താൻ കള്ളന്മാരുടെ തലവനാണെന്നും സുധാകർ സിങ് പ്രസ്താവിച്ചത് ഏറെ ചർച്ചയായിരുന്നു.
തന്റെ വകുപ്പിലെ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്ന പക്ഷം അവരെ ചെരുപ്പൂരി അടിക്കാൻ സുധാകർ സിങ് ജനങ്ങളോട് പറഞ്ഞതും വലിയ രീതിയിൽ മാധ്യമ ശ്രദ്ധ നേടിയിരുന്നു. 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡി ടിക്കറ്റിൽ കൈമൂർ ജില്ലയിലെ രാംഗഢിൽ നിന്നാണ് അദ്ദേഹം എംഎൽഎയായി തെരഞ്ഞെടുക്കപ്പെടുന്നത്.
Story Highlights: Bihar Agriculture Minister Sudhakar Singh resigns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here