ജനകോടികളുടെ വിശ്വസ്ത സ്ഥാപനം; ഇത് അറ്റ്‌ലസ് രാമചന്ദ്രന്റെ കഥ….

അറ്റ്‌ലസ് ജ്വല്ലറി ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന പരസ്യവാചകം മറക്കാനാകില്ല മലയാളികള്‍ക്ക്. ആ ശബ്ദത്തിനൊപ്പം എംഎം രാമചന്ദ്രന്‍ എന്ന അറ്റ്‌ലസ് ഗ്രൂപ്പിന്റെ ചെയര്‍മാന്റെ മുഖം കൂടി ഒപ്പം മനസിലേക്കെത്തും. അതാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ എന്ന മനുഷ്യസ്‌നേഹി ബാക്കിവച്ചുപോയത്.
1942 ജൂലൈ 31ന് തൃശൂര്‍ ജില്ലയില്‍ മധുകര മൂത്തേടത്ത് കമലാകരമേനോന്റെയും രുഗ്മിണിയമ്മയുടെയും മകനായി ജനിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍, വിദ്യാഭ്യാസ കാലഘട്ടത്തിനുശേഷം ബാങ്കിങ് മേഖലയിലേക്കെത്തി. കനറാ ബാങ്കിലും എസ്ബിടിയിലും ജോലി ചെയ്തു. പിന്നീട് നാട്ടിലെ ജോലി രാജിവച്ച് കുവൈത്തിലേക്ക്. അവിടെയും ബാങ്ക് ജോലി. വര്‍ഷങ്ങള്‍ക്ക് ശേഷം ബിസിനസ് രംഗത്തേക്ക്..
വെറും രണ്ട് കിലോ സ്വര്‍ണത്തില്‍ തുടങ്ങി, പിന്നീട് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലായി അറ്റ്‌ലസ് വ്യവസായ ഗ്രൂപ്പിന്റേതായി ഉണ്ടായിരുന്നത് 50 ഷോറൂമുകളാണ്. അതില്‍ 20 എണ്ണം യുഎഇയില്‍ മാത്രം. സ്വര്‍ണത്തിന്റെയും വജ്രത്തിന്റെയും വ്യവസായമായിരുന്നു അറ്റ്‌ലസ് ജ്വല്ലറിയുടേത്. താന്‍ പടുത്തുയര്‍ത്തിയ വലിയ സാമ്രാജ്യം, ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി മാറിയ സാമ്രാജ്യം, തകര്‍ന്നടിഞ്ഞത് ജയിലറകളില്‍ ഇരുന്ന് രാമചന്ദ്രന്‍ അറിഞ്ഞു. ആയിരത്തില്‍ പരം ദിവസങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതനായി തിരികെ എത്തുമ്പോള്‍ സ്‌നേഹമുള്ള ഒരുപറ്റം മനുഷ്യരല്ലാതെ ആ മനുഷ്യന് മറ്റൊന്നുമുണ്ടായിരുന്നില്ല.
2018 ജൂണ്‍ 9നാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍മോചിതനായത്. അതിന് ശേഷവും രാമചന്ദ്രനെ വെളിച്ചത്തുകാണാന്‍ ഏറെ കാലതാമസമെടുത്തു. ബിസിനസ് വീണ്ടും പുനരാരംഭിച്ച് ജീവിതം തിരിച്ചുപിടിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ആ തീരുമാനവും നീക്കങ്ങളും പൂര്‍ത്തിയാക്കാന്‍ പക്ഷേ അദ്ദേഹത്തിനായില്ല.
ദുബായിലെ ബാങ്കില്‍ നിന്ന് എടുത്തിരുന്ന വായ്പാ തിരിച്ചടവിന് നേരിയ കാലതാമസം നേരിട്ടതോടെയാണ് അറ്റ്‌ലസ് രാമചന്ദ്രന് ബിസിനസില്‍ തിരിച്ചടികളുണ്ടായത്. പെട്ടന്ന് തന്നെ മുഴുവന്‍ തുകയും തിരികെ അടയ്ക്കണമെന്നായിരുന്നു ആവശ്യം. അതനുസരിച്ച് അവര്‍ നടപടികളുമായി മുന്നോട്ടുപോയി. കേസും കോടതിയുമായി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയെങ്കിലും അപ്പീല്‍ കോര്‍ട്ടാണ് രാമചന്ദ്രനെ വിട്ടയച്ചത്… പക്ഷേ അപ്പൊഴേക്കും സമയം ഏറെ വൈകിയിരുന്നു. ബിസിനസ് പൂര്‍ണമായും തകരാന്‍ ആ കാലതാമസം ധാരാളമായിരുന്നു.
Read Also: അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു
സ്വര്‍ണാഭരണങ്ങള്‍ മാത്രമായിരുന്നു കയ്യിലുണ്ടായിരുന്ന ഏക ആസ്തി. ജയിലിലായിരുന്ന സമയത്ത് വിശ്വസിച്ചവരും മാനേജര്‍മാരുമെല്ലാം വരെ സ്വന്തം കാര്യം നോക്കി പോയി. അവരൊന്നും എവിടെയാണെന്ന് പോലും കണ്ടെത്താനായില്ല. ജയിലില്‍ നിന്നിറങ്ങുമ്പോള്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. വാടക കുടിശ്ശികയും വലിയ ബാധ്യതയായി. പക്ഷേ ആ പ്രതിസന്ധികള്‍ക്കിടയിലും മുഴുവന്‍ ജീവനക്കാര്‍ക്കും കൊടുക്കാനുള്ളത് മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ അദ്ദേഹത്തിനായി എന്നത് എക്കാലത്തും സ്വന്തം സംതൃപ്തിയായി കണ്ടു അറ്റ്‌ലസ് രാമചന്ദ്രന്.
Story Highlights: atlas ramachandran life story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here