കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ചു. വലിയ ജനക്കൂട്ടത്തിനിടയിലൂടെയാണ് ഗവർണർ എത്തിയത്. ആരിഫ് മുഹമ്മദ് ഖാനെ സംബന്ധിച്ചിടത്തോളം അടുപ്പമുണ്ടായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന് അടുത്തായാണ് ഗവർണർ ഇരുന്നത്. ഗവർണറുടെ സന്ദർശനം പ്രമാണിച്ച് ചെറിയ തോതിൽ ജനങ്ങളെ നിയന്ത്രിച്ചിട്ടുണ്ടായിരുന്നു. കൃത്യം 2 മണിക്ക് തന്നെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പയ്യാമ്പലത്തേയ്ക്ക് ആരംഭിക്കും.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തലശേരിയിലാണ് സംസ്കാരം. മൃതദേഹം ഞായറാഴ്ച എയർ ആംബുലൻസിൽ ചെന്നൈയിൽ നിന്ന് കണ്ണൂരിലെത്തിച്ചിരുന്നു. തുടർന്ന് വിലാപയാത്രയായി തലശേരിയിലെത്തിച്ചിരുന്നു. രാവിലെ 10നു കോടിയേരിയുടെ ഭൗതികശരീരം സ്വവസതിയിൽ എത്തിക്കും. രാവിലെ 11 മുതൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിനു വയ്ക്കും. ശേഷം വൈകിട്ട് 3നു കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിക്കും.
ജനങ്ങൾക്കും പാർട്ടിക്കും എന്നും പ്രിയനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അന്ത്യനിദ്ര മഹാരഥന്മാർ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലം കടൽത്തീരത്താകും. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മുൻമുഖ്യമന്ത്രി ഇ കെ നായനാരുടെയും സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക് നടുവിലായി കോടിയേരിക്ക് ചിതയൊരുക്കും. ധീരസഖാവിനെ അവസാനമായി ഒരുനോക്കുകാണാൻ ആയിരക്കണക്കിനാളുകൾ കണ്ണൂരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
Story Highlights: Governor Arif Mohammad Khan came to see Kodiyeri’s dead body
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here