ലോകകപ്പിൽ ബുംറ കളിക്കില്ല; ഔദ്യോഗിക പ്രസ്താവനയുമായി ബിസിസിഐ

ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ടി-20 ലോകകപ്പിൽ കളിക്കില്ലെന്നുറപ്പായി. ഇത് സ്ഥിരീകരിച്ചുകൊണ്ട് ബിസിസിഐ പ്രസ്താവന പുറത്തുവിട്ടു. ബുംറയ്ക്ക് ഉടൻ പകരക്കാരനെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ അറിയിച്ചു. ഇതോടെ ലോകകപ്പിൽ ബുംറ, രവീന്ദ്ര ജഡേജ എന്നീ രണ്ട് സുപ്രധാന താരങ്ങൾ ഇല്ലാതെയാവും ഇന്ത്യ ഇറങ്ങുക.
പരുക്കേറ്റ് പുറത്തായ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 ടീമിൽ ഇടംപിടിച്ചിരുന്നു. നാളെ നടക്കാനിരിക്കുന്ന അവസാന മത്സരത്തിൽ സിറാജ് കളിക്കും. കഴിഞ്ഞ ദിവസമാണ് പരുക്കേറ്റ ബുംറ ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 ടീമിൽ നിന്ന് പുറത്തായത്. താരത്തിന് ടി-20 ലോകകപ്പ് നഷ്ടമാവുമെന്ന് സൂചനയുണ്ട്.
ജസ്പ്രീത് ബുംറ പരുക്കിൽ നിന്ന് മുക്തനായി ലോകകപ്പിൽ കളിക്കുന്നില്ലെങ്കിൽ, ടീം ഇന്ത്യയുടെ പ്രകടനം കൂടുതൽ ദുഷ്കരമാക്കും എന്ന് ഓസ്ട്രേലിയയുടെ മുൻ ഓൾറൗണ്ടർ ഷെയിൻ വാട്സൺ പറഞ്ഞിരുന്നു. കാരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബുംറ ഒരു മികച്ച അറ്റാക്കിംഗ് ബൗളറാണ്. കൂടാതെ ലോകത്തെ മികച്ച ബൗളർമാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന് അവിശ്വസനീയമായ കഴിവുണ്ട്, ഇന്ത്യയ്ക്ക് ബുംറയുടെ അഭാവം വലിയ നഷ്ടമായിരിക്കും എന്നും ഷെയ്ൻ വാട്‌സൺ പറഞ്ഞു.
“ലോകത്ത് ബുംറയ്ക്ക് തുല്യമായ പകരക്കാരൻ ആരുമില്ല. അവസാന ഓവറുകളിൽ ബുംറയെ പോലെ പന്തെറിയുന്ന പ്രതിരോധ ബൗളർമാരെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യയെ സംബന്ധിച്ച് പകരക്കാരനെ കണ്ടെത്തുകയാണ് യഥാർത്ഥ വെല്ലുവിളി. മറ്റ് ഫാസ്റ്റ് ബൗളർമാർ ചുമതല ഏറ്റെടുത്ത് മുന്നോട്ട് വരാതെ ടൂർണമെന്റിൽ മുന്നേറാൻ കഴിയില്ല” – വാട്‌സൺ കൂട്ടിച്ചേർത്തു.
Story Highlights: jasprit bumrah wont play t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here