ഏഷ്യാ കപ്പ്: മഴ കളിച്ച മത്സരത്തിൽ ഇന്ത്യയ്ക്ക് 30 റൺസ് വിജയം

വനിതകളുടെ ഏഷ്യാ കപ്പിൽ മലേഷ്യക്കെതിരെ ഇന്ത്യക്ക് 30 റൺസ് ജയം. മഴ നിയമപ്രകാരമാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 182 റൺസ് വിജയലക്ഷ്യം പിന്തുടരവെ 5.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മലേഷ്യ 16 റൺസെടുത്തുനിൽക്കെ മഴ പെയ്യുകയായിരുന്നു. ഈ സമയത്ത് മഴ നിയമപ്രകാരം 46 റൺസാണ് മലേഷ്യയ്ക്ക് വേണ്ടിയിരുന്നത്. ഇതോടെ കളിച്ച രണ്ട് മത്സരങ്ങളും വിജയിക്കാൻ ഇന്ത്യക്ക് സാധിച്ചു. (womens asia india malaysia)
Read Also: വനിതാ ഏഷ്യാ കപ്പ്: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ജമീമ റോഡ്രിഗസ് ടീമിൽ
വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദനയ്ക്ക് വിശ്രമം നൽകിയാണ് ഇന്ത്യ ഇറങ്ങിയത്. പകരം സബ്ബിനേനി മേഘന ടീമിലെത്തി. സ്നേഹ് റാണയ്ക്ക് പകരം കിരൺ നവ്ഗിരെയും ടീമിൽ ഇടം നേടി. സബ്ബിനേനിയും ഷഫാലിയും ചേർന്ന ആദ്യ വിക്കറ്റിൽ ഇന്ത്യ 116 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 38 പന്തുകളിൽ ഫിഫ്റ്റി നേടിയ സബ്ബിനേനി ആക്രമിച്ചുകളിച്ചപ്പോൾ ഷഫാലിയും ഫോമിലേക്ക് മടങ്ങിയെത്തുന്നതിൻ്റെ സൂചനകൾ നൽകി. 14ആം ഓവറിൽ സബ്ബിനേനി വീണു. 53 പന്തിൽ 69 റൺസെടുത്താണ് താരം മടങ്ങിയത്.
സ്ഥാനക്കയറ്റം കിട്ടി മൂന്നാം നമ്പറിലെത്തിയ റിച്ച ഘോഷും തകർത്തുകളിച്ചു. ഷഫാലിയെ ഒരുവശത്ത് നിർത്തി റിച്ച ആഞ്ഞടിച്ചു. 42 റൺസിൻ്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 19ആം ഓവറിൽ അവസാനിച്ചു. ആദ്യ പന്തിൽ ഷഫാലിയും (39 പന്തിൽ 46) രണ്ടാം പന്തിൽ നവ്ഗിരെയും (0) മടങ്ങി. പിന്നീട് രാധ യാദ (2 പന്തിൽ 8), ഡയലൻ ഹേമതലത (4 പന്തിൽ 10 നോട്ടൗട്ട്) എന്നിവർ ചില കൂറ്റൻ ഷോട്ടുകൾ കളിച്ചു. 19 പന്തിൽ 31 റൺസെടുത്ത റിച്ച ഘോഷ് നോട്ടൗട്ടാണ്.
Read Also: ടി20 പരമ്പര ഇന്ത്യയ്ക്ക്; സൗത്ത് ആഫ്രിക്കയെ തകർത്തത് പതിനാറ് റൺസിന്
മഴ സാധ്യത മുന്നിൽ കണ്ട് സ്പിന്നർമാരായ ദീപ്തി ശർമയും രാജേശ്വരി ഗെയ്ക്വാദും ചേർന്നാണ് ഇന്ത്യൻ ബൗളിംഗ് ഓപ്പൺ ചെയ്തത്. ക്യാപ്റ്റൻ വിനിഫ്രെഡ് ദുരൈസിംഗത്തെ (0) ദീപ്തിയും വാൻ ജൂലിയയെ (1) രാജേശ്വരിയും പുറത്താക്കി. മഴ നിയമപ്രകാരം നിർബന്ധിതമായി പൂർത്തിയാക്കേണ്ട അഞ്ച് ഓവർ അവസാനിച്ചപ്പോൾ രേണുക സിംഗ് എത്തി. ഓവറിൽ രണ്ട് പന്തുകൾ മാത്രം എറിഞ്ഞതോടെ മഴ പെയ്യുകയായിരുന്നു.
Story Highlights: womens asia cup india won malaysia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here