സംസ്ഥാന കൗണ്‍സിലില്‍ നിന്ന് തന്നെ ഒഴിവാക്കിയിട്ടില്ല; പ്രായപരിധി പാര്‍ട്ടിയില്‍ മാത്രമെന്ന് വാഴൂര്‍ സോമന്‍

സിപിഐയിലെ പ്രായപരിധി സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നല്‍കിയ വിശദീകരണം ശരിയാണെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ. എന്നെ ഒഴിവാക്കിയെന്ന വിവരം തെറ്റാണ്. കാരണം താന്‍ സംസ്ഥാന കൗണ്‍സിലില്‍ ഇല്ല എന്നും വാഴൂര്‍ സോമന്‍ പറഞ്ഞു.
ട്രേഡ് യൂണിയന്‍ രംഗം ശ്രദ്ധിക്കാനാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച പ്രധാന ചുമതല. അതല്ലാതെയും ചെയ്യാന്‍ പിടിപ്പത് ജോലിയുണ്ട്. ഒരു തരത്തിലും ആരും ഒഴിവാക്കിയിട്ടില്ല. പാര്‍ട്ടിയുടെ കീഴില്‍ നിരവധി വര്‍ഗപൊതുജന സംഘടനകളുണ്ട്. അതിലൊന്നും പ്രായപരിധി നടപ്പാക്കിയിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ മാത്രമാണത്. വാഴൂര്‍ സോമന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
സിപിഐയിലെ വിഭാഗീയത മാധ്യമ വ്യാഖ്യാനം മാത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.നേതാക്കള്‍ സ്വന്തം അഭിപ്രായങ്ങള്‍ പറയുന്നതിനെ വിഭാഗീയതയായി മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. തനിക്കെതിരെ മത്സരിക്കുമെന്ന് സി ദിവാകരന്‍ പറഞ്ഞിട്ടില്ല. പ്രായപരിധി കാരണം ഒഴിവാക്കിയ നേതാക്കളെ വഴിയിലിറക്കി വിടില്ലെന്നും പോഷക സംഘടനകളിലും പാര്‍ട്ടി സ്ഥാപനങ്ങളിലും അവസരം നല്‍കി നേതാക്കളെ കൂടെ ചേര്‍ക്കുമെന്നും കാനം രാജേന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
അഭിപ്രായങ്ങള്‍ പറഞ്ഞതിനുശേഷം പാര്‍ട്ടി ഒരു പൊതുനിലപാടിലെത്തിയാല്‍ നേതാക്കളെല്ലാം ആ പൊതുനിലപാടിനൊപ്പം നില്‍ക്കുമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. സി ദിവാകരനും കെ ഇ ഇസ്മയിലും സമ്മേളനത്തിന് തൊട്ടുമുന്‍പായി മാധ്യമങ്ങളിലൂടെ തന്നെ നടത്തിയ പരസ്യ പ്രതികരണങ്ങള്‍ വിഭാഗീയതയുണ്ടെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാല്‍ കാനത്തിനെതിരെ മത്സരിക്കും എന്ന് പരസ്യമായി അവരാരും തന്നെ പറഞ്ഞിരുന്നില്ല. അതെല്ലാം മാധ്യമങ്ങള്‍ നല്‍കിയ വ്യാഖ്യാനമാണ്. യുവത്വമുള്ള ഒരു പാര്‍ട്ടിയാക്കി മാറ്റാന്‍ വേണ്ടിയിട്ടുള്ള ഞങ്ങളുടെ പരിശ്രമത്തിന്റെ ഭാഗമായിരുന്നു പ്രായപരിധി നടപ്പിലാക്കിയത്. ഇത് നാളെ തനിക്കും ബാധകമാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.
Story Highlights: not excluded from the State Council vazhoor soman mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here