അയൽവാസിയുടെ എടിഎം കാർഡ് മോഷ്ടിച്ച് രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തു; രണ്ട് യുവതികൾ അറസ്റ്റിൽ

തൃശൂർ വടൂക്കര എസ്എൻ നഗറിൽ അയൽവാസിയായ റിട്ടയേർഡ് ടീച്ചർ റഹ്മത്തിന്റെ ഹാൻഡ് ബാഗിൽ നിന്നും എടിഎം കാർഡും പിൻ നമ്പർ എഴുതി വച്ച കടലാസും മോഷ്ടിച്ച് രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. ഒരാഴ്ചയോളം തൃശൂർ നഗരത്തിലെ വിവിധ എടിഎമുകളിൽ നിന്നും 1,84,000 രൂപ കൈക്കലാക്കിയ കേസിൽ കാസർഗോഡ് ഹൊസങ്ങാടി ദേശത്ത് സമീറ മൻസിലിൽ അബ്ദുൾ റഹ്മാൻ ഭാര്യ സമീറ (31 വയസ്സ്), വടൂക്കര എസ്.എൻ. നഗർ കളപ്പുരയിൽ വീട്ടിൽ മുഹമ്മദ് സലീം ഭാര്യ ഷാജിത (36 വയസ്സ്) എന്നിവരെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. (atm theft money arrest)
Read Also: മൊബൈല്‍ ആപ്പ് വഴി വായ്പാ തട്ടിപ്പ്; മാനസിക പീഡനം സഹിക്കാനാകാതെ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍
സെപ്തംബർ മാസം 19-ാം തീയ്യതി ആയിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ സ്ത്രീയും പ്രതികളും അയൽവാസികളും സുഹൃത്തുക്കളുമായിരുന്നു. പരാതിക്കാരിയായ റിട്ടയേഡ് ടീച്ചർ വാടകക്ക് നൽകിയ വീട്ടിലാണ് പ്രതി ഷാജിത താമസിക്കുന്നത്. ടീച്ചറുടെ അക്കൗണ്ടിൽ ധാരാളം പണം ഉണ്ടെന്ന് പ്രതികൾക്ക് അറിയാമായിരുന്നു. അത്യാവശ്യഘട്ടങ്ങളിൽ ടീച്ചർ സാമ്പത്തികമായി ഇവരെ സഹായിക്കാറുമുണ്ടായിരുന്നു.
സെപ്റ്റംബർ മാസം 19ാം തീയതി മൂവരും കൂടി തൃശൂർ സാഹിത്യ അക്കാദമിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് രാത്രി 8 മണിയോടെ പരാതിക്കാരിയുടെ എസ്.എൻ നഗറിലെ വീട്ടിലെത്തി വിശ്രമിക്കുന്ന സമയത്താണ് ഹാൻഡ് ബാഗിൽ നിന്നും പ്രതി സമീറ എടിഎം കാർഡും പിൻ നമ്പർ എഴുതി വച്ച കടലാസും രണ്ടാം പ്രതിയായ ഷാജിതയുടെ നിർദ്ദേശപ്രകാരം മോഷ്ടിച്ചെടുത്തത്. അതിനു ശേഷം അന്ന് രാത്രി തന്നെ രണ്ടു പേരും കൂടി അതിൽ നിന്നും പണം പിൻവലിച്ചിരുന്നു. പിന്നീട് തുടർച്ചയായി ഒരാഴ്ചയോളം ഇവർ കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചു. പണം പിൻവലിച്ച വിവരം മൊബൈൽ ഫോണിൽ എസ്എംഎസ് ആയി വന്നിരുന്നെങ്കിലും പ്രായാധിക്യം മൂലം പരാതിക്കാരി മൊബൈൽ ഫോൺ അധികം ശ്രദ്ധിച്ചിരുന്നില്ല. സെപ്തംബർ 27ആം തീയതി പരാതിക്കാരി ബാങ്കിൽ നിന്നും അത്യാവശ്യത്തിനായി പണം പിൻവലിക്കുന്നതിനായി പോയപ്പോഴാണ് അക്കൗണ്ടിൽ പണം ഇല്ലെന്ന് മനസ്സിലായത്. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്ത് പരിശോധിച്ചപ്പോൾ 19ആം തീയതി മുതൽ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി കണ്ടെത്തി. പിന്നീട് വീട്ടിലെത്തി ബാഗ് പരിശോധിച്ചതിൽ എടിഎം കാർഡും പിൻ നമ്പർ എഴുതി വച്ച കടലാസും നഷ്ടപ്പെട്ടതായി കണ്ടു.
Read Also: മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥൻ പീഡനക്കേസിലും പ്രതി
എടിഎം സെന്ററിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണത്തിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മോഷ്ടിച്ചെടുത്ത പണം ഉപയോഗിച്ച് സ്വന്തം കടങ്ങൾ വീട്ടിയതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Story Highlights: atm theft money 2 arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here