‘കര്‍ശന നടപടി സ്വീകരിക്കും’; വടക്കഞ്ചേരി അപകടത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് 9 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടത്തിന്റെ കാരണം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. റോഡിലെ നിയമ ലംഘനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപകടത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ആന്റണി രാജുവും പ്രതികരിച്ചു. ടൂറിസ്റ്റ് ബസുകള്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ സ്‌കൂള്‍ ഡ്രൈവര്‍മാരുടെ പശ്ചാത്തലം നോക്കാറില്ല. ഇത് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. സ്‌കൂളുകള്‍ വിനോദ യാത്രയുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. ഡ്രൈവര്‍മാരുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന് നിര്‍ദേശം നല്‍കും. ഡ്രൈവര്‍മാരുടെ എക്‌സ്പീരിയന്‍സ് അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുമെന്ന് മന്ത്രി പറഞ്ഞു.
മരിച്ച ഒന്‍പത് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍;
വടക്കഞ്ചേരിയില്‍ ഉണ്ടായ വാഹനപകടം ആരെയും ഞെട്ടിക്കുന്നതാണ്. ഒന്‍പത് മരണം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റു. സ്‌കൂളില്‍ നിന്നും വിനോദ യാത്രയ്ക്ക് പോയ കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അപകടത്തിന്റെ കാരണം അന്വേഷിക്കും. റോഡിലെ നിയമ ലംഘനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും.
പരുക്കേറ്റവര്‍ക്ക് ആവശ്യമായ ചികില്‍സാ സഹായം ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആകെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും ഉറ്റവരുടെയും വേദനയില്‍ പങ്കു ചേരുന്നു.അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു’.
Story Highlights: pinarayi vijayan condoles in vadakkencherry bus accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here