ഹെറാൾഡ് കേസിൽ ഡി.കെ ശിവകുമാറിനെ ED ഇന്ന് ചോദ്യം ചെയ്യും

നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. നിലവിൽ കർണാടകയിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന ശിവകുമാർ, തന്നെ ഒക്ടോബർ 21 വരെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് അന്വേഷണ ഏജൻസിയോട് അഭ്യർത്ഥിച്ചിരുന്നു.
ഡി.കെ ശിവകുമാറിന്റെ അഭ്യർത്ഥന നിരസിച്ച ED, സമൻസ് പ്രകാരം ഇന്ന് തന്നെ ഹാജരാകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കേന്ദ്ര ഏജൻസിയുടെ ഏത് അന്വേഷണത്തിലും സഹകരിക്കുമെന്ന് ശിവകുമാർ നേരത്തെ പറഞ്ഞിരുന്നു. ഇഡിക്ക് മുന്നിൽ ഹാജരാകുന്നത് സംബന്ധിച്ച് പാർട്ടി നേതാക്കളുമായി ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അറിയിച്ചു. ഒന്നും ചെയ്യാത്തതിനാൽ ഇഡിക്ക് മുന്നിൽ ഹാജരാകാനാണ് താൽപ്പര്യമെന്നും ശിവകുമാർ പറഞ്ഞു.
ഹെറാൾഡ് കേസിലെ ചില ഇടപാടുകളുമായി ബന്ധപ്പെട്ട് ശിവകുമാറും സഹോദരൻ ഡി കെ സുരേഷും അന്വേഷണം നേരിടുകയാണ്. കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ ആന്ധ്രയിൽ നിന്നുള്ള ഏതാനും കോൺഗ്രസ് നേതാക്കളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട മറ്റൊരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 60 കാരനായ മുൻ കാബിനറ്റ് മന്ത്രിയെ സെപ്തംബർ 19 ന് ദേശീയ തലസ്ഥാനത്ത് ഏജൻസി അവസാനമായി ചോദ്യം ചെയ്തിരുന്നു.
Story Highlights: No relief for DKS in Herald case; ED to quiz today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here