നോർവേയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മലയാളി അസോസിയേഷൻ്റെ സ്വീകരണം

യൂറോപ്പ് പര്യടനത്തിനായി നോർവേയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ അവിടുത്തെ മലയാളി അസോസിയേഷൻ സ്വീകരണം നൽകി. നോർവീജൻ മലയാളി അസോസിയേഷനായ നന്മയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. (norway malayali pinarayi vijayan)
വളരെ കുറച്ച് മലയാളികൾ മാത്രം താമസിക്കുന്ന നോർവേയിലെത്തിയ മുഖ്യമന്ത്രിയെ വളരെ ആവേശത്തോടെ കൂടിയാണ് സ്ഥലത്തെ മലയാളികൾ സ്വീകരിച്ചത്. നോർവേയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബി ബാലഭാസ്കർ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി വി ജോയ് എന്നിവർ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. നോർവീജിയൻ മത്സ്യബന്ധന വകുപ്പ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പോലെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിക്കുമെന്ന പ്രത്യാശ മുഖ്യമന്ത്രി പങ്കുവയ്ക്കുകയുണ്ടായി. കേരളത്തിലെ ദുരന്തനിവാരണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഈ മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കുവാനും താല്പര്യം പ്രകടിപ്പിച്ച നോർവീജിയൻ മത്സ്യബന്ധന വകുപ്പ് മന്ത്രി വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ രീതികളും മെച്ചപ്പെട്ട തൊഴിൽ മേഖലകളും കേരളത്തിന് അനുകരണീയമായ മാതൃകകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നോർവേയിലെ മലയാളികളുമായി സംവാദത്തിൽ ഏർപ്പെടാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. വിവിധ ഔദ്യോഗിക പരിപാടികളുമായി ഒക്ടോബർ എട്ടുവരെ നോർവേയിലുള്ള മുഖ്യമന്ത്രി അതിനുശേഷം യുകെയിലേക്ക് പുറപ്പെടും.
Story Highlights: norway malayali association pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here