ബ്ലാസ്റ്റേഴ്സിന് ആശംസകൾ നേർന്ന് യുവി

ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന് ആശംസകൾ നേർന്ന് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ബ്ലാസ്റ്റേഴ്സ് സ്പോൺസർമാരായ 1എക്സ്ബാറ്റുമായി സഹകരിച്ചാണ് യുവിയുടെ വിഡിയോ. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ബ്ലാസ്റ്റേഴ്സ് പങ്കുവച്ച വിഡിയോയിൽ സഹൽ അബ്ദുൽ സമദ് അടക്കം ചില താരങ്ങളെയും കാണാം.
ഇന്ത്യൻ സൂപ്പർ ലീഗ് 9ആം സീസൺ ഇന്ന് മുതൽ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും. ഇന്ത്യൻ ദേശീയ ടീമിൻ്റെ മുൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റൻ്റൈൻ ആണ് ഈസ്റ്റ് ബംഗാളിൻ്റെ പരിശീലകൻ.
കഴിഞ്ഞ തവണ കൈവിട്ട ചാമ്പ്യൻ പട്ടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. കരുത്തരായ ആരാധകർക്ക് മുന്നിൽ ആദ്യ മത്സരത്തിനിറങ്ങുന്നതാണ് ആത്മവിശ്വാസം ഇരട്ടിയാക്കുന്നത്. ജെസൽ കാർണെയ്റോ ക്യാപ്റ്റനായ ടീമിൽ സഹൽ അബ്ദുൽ സമദും എം.എസ്. ശ്രീക്കുട്ടനും അടക്കം ഏഴ് മലയാളികളാണ് ഉള്ളത്.
പ്രഭ്സുഖൻ ഗിൽ, മാർകോ ലെസ്കോവിച്ച്, സന്ദീപ് സിങ്, നിഷു കുമാർ, ജീക്സൺ സിങ്, അഡ്രിയാൻ ലൂണ, രാഹുൽ കെ.പി തുടങ്ങിയവരെല്ലാം മഞ്ഞപ്പടയുടെ പ്രീയപ്പെട്ടവർ തന്നെ. മറുപുറത്ത് കഴിഞ്ഞ സിസണുകളിലെ മോശം പ്രകടനത്തോടെ ദുർബലർ എന്ന കുപ്പായം അണിഞ്ഞാണ് ഈസ്റ്റ് ബംഗാൾ ഇറങ്ങുന്നത്. നില മെച്ചപ്പെടുത്താൻ മികച്ച ടീമിനെ കളത്തിലിറക്കി മത്സരം ജയിക്കാൻ ഈസ്റ്റ് ബംഗാളും സജ്ജമാണ്. ഒപ്പം കൊവിഡ് പ്രതിസന്ധികൾക്ക് ശേഷമെത്തിയ സീസണായി മഞ്ഞ കടലിലെ ആരാധക തിരമാലകളും തയ്യാർ.
Story Highlights: yuvraj singh kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here