Advertisement

രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്ക് പിടിവീഴും; ഇന്ന് മുതൽ കർശന പരിശോധന

October 8, 2022
Google News 2 minutes Read
Action against converted tourist buses

നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ഇന്ന് മുതൽ കർശനമായി നടക്കും. അനധികൃതമായി ഘടിപ്പിച്ചവയെല്ലാം മാറ്റി രണ്ടുദിവസത്തിനുള്ളിൽ ബസ് വീണ്ടും പരിശോധനയ്ക്ക് എത്തിക്കണമെന്നാണ് നിർദേശം. അനധികൃത രൂപമാറ്റം നടത്തിയതിന് 23 ബസുകൾക്കെതിരെ നടപടിയെടുത്തു. ബസുകൾക്ക് 6,500 വീതം പിഴയും ചുമത്തി. ( Action against converted tourist buses ).

ആലുവയിൽ 13 ടൂറിസ്റ്റ് ബസുകൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. എറണാകുളത്ത് ഇന്നലെ മാത്രം നടപടിയെടുത്തത് 29 ബസുകൾക്കെതിരെയാണ്. രണ്ട് ബസുകളുടെ ഫിറ്റ്നെസും റദ്ദാക്കിയിട്ടുണ്ട്.

വടക്കഞ്ചേരി ബസ് അപകടത്തിൽ ബസ് ഉടമ അരുൺ അറസ്റ്റിലായി. പ്രേരണക്കുറ്റം ചുമത്തിയാണ് ഉടമയെ അറസ്റ്റ് ചെയ്തത്. മൂന്നു മാസത്തിനിടെ 19 തവണ ജോമോൻ വേഗ പരിധി ലംഘിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഉടമയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നുണ്ട്.

Read Also: ‘ബ്ലാക്ക് ലിസ്റ്റ് ചെയ്ത ബസുകളുടെ പട്ടിക തയ്യാറാക്കും’; സംസ്ഥാനത്തെ മുഴുവൻ ടൂറിസ്റ്റ് ബസ്സുകളും പരിശോധിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ അറസ്റ്റും നേരത്തെ രേഖപ്പെടുത്തിയിരുന്നു. അപകടത്തിന് ശേഷം കടന്നു കളഞ്ഞ ജോമോനെ തിരുവനന്തപുരത്തേയ്ക്ക് സഞ്ചരിക്കവേ കൊല്ലം ചവറയിൽ നിന്നാണ് ഇന്നലെ പിടികൂടിയത്. പാലക്കാട് നിന്ന് കടന്നുകളഞ്ഞത് സ്വിഫ്റ്റ് കാറിലാണെന്നും ജോമോൻ പിടിയിലാകുമ്പോൾ പരിക്കുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. ഒപ്പം ഉണ്ടായിരുന്ന 2 പേരും പിടിയിലായി.

ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് പുറകിൽ ചെന്ന് ഇടിച്ചതെന്നാണ് ജോമോൻ പറയുന്നത്. ഡ്രൈവിംഗ് സമയത്ത് ഉറങ്ങിപ്പോയിട്ടില്ലെന്നും കെഎസ്ആർടിസി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം നഷ്ടമായെന്നുമാണ് വിശദീകരണം. വളരെക്കാലമായി താൻ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും തന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്.

വടക്കഞ്ചേരി വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി വ്യക്തമാക്കി. ഹൈക്കോടതി നിർദേശത്തെ തുടർന്നു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാഹനങ്ങൾക്കു വേഗപ്പൂട്ടു കർശനമാക്കണമെന്നും കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടമായ സാഹചര്യം അതീവ ഗുരുതരമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

5-ാം തീയതി വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു. 9 പേരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11.30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.

Story Highlights: Action against converted tourist buses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here