Advertisement

‘ഞാൻ അംബാനിക്കും അദാനിക്കും എതിരല്ല’; ഗെലോട്ടിനെ പിന്തുണച്ച് തരൂർ

October 10, 2022
2 minutes Read

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷ സ്ഥാനാർത്ഥി ശശി തരൂർ. താൻ അംബാനിക്കും അദാനിക്കുമെതിരല്ലെന്ന് തരൂർ പ്രതികരിച്ചു. രാജ്യത്തെ ബിസിനസ്സ് മേഖല ഇപ്പോഴുള്ളതുപോലെ അമിതമായി നിയന്ത്രിക്കപ്പെടാത്തതിനെ അനുകൂലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

“യഥാർത്ഥ കോൺഗ്രസ് നിലപാടാണ് ഗെലോട്ട് പറഞ്ഞത്. എന്റെ സംസ്ഥാനത്ത് വന്ന് നിക്ഷേപം നടത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വരുമാനം വർദ്ധിപ്പിക്കാനും ആരെങ്കിലും തയ്യാറാണെങ്കിൽ തീർച്ചയായും അവരെ സ്വാഗതം ചെയ്യും. അദാനി തിരുവനന്തപുരത്ത് വിമാനത്താവളത്തിനായി ലേലം വിളിച്ചപ്പോൾ എന്റെ നിലപാട് അതായിരുന്നു. അദ്ദേഹത്തോട് സഹകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. എൻ്റെ മണ്ഡലത്തിൽ സംഭവിച്ചതും അതാണ്” – വൻകിട വ്യവസായികളെ സഹായിച്ചെന്നാരോപിച്ച് പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി നിരന്തരം ആരോപണം ഉന്നയിക്കുമ്പോൾ ഗെലോട്ട് നടത്തിയ പ്രസ്താവന ശരിയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“നോക്കൂ, 1991ലെ ഉദാരവൽക്കരണത്തെ വളരെയധികം സ്വാഗതം ചെയ്ത കോൺഗ്രസ് പാർട്ടിയിലെ ഒരാളാണ് ഞാൻ. നമ്മുടെ രാജ്യത്തെ ബിസിനസ്സ് ഇപ്പോഴുള്ളതുപോലെ അമിതമായി നിയന്ത്രിക്കപ്പെടാത്തതിനെ ഞാൻ വളരെയധികം അനുകൂലിക്കുന്നു. എന്നാൽ ഇതിലൂടെ ലഭിക്കുന്ന വരുമാനം പാർശ്വവത്കരിക്കപ്പെട്ടവർക്കും പുറംതള്ളപ്പെട്ടവർക്കും വിതരണം ചെയ്യാൻ സർക്കാരിന് ലഭ്യമാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അദാനിമാരോടോ, അംബാനിമാരോടോ അല്ലെങ്കിൽ എന്റെ രാജ്യത്തെ ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ തയ്യാറുള്ള മറ്റേതെങ്കിലും വ്യവസായികളോടോ എനിക്ക് എതിർപ്പില്ല. എന്റെ രാജ്യത്ത് നിക്ഷേപം നടത്തി ഇന്ത്യക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെ ഞാൻ അനുകൂലിക്കും.” – തരൂർ പറയുന്നു.

നരേന്ദ്ര മോദിയുമായുള്ള അദാനിയുടെ അടുപ്പം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി നിരന്തരം കടുത്ത വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെയാണ് ഗെലോട്ട് നടത്തിയ നീക്കം ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. രാജസ്ഥാനില്‍ ഏഴു വര്‍ഷത്തിനകം 65,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും നേരിട്ടും അല്ലാതെയും 40,000 പേര്‍ക്ക് ജോലി നല്‍കുമെന്നും രാജസ്ഥാന്‍ നിക്ഷേപക ഉച്ചകോടിയില്‍ അദാനി പ്രഖ്യാപിച്ചു. ക്രിക്കറ്റ് സ്റ്റേഡിയവും മെഡിക്കല്‍ കോളജും വാഗ്ദാനം ചെയ്തു. രാജസ്ഥാനില്‍ 35,000 കോടി രൂപയുടെ നിക്ഷേപം അദാനി ഗ്രൂപ് നടത്തിയിട്ടുണ്ടെന്നും ഗൗതം അദാനി പറഞ്ഞു. പിന്നാലെ ഗൗതം അദാനിയും ഗെലോട്ടും പരസ്പരം പുകഴ്ത്തി.

Story Highlights: ‘I am not against Ambani and Adani’; Tharoor supports Gehlot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top