ഇലന്തൂരിലെ നരബലി; പുതിയ വെളിപ്പെടുത്തലുമായി ഷാഫിയുടെ ഭാര്യ നഫീസ

ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പ്രതി ഷാഫിയുടെ ഭാര്യ നഫീസ രംഗത്ത്. ഭർത്താവ് ഉപയോഗിച്ചത് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടും ഫോണുമാണെന്നാണ് ഷാഫിയുടെ ഭാര്യ നഫീസ പറയുന്നത്. ഷാഫി ദൈവവിശ്വാസിയല്ല. ലോട്ടറി വിൽക്കുന്ന കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ഹോട്ടലിൽ സ്ഥിരമായി വരാറുണ്ടായിരുന്നു. പത്മയെ കാണാതായി എന്ന് പറയുന്ന ദിവസവും ഇവർ ഹോട്ടലിൽ വന്നിരുന്നു. ( Human Sacrifice; Shafi’s wife Nafeesa with a new revelation ).
ഷാഫി സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നയാളാണ്. കൊലപാതകം നടന്ന വിവരം തനിക്ക് അറിയില്ല. ഭർത്താവ് നരബലി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ഭർത്താവിനെ ന്യായീകരിക്കാൻ താനില്ല. ഷാഫിക്ക് വലിയ സാമ്പത്തിക പിൻബലമുണ്ടെന്ന് പറയുന്നത് തെറ്റാണ്. ബാങ്ക് അക്കൗണ്ട് പോലും സ്വന്തമായി ഇല്ലാത്തയാളാണ് ഷാഫി. ഭഗവൽ സിങ്ങിനെ അറിയില്ലെന്നും തന്റെ ഫോണിൽ നിന്നാണ് ഷാഫി ഇവരെയെല്ലാം വിളിച്ചിരുന്നതെന്നും ഭാര്യ നഫീസ പറയുന്നു.
ഇലന്തൂരിലെ നരബലി കേസന്വേഷണത്തിൽ പൊലീസിനെ അഭിനന്ദിച്ച് സിപിഐഎം സെക്രട്ടേറിയറ്റ്. പൊലീസ് ഇടപെടല്‍ ശ്ലാഘനീയമാണ്. കേസന്വേഷണത്തില്‍ പൊലീസ് വലിയ ജാഗ്രതയാണ് കാട്ടിയത്. സമൂഹത്തെ ബാധിച്ച രോഗാവസ്ഥയെ തുറന്നുകാട്ടാൻ പൊലീസിന് കഴിഞ്ഞു. ഇത്തരം സംഭവങ്ങളെ നിയമംകൊണ്ടു മാത്രം പ്രതിരോധിക്കാനാവില്ല. നിയമത്തിലെ പഴുതുകളടച്ച് ഇടപെടുമ്പോള്‍ തന്നെ ബോധവല്‍ക്കരണവും അനിവാര്യമാണ്.
ഇലന്തൂരിലെ നരബലി കേസിൽ റിമാൻഡ് റിപ്പോർട്ട് 24ന് ലഭിച്ചു. സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകുന്നതിന് ദേവീ പ്രീതിക്കായി നടത്തിയ മനുഷ്യക്കുരുതി എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഇരകളുടെ മുതലുകൾ കണ്ടെടുക്കണമെന്നും കൂടുതൽ ഇരകൾ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നരബലിയെ കൂടാതെ ഇവർക്ക് മറ്റേതെങ്കിലും ഉദ്ദേശമുണ്ടോയെന്ന് അന്വേഷിക്കണം. പ്രതികൾ തുടർന്നും കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Read Also: ഇലന്തൂരിലെ നരബലി; മൂന്ന് പ്രതികളും റിമാൻഡിൽ, ലൈല വനിതാ ജയിലിലേക്ക്
മൂന്ന് പ്രതികളെയും ഈമാസം 26 വരെയാണ് റിമാൻഡ് ചെയ്തത്. ഷാഫിയെയും ഭഗവൽ സിങ്ങിനെയും ജില്ലാ ജയിലിലാണ് പാർപ്പിക്കുന്നത്. മൂന്നാം പ്രതി ലൈലയെ വനിതാ ജയിലിലേക്ക് കൊണ്ടുപോകും. ഇലന്തൂരിലെ നരബലിക്ക് പിന്നാലെ ഷാഫി കൂടുതൽ സ്ത്രീകളെ തിരുവല്ലയിൽ എത്തിക്കാൻ ശ്രമിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. 5 ദിവസം മുൻപ് എറണാകുളത്ത് ഉള്ള ലോട്ടറി വിൽക്കുന്ന മറ്റൊരു സ്ത്രീയെയും തിരുവല്ലയിൽ എത്തിക്കാൻ ശ്രമിച്ചു. 24 മണിക്കൂറിനുള്ളിൽ തിരിച്ചു വരാമെന്നാണ് ഷാഫി പറഞ്ഞത്. തിരുവല്ലയിൽ ദിവ്യശക്തിയുള്ള ദമ്പതികൾ ഉണ്ടെന്നും അവിടെ പോയാൽ സാമ്പത്തിക പ്രശ്നം മാറുമെന്നുമായിരുന്നു ഷാഫിയുടെ പ്രലോഭനം.
ആഭിചാര ക്രിയകളെ കുറിച്ചും, മൃഗബലിയെ കുറിച്ചും ഷാഫി പറഞ്ഞതോടെ സംശയം ഉണ്ടായതു കൊണ്ടാണ് പോകാതിരുന്നതെന്നും സ്ത്രീകൾ പൊലീസിനോട് വെളിപ്പെടുത്തി. പത്മയും റോസ്ലിയും ധരിച്ച സ്വർണ്ണവും ഷാഫി കൈക്കലാക്കിയിരുന്നു. ഇങ്ങനെ ജീവിച്ചിട്ട് എന്താണ് കാര്യം തിരുവല്ലയ്ക്ക് വരുന്നോ, പണവും സമ്പാദ്യവും ഉണ്ടാകുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം.
ഇലന്തൂരിലെ നരബലിയിൽ പ്രതികൾക്കായി ഹാജരാക്കുമെന്ന് അഡ്വക്കേറ്റ് ആളൂർ അറിയിച്ചതിന് പിന്നാലെ കോടതിക്കുള്ളിൽ ആളൂരും പൊലീസുമായി തർക്കമുണ്ടായി. പ്രതികളെ കാണാൻ അനുവദിക്കണമെന്നായിരുന്നു ആളൂരിന്റെ ആവശ്യം. മജിസ്‌ട്രേറ്റിന്റെ അനുമതി വേണമെന്ന് എ സി പി ജയകുമാർ വ്യക്തമാക്കിയതോടെയാണ് സംഭവം തർക്കത്തിലേക്കെത്തിയത്. പ്രതികളെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ അപേക്ഷ തയാറാക്കുകയാണ്. ഭീഷണി വേണ്ടെന്ന് അഭിഭാഷകനോട് എ സി പിയും, എ സി പിക്കെതിരെ നടപടി വേണമെന്ന് അഭിഭാഷകനും ആവശ്യപ്പെട്ടു.
ഭഗവൽ സിംഗ്, ലൈല, ഷാഫി എന്നീ മൂന്ന് പ്രതികൾക്കുവേണ്ടിയും താൻ ഹാജരാകുമെന്നാണ് ആളൂർ അറിയിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ആളൂരും എത്തിയത്. പ്രതികൾ ശരീരഭാഗങ്ങൾ പാകം ചെയ്ത് ഭക്ഷിച്ചുവെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. നരബലിയുടെ ലക്ഷ്യം പൂർത്തിയാക്കാൻ ഇരകളുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കണമെന്ന് ഷാഫി ഭഗവൽ സിംഗിനേയും ഭാര്യ ലൈലയേയും ബോധ്യപ്പെടുത്തി. ലൈല നേരിട്ടാണ് ശരീരഭാഗങ്ങൾ പാകം ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഏറ്റവും ക്രൂരമായി കൊലപാതകത്തിൽ പങ്കെടുത്തത് ലൈലയാണ്. ഇന്നലെ തെളിവെടുപ്പിനായി ലൈലയെ ഇലന്തൂരിലെ വീട്ടിലെത്തിച്ചപ്പോഴാണ് കൊലപാതകത്തെ കുറിച്ച് പ്രതി പൊലീസിനോട് വിശദീകരിച്ചത്. വീടിന് സമീപത്തുള്ള കല്ലിൽ വച്ച് കൈകൾ അറുത്ത് മാറ്റിയതും മറ്റും ലൈല വിശദീകരിച്ചു.
Story Highlights: Human Sacrifice; Shafi’s wife Nafeesa with a new revelation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here