ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്ക് ഇൻ്ററിൻ്റെ പൂട്ട്; വീണ്ടും യൂറോപ്പ ലീഗ്?

ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്ക് വീണ്ടും തിരിച്ചടി. സ്വന്തം തട്ടകമായ കാമ്പ് നൂവിൽ ഇറ്റാലിയൻ ക്ലബ് ഇൻ്റർ മിലാനെതിരെ ബാഴ്സലോണ സമനില വഴങ്ങി. ഇരു ടീമുകളും 3 ഗോൾ വീതം അടിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജർമൻ ക്ലബ് ബയേൺ മ്യൂണിക്ക് ചെക്ക് ക്ലബ് വിക്ടോറിയ പ്ലസനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി. ഇതോടെ, ഗ്രൂപ്പ് സിയിൽ ബയേൺ അവസാന 16 ഉറപ്പിച്ചു. 4 മത്സരങ്ങളിൽ നിന്ന് 4 പോയിൻ്റ് മാത്രമുള്ള ബാഴ്സ വീണ്ടും യൂറോപ്പ ലീഗ് കളിക്കേണ്ടിവരുമെന്ന നാണക്കേടിലാണ്.
കളിയുടെ സമസ്ത മേഖലകളിലും മുന്നിട്ടുനിന്ന ബാഴ്സയ്ക്ക് പ്രതിരോധത്തിലാണ് അടിപതറിയത്. മുതിർന്ന താരം പീക്കെ അടക്കം പ്രതിരോധ നിര നിരാശപ്പെടുത്തി. പരിശീലകൻ സാവിയുടെ തന്ത്രങ്ങൾക്കെതിരെയും വിമർശനങ്ങളുയരുന്നുണ്ട്. നിക്കോള ബരെല്ല, ലൗടാരോ മാർട്ടിനെസ്, റോബിൻ ഗോസൻസ് എന്നിവർ ഇൻ്ററിനായി വലകുലുക്കിയപ്പോൾ റോബർട്ട് ലെവൻഡോവ്സ്കി, ഉസ്‌മാൻ ഡെംബലെ എന്നിവർ ബാഴ്സയ്ക്കായി വല ചലിപ്പിച്ചു. ലെവൻഡോവ്സ്കി ഇരട്ട ഗോളുകൾ നേടി.
40ആം മിനിട്ടിൽ ഡെബ്മലെയിലൂടെ മുന്നിലെത്തിയ ബാഴ്സയ്ക്കെതിരെ 50ആം മിനിട്ടിൽ നിക്കോള ബരെല്ലയിലൂടെ ഇൻ്റർ സമനില പിടിച്ചു. പീക്കെയുടെ പ്രതിരോധപ്പിഴവ് ഈ ഗോളിലുണ്ടായിരുന്നു. 63ആം മിനിട്ടിൽ ലൗട്ടാരോ മാർട്ടിനസിലൂടെ ഇൻ്റർ ലീഡെടുത്തു. 82ആം മിനിട്ടിൽ ലെവൻഡോവ്സ്കി ബാഴ്സയെ ഒപ്പമെത്തിച്ചു. എന്നാൽ, 89ആം മിനിട്ടിൽ റോബിൻ ഗോസൻസ് വീണ്ടും ഇൻ്ററിനു ലീഡ് സമ്മാനിച്ചു. ബാഴ്സ തോൽവി ഉറപ്പിച്ചിരിക്കെ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ലെവൻഡോവ്സ്കി രക്ഷക്കെത്തി.
ഗ്രൂപ്പിൽ ഇനി ബാഴ്സയ്ക്ക് ബയേൺ, വിക്ടോറിയ പ്ലാസൻ എന്നിവർക്കെതിരെ ഓരോ മത്സരങ്ങൾ വീതമാണ് അവശേഷിക്കുന്നത്. ഇൻ്ററിനും ഇതേ ടീമുകൾക്കെതിരെ മത്സരങ്ങളുണ്ട്. 4 മത്സരങ്ങളിൽ നിന്ന് 7 പോയിൻ്റുള്ള ഇൻ്റർ ഗ്രൂപ്പിൽ രണ്ടാമതാണ്. ഒരു അത്ഭുതം നടന്നാൽ മാത്രമേ ബാഴ്സലോണ അവസാന 16ൽ എത്തൂ.
Story Highlights: inter milan barcelona europa league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here