ആറ്റിങ്ങൽ ഇരട്ട കൊലപാതകം; ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നൽകണമെന്ന പ്രതിയുടെ ഹർജി ഇന്ന് സുപ്രിം കോടതിയിൽ

ആറ്റിങ്ങൾ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തി സമർപ്പിച്ച ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നൽകണമെന്നാവശ്യപ്പെട്ടാണ് അനുശാന്തി വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. ശിക്ഷ റദ്ദാക്കണമെന്ന അനുശാന്തിയുടെ അപേക്ഷ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിൽ വിധി വരും വരെ ശിക്ഷാ വിധി മരവിപ്പിക്കണമെന്നാണ് ആവശ്യം. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ സുപ്രിം കോടതി അനുശാന്തിക്ക് പരോൾ അനുവദിച്ചിരുന്നു.
സ്വന്തം കുഞ്ഞിനെയും, അമ്മായി അമ്മയേയും കൊലപ്പെടുത്തിയ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതിയാണ് അനുശാന്തി. നേത്രരോഗത്തിന് ചികിത്സ തേടാനായിരുന്നു ഇവർക്ക് സുപ്രിം കോടതി രണ്ട് മാസത്തെ പരോൾ അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു അനുശാന്തിയുടെ പരോൾ. ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ അനുശാന്തി നിലവിൽ ജയിലിൽ തുടരുകയാണ്. കാഴ്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയാണ് അനുശാന്തിക്ക്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും ചികിത്സ കിട്ടിയില്ലെങ്കിൽ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടമാകുമെന്നും അനുശാന്തിയുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു.
2014 ഏപ്രിലിലാണ് കുപ്രസിദ്ധമായ ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം നടക്കുന്നത്. നാല് വയസുള്ള സ്വന്തം കുഞ്ഞ് സ്വാസ്തികയെയും ഭർത്താവിന്റെ അമ്മ ഓമനയേയും കാമുകനുമായി ചേർന്ന് അനുശാന്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
Story Highlights: attingal double murder culprit supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here