എവിൻ ജയിലിൽ തീപിടുത്തം: ഇറാന്റെ കുപ്രസിദ്ധമായ തടങ്കൽ കേന്ദ്രത്തിലുണ്ടായത് അട്ടിമറി?

രാഷ്ട്രീയ തടവുകാരെയും സർക്കാർ വിരുദ്ധ പ്രവർത്തകരെയും പാർപ്പിക്കുന്നതിൽ കുപ്രസിദ്ധമാണ് ടെഹ്‌റാനിലെ എവിൻ ജയിൽ. ഇവിടെ ശനിയാഴ്ച രാത്രിയുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. 61 തടവുകാർക്ക് പരുക്കേറ്റതായും ഇറാനിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലുടനീളം ആഴ്ചകൾ നീണ്ട സർക്കാർ വിരുദ്ധ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ തീപിടിത്തത്തിൽ ദുരൂഹതകൾ മറഞ്ഞിരിക്കുന്നോ?
മഹ്‌സ അമിനി എന്ന 22 കാരി പെൺകുട്ടി പൊലീസ് കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്ന് കഴിഞ്ഞ അഞ്ചാഴ്ചയായി രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തുകയാണ്. ഹിജാബ് ശരിയായി ധരിച്ചില്ല എന്നാരോപിച്ച് സദാചാരത്തിന്റെ പേരിൽ പൊലീസ് അമിനിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് കസ്റ്റഡിയിൽ മരിക്കുകയും ചെയ്തു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന അധികൃത വിശദീകരണത്തിൽ അതൃപ്തരായ ജനത തെരുവിലിറങ്ങി, തുടർന്നാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
പ്രതിഷേധത്തിൽ പങ്കെടുത്ത നൂറുകണക്കിന് ആളുകളെ എവിൻ ജയിലിലേക്ക് അയച്ചു. ഇറാനിയൻ തലസ്ഥാനത്തിന്റെ വടക്കേ അറ്റത്തുള്ള താഴ്‌വരയിലാണ് ജയിലിൽ സ്ഥിതിചെയ്യുന്നത്. മഹ്‌സ അമിനിയുടെ നീതിക്കായി കൂടുതൽ ആളുകൾ തെരുവിൽ അണിനിരന്നതോടെ ഈ തടങ്കൽ കേന്ദ്രം പ്രധിഷേധകരാൽ നിറഞ്ഞു. ജയിലിലെ തീപിടുത്തത്തിന് ഈ പ്രക്ഷോഭങ്ങളുമായി ബന്ധമുണ്ടോ എന്ന് ഇതുവരെ അറിവായിട്ടില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
എവിൻ ജയിലിലെ സംഭവങ്ങൾക്ക് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുമായി ബന്ധമില്ലെന്ന് സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീപിടിത്തത്തിന് പിന്നിൽ മറ്റ് ചില കരണങ്ങളാണെന്ന് ജയിൽ അധികൃതരും വ്യക്തമാക്കി. “ചെറുകുറ്റവാളികളെ പാർപ്പിച്ച ജയിലിന്റെ ഒരു ഭാഗത്ത് കലാപം ഉണ്ടായി. തുടർന്നുള്ള സംഘർഷവും, അക്രമവും തീപിടിത്തത്തിൽ കലാശിച്ചു” – ജയിലിനുള്ളിൽ നിന്ന് സംസാരിച്ച ടെഹ്‌റാൻ ഗവർണർ സ്‌റ്റേറ്റ് ടിവിയോട് പറഞ്ഞു.
എന്നാൽ ഈ അപകടത്തിൽ ഒരു അട്ടിമറി മണക്കുന്നുണ്ട് മഹ്‌സ അമിനി പ്രതിഷേധക്കർ. ഇതിനെ പിന്തുണച്ച് ചില മാധ്യമ പ്രവർത്തകരും രംഗത്തുവന്നിട്ടുണ്ട്.ജയിലിൽ തീപ്പിടുത്തമുണ്ടാകുന്നതിന് തൊട്ടുമുമ്പ് ഇവിടെ തടവിൽ കഴിഞ്ഞിരുന്ന ഉന്നത രാഷ്ട്രീയ നേതാവിനെ വിട്ടയച്ചിരുന്നു. അതിനാൽ അധികൃതർ മനപ്പൂര്വ്വം തീയിട്ടതാണ് എന്ന ആരോപണം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇറാൻ മുൻ പ്രസിഡന്റ് അക്ബർ ഹാഷെമി റഫ്സഞ്ജനിയുടെ മകൻ മെഹ്ദി ഹാഷെമി റഫ്സഞ്ജനിക്കാണ് താൽക്കാലിക മോചനം നൽകിയത്. ബിബിസി റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉന്നയിക്കുന്നത്.
Story Highlights: Evin prison fire: Several dead after fire at Iran’s notorious detention centre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here