ഫിഞ്ചിൻ്റെ ഫിഫ്റ്റി പാഴായി; തകർപ്പൻ ഡെത്ത് ബൗളിംഗിൽ ഇന്ത്യക്ക് ആവേശ ജയം

ഓസ്ട്രേലിയക്കെതിരായ സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ആവേശജയം. ആറ് റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 187 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 180 റൺസിന് ഓൾ ഔട്ടായി. 79 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. മിച്ചൽ മാർഷും (35) ഓസീസിനായി തിളങ്ങി. ഇന്ത്യക്കായി അവസാന ഓവർ മാത്രം എറിഞ്ഞ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. 18 ഓവർ വരെ ജയമുറപ്പിച്ചിരുന്ന ഓസ്ട്രേലിയ അവസാന രണ്ട് ഓവറുകളിലാണ് അവിശ്വസനീയമായി തകർന്നത്. (India won Australia t20)
Read Also: സൂര്യയ്ക്കും രാഹുലിനും ഫിഫ്റ്റി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ
മെല്ലെ തുടങ്ങിയ ഓസ്ട്രേലിയ ഹാർദിക് പാണ്ഡ്യ എറിഞ്ഞ മൂന്നാമത്തെ ഓവറിൽ 18 റൺസ് അടിച്ചുകൂട്ടിയാണ് ട്രാക്കിലെത്തുന്നത്. ഫിഞ്ചിനെ ഒരുവശത്ത് നിർത്തി അടിച്ചുതകർത്ത മിച്ചൽ മാർഷിനെ (35) ഭുവനേശ്വർ കുമാറാണ് പുറത്താക്കിയത്. മൂന്നാം നമ്പറിലെത്തിയ സ്റ്റീവ് സ്മിത്ത് (11) വേഗം മടങ്ങിയെങ്കിലും അപ്പോഴേക്കും ഫിഞ്ച് ഫോം കണ്ടെത്തിയിരുന്നു. തുടർ ബൗണ്ടറികളുമായി കളം പിടിച്ച ക്യാപ്റ്റൻ സ്മിത്തുമൊത്ത് രണ്ടാം വിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്തു. സ്മിത്തിനെ ചഹാൽ മടക്കിയെങ്കിലും ഫിഞ്ചിനൊപ്പം ചേർന്ന ഗ്ലെൻ മാക്സ്വൽ (23) മൂന്നാം വിക്കറ്റിൽ 48 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഇതിനിടെ 40 പന്തുകളിൽ ഫിഞ്ച് ഫിഫ്റ്റിയിലെത്തി. മാക്സ്വലിനെയും ഭുവി മടക്കി. മാർക്കസ് സ്റ്റോയിനിസ് (7) അർഷ്ദീപിനു മുന്നിൽ വീണു. കളിയുടെ ഗതിയ്ക്ക് വിപരീതമായി 19ആം ഓവറിലെ ആദ്യ പന്തിൽ ഫിഞ്ച് മടങ്ങി. ഹർഷൽ പട്ടേലിനായിരുന്നു വിക്കറ്റ്. തൊട്ടടുത്ത പന്തിൽ ടിം ഡേവിഡ് (5) റണ്ണൗട്ട്. ഇതോടെ കളി ആവേശകരമായി. മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറിൽ 11 റൺസായിരുന്നു വിജയലക്ഷ്യം. ആദ്യ രണ്ട് പന്തിൽ രണ്ട് ഡബിളുകൾ വീതം വഴങ്ങിയെങ്കിലും മൂന്നാം പന്തിൽ പാറ്റ് കമ്മിൻസിനെ (7) പുറത്താക്കാൻ ഷമിക്ക് സാധിച്ചു. കോലിയുടെ ഒരു അവിശ്വസനീയ ക്യാച്ചിലാണ് കമ്മിൻസ് മടങ്ങിയത്. നാലാം പന്തിൽ ആഷ്ടൺ ആഗർ (0) റണ്ണൗട്ടായി. അഞ്ചാം പന്തിൽ ജോഷ് ഇംഗ്ലിസ് ക്ലീൻ ബൗൾഡ്. അവസാന ഓവറിൽ കെയിൻ റിച്ചാർഡ്സണും (0) ബൗൾഡ്.
Read Also: സന്നാഹമത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 186 റൺസ് നേടിയത്. 57 റൺസെടുത്ത കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവും (50) ഇന്ത്യക്കായി തിളങ്ങി. ഓസ്ട്രേലിയക്ക് വേണ്ടി കെയിൻ റിച്ചാർഡ്സൺ 4 വിക്കറ്റ് വീഴ്ത്തി.
Story Highlights: India won Australia t20 world cup warm up game
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here